ലക്ഷോപലക്ഷം വര്‍ഷം മുന്‍പ് ഭൂമി ഭരിച്ചു നടന്ന ഭീകരജീവികള്‍ പുനര്‍ജനിച്ചാല്‍ എന്താണ് സംഭവിക്കുക. കടലിലും കരയിലും നീലാകാശത്തുമൊക്കെ നെഞ്ചുവിരിച്ച് പാഞ്ഞുനടന്ന ആ ദിനോസറുകള്‍ ഉയിര്‍ത്തെണീറ്റാല്‍ നാം ആരും സുരക്ഷിതരല്ല. ആ ഭയമാണ് 1993 ല്‍ ജുറാസിക് പാര്‍ക്ക് എന്ന അമേരിക്കന്‍ സിനിമയിലൂടെ നാം ആസ്വദിച്ചത്. ജുറാസിക് പാര്‍ക്കിനുശേഷം പുറത്തുവന്ന ജുറാസിക് വേള്‍ഡ് സിനിമകളെ ഒരു ദുഃസ്വപ്‌നം പോലെ കണ്ടിരിക്കാന്‍ നമ്മെ പ്രേരിപ്പിച്ചതും ആ ഭയമാണ്. ജീവശാസ്ത്ര സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തിന്റെ കടിഞ്ഞാണ്‍ വീണ്ടുവിചാരമില്ലാത്തവരുടെ കയ്യിലെത്തിയാല്‍ എന്തു സംഭവിക്കുമെന്ന ആശങ്ക നമുക്ക് പകര്‍ന്നു തന്നതും ആ ഭയം തന്നെ.
സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ജുറാസിക് ചിത്രം ഓര്‍ക്കുക. ശതകോടീശ്വരന്‍ ജോണ്‍ ഹാമോഡിന്റെ ഒറ്റപ്പെട്ട ദ്വീപിലേക്ക് വിനോദയാത്ര നടത്തുന്ന അലന്‍ ഗ്രാന്റ്, എല്ലി സാട്‌ലര്‍, ഇയാന്‍ മാല്‍കം തുടങ്ങിയ ശാസ്ത്രജ്ഞരുടെ കഥ. വംശനാശം വന്ന ദിനോസറുകളുടെ ഫോസിലുകളില്‍നിന്ന് ഡിഎന്‍എ തേടിയെടുത്ത് ക്ലോണ്‍ ചെയ്ത് അവയെ പുനര്‍ജീവിപ്പിച്ചിരിക്കയാണ് ജുറാസിക് പാര്‍ക്കില്‍. പക്ഷേ വൈദ്യുതി തകരാറില്‍ സകല സുരക്ഷാവേലികളും തകര്‍ന്ന് തരിപ്പണമാകുമ്പോള്‍ ദിനോസറുകള്‍ വിനാശ താണ്ഡവം നടത്തുകയാണ്. ഭസ്മാസുരന് വരം നല്‍കിയ അവസ്ഥ.
ജുറാസിക് വേള്‍ഡിന്റെ കഥ ഇപ്പോള്‍ ഓര്‍ക്കാന്‍ ഒരു കാരണമുണ്ട്-റോമുലസ്, റിമൂസ്, ഖലീസി എന്നിവരുടെ ജനനം. മൂന്നും ചെന്നായ്‌ക്കുട്ടികള്‍. വെറും ചെന്നായ്‌ക്കളല്ല, ഡയര്‍ ചെന്നായ്‌ക്കള്‍. അതായത് പതിനായിരത്തിനപ്പുറം വര്‍ഷം മുന്‍പ് വംശനാശം സംഭവിച്ച ഡയര്‍ ചെന്നായ്‌ക്കളുടെ അനന്തരാവകാശികള്‍. മൂന്നുപേരും ജനിച്ചത് കൊളോസല്‍ ബയോ സയന്‍സസ് എന്ന ബയോടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പിന്റെ പരീക്ഷണശാലയില്‍… അവ വെറുതെ ജനിക്കുകയായിരുന്നില്ല. ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെ ജനിപ്പിക്കുകയായിരുന്നു.
തെക്കെ അമേരിക്കയുടെയും വടക്കെ അമേരിക്കയുടെയും സാവന്നകളിലും കൊടുംകാടുകളിലും ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി അലസാഗമനം നടത്തിയ ഡയര്‍ ചെന്നായ്‌ക്കള്‍. അവയുടെ ജീനുകളെ ഏറെ പണിപ്പെട്ടാണ് കൊളോസല്‍ ബയോസന്‍സസിന്റെ ഗവേഷകര്‍ കണ്ടെത്തിയത്. ഏതാണ്ട് 13000 വര്‍ഷം പഴക്കമുള്ള ഡെയര്‍ ചെന്നായുടെ പല്ലില്‍നിന്നും 72000 വര്‍ഷം പഴക്കം വരുന്ന തലയോട്ടിയില്‍നിന്നും അവര്‍ ജിനോമുകള്‍ കണ്ടെത്തി ശുദ്ധീകരിച്ചു. വേര്‍തിരിച്ചെടുത്തു. വിശകലനം ചെയ്തു.
ഇപ്പോള്‍ ജീവിച്ചിരിക്കുന്ന നരച്ച ചെന്നായ്‌ക്ക(ഗ്രേ വുള്‍ഫ്)ളുടെ ജീനുകളുമായി ഡയര്‍ ചെന്നായ്‌ക്കളുടെ ജീനുകള്‍ക്ക് അസാധാരണ സാദൃശ്യമാണ് ഉണ്ടായിരുന്നത്. പക്ഷേ നരച്ചവയുടേതിനെക്കാള്‍ ദൃഢമായ മാംസപേശികളും ഉറച്ച ശരീരവും വലിയ താടിയെല്ലുകളും വമ്പന്‍ പല്ലുകളും ഡയര്‍ ചെന്നായ്‌ക്കളുടെ പ്രത്യേകതകളായിരുന്നു. ഏതാണ്ട് 150 പൗണ്ട് ഭാരം വരെ വലിച്ചു കൊണ്ടുപോകുന്നതിനുള്ള ശേഷിയും. എങ്കിലും ചാരനിറമുള്ള ചെന്നായ്‌ക്കളുടെ ജീനുകളുമായി ഫോസിലില്‍ നിന്നു കിട്ടിയ ജീനോമുകളെ ശാസ്ത്രജ്ഞര്‍ താരതമ്യപ്പെടുത്തി. അത്ഭുതകരമായിരുന്നു കണ്ടെത്തല്‍. 14 ജീനുകളിലായി 20 വ്യത്യാസങ്ങള്‍. ശാസ്ത്രജ്ഞര്‍ ‘ക്രിസ്പര്‍’ സാങ്കേതികവിദ്യ ഉപയോഗിച്ച് ചാര ചെന്നായ്‌ക്കളുടെ ജീനുകളില്‍ എഡിറ്റിങ് നടത്തി, അവയെ ഡയര്‍ ചെന്നായ്‌ക്കളുടെ ജീന്‍ക്രമത്തിന് തുല്യമാക്കി ആ ജീനുകളെ ഇണക്കി വളര്‍ത്തിയ ഒരു പട്ടിയുടെ എഗ് സെല്ലില്‍ (അണ്ഡം)സന്നിവേശിപ്പിച്ചു. ആ അണ്ഡം എംബ്രിയോ അഥവാ ഭ്രൂണം ആയി രൂപാന്തരപ്പെട്ടതോടെ അവരതിനെ ചെന്നായുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു.
അങ്ങനെ 2024 ഒക്‌ടോബറില്‍ റോമുലസും റിമൂസും ജന്മമെടുത്തു. ഖലീസി 2025 ജനുവരിയിലും. എല്ലാവരും ജനിച്ചത് സിസേറിയനിലൂടെ. വടക്കന്‍ അമേരിക്കയിലെ ഒരു അജ്ഞാത കേന്ദ്രത്തില്‍ സുഖവാസത്തിലാണ് മൂന്നുപേരും. പതിനായിരത്താണ്ട് മുന്‍പ് വിടപറഞ്ഞ ഒരു വര്‍ഗം കാലവുമായി എങ്ങനെ സമരസപ്പെടുമെന്ന ആശങ്കയുമായി ശാസ്ത്രജ്ഞന്മാരുമുണ്ട് ഒപ്പം.
ഡയര്‍ ചെന്നായ്‌ക്കളുടെ ഈ മടങ്ങി വരവ് ശാസ്ത്രലോകത്ത് വലിയൊരു ചര്‍ച്ചയ്‌ക്കു വഴിവച്ചിരിക്കുകയാണ്. ജീന്‍ എഡിറ്റിങ്ങിലൂടെ ജനിച്ച ചെന്നായ്‌ക്കുഞ്ഞുങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഡെയര്‍ ചെന്നായ്‌ക്കളല്ലെന്നും അവ പരമ്പരാഗതമായി നിലവിലുള്ളവയുടെ ക്ലോണുകള്‍ മാത്രമാണെന്നും ഒരു വിഭാഗം ശാസ്ത്രജ്ഞന്മാര്‍ ഘോരമായി വാദിക്കുന്നുണ്ട്. മറ്റൊരു വിഭാഗം അതിനെ അനുകൂലിക്കുകയും ചെയ്യുന്നുണ്ട്. കൊളോസല്‍ ബയോ സയന്‍സ് കമ്പനി ഇതുകൊണ്ടൊന്നും ഇളകില്ല. മുന്നോട്ടുവച്ച കാല്‍ പിന്നോട്‌വയ്‌ക്കുകയുമില്ല. നശിച്ചുപോയ ചരിത്രാതീത ജീവികളെ പുനഃസൃഷ്ടിക്കുന്നത് ഒരു പുണ്യകര്‍മ്മമാണെന്നും അതില്‍ തങ്ങള്‍ പിന്നോട്ടില്ലെന്നും കമ്പനി ആണയിട്ട് പറയുന്നു. വംശനാശം വന്ന ടാസ്മാനിയന്‍ കടുവയെയും വൂളി മാമോത്തുകളെയും ലോകത്തിലേക്ക് മടക്കിക്കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച ഈ കമ്പനി വൂളി മാമോത്തിന്റെ തുടക്കക്കാരനായ ‘വൂളി എലി’കളെ 2025 ജനുവരിയില്‍ തങ്ങളുടെ പരീക്ഷണശാലയില്‍ ജനിപ്പിച്ചെടുത്തു. അപകടകരമാംവിധം വംശനാശത്തെ അഭിമുഖീകരിക്കുന്ന ചുവന്ന ചെന്നായ്‌ക്കളുടെ രണ്ട് കുഞ്ഞുങ്ങളെയും അവര്‍ ക്ലോണിങ്ങിലൂടെ ലാബോറട്ടറിയില്‍ ജനിപ്പിച്ചെടുത്തു.
പക്ഷേ ഒരു കാര്യത്തില്‍ ആര്‍ക്കും പിടിപാടില്ല. കൊളോസല്‍ ബയോസയന്‍സ് പോലെയുള്ള കമ്പനികള്‍ നടത്തിവരുന്ന ഇത്തരം ‘സദ്’പ്രവര്‍ത്തികള്‍ ഭൂഗോളത്തിന്റെ ജൈവഘടനയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പില്ല. അത്തരം പ്രവര്‍ത്തികള്‍ പുത്തന്‍ ജുറാസിക് വേള്‍ഡുകളും ജുറാസിക് പാര്‍ക്കുകളും രൂപപ്പെടുത്താന്‍ ഇടയാവുമോയെന്നും ഉറപ്പില്ല.
്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: