തിരുവനന്തപുരം: കേരളത്തെ സര്‍വനാശത്തിലേക്ക് നയിച്ച പിണറായി സര്‍ക്കാര്‍ ഭരണത്തിനെതിരെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി എന്‍ഡിഎ. ‘കേരളം വീണ ഒരു പതിറ്റാണ്ട്’ എന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് 26ന് സെക്രട്ടേറിയറ്റിന് മുമ്പില്‍ സംസ്ഥാനതല പ്രതിഷേധ ധര്‍ണയും, പഞ്ചായത്തുകളില്‍ ശക്തിപ്രകടനങ്ങളും, പ്രതിഷേധ തീജ്വാലയും സംഘടിപ്പിക്കുമെന്ന് ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. 26ന് രാവിലെ 11 മണിക്ക് നടക്കുന്ന പ്രതിഷേധ ധര്‍ണയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള എന്‍ഡിഎ നേതാക്കള്‍ പങ്കെടുക്കും.
100 ദിവസമായി സമരം ചെയ്യുന്ന ആശാപ്രവര്‍ത്തകര്‍ക്ക് 100 രൂപ പോലും കൂട്ടിക്കൊടുക്കാന്‍ പണമില്ലാത്തവര്‍ 100 കോടി ധൂര്‍ത്തടിച്ച് സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിക്കുന്നു. 2016 ന് ശേഷം ഓഖിയും, പ്രളയവും, കൊറോണയും ഉള്‍പ്പെടെ നിരവധി ദുരന്തങ്ങള്‍ വന്നു. എല്ലാ ദുരന്തങ്ങളില്‍ നിന്നും കേരളം കരകയറി. പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിയ ആഘാതം പോലെ മറ്റൊന്നുമില്ല. 2016 ന് ശേഷം കേരളം നേരിട്ട മഹാദുരന്തമാണ് പിണറായി സര്‍ക്കാര്‍. ദുരന്തം ആരും ആഘോഷിക്കാറില്ല. ദുരന്തങ്ങളുടെ ഓര്‍മദിനത്തില്‍ ദുഃഖാചരണവും ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിജ്ഞയെടുക്കലുമാണ് ചെയ്യാറുള്ളത്. പിണറായി സര്‍ക്കാര്‍ എന്ന മഹാദുരന്തത്തെ ഒരു വര്‍ഷത്തിനുള്ളില്‍ കേരളം അതിജീവിക്കും എന്നാണ് എന്‍ഡിഎയുടെ വിശ്വാസം.
ആഘോഷങ്ങളുടെ സമാപനത്തില്‍ സിപിഎമ്മിന്റെ മുഖപത്രം എഡിറ്റോറിയല്‍ എഴുതി, ‘സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തികമായി ഞെരിക്കുകയാണ്. അതിനെ അതിജീവിച്ചാണ് മുന്നോട്ടുപോകുന്നത്’ എന്ന്. എന്നാല്‍ മറുഭാഗത്ത് സര്‍ക്കാരിന്റെ നേട്ടമായി പറയുന്നതെല്ലാം കേന്ദ്രപദ്ധതികള്‍ മാത്രമാണ്. ദേശീയപാതയും, ഗെയില്‍ പൈപ്പ് ലൈനും, കൊച്ചി -ബെംഗളൂരു വ്യവസായ ഇടനാഴിയും അടക്കം എല്ലാ പദ്ധതികളും നരേന്ദ്ര മോദി സര്‍ക്കാരിന്റേതാണ്.
ഒരു കാര്യത്തില്‍ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു, ‘ദേശീയപാത പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റേതാണ്’ എന്ന് 80-ാം വയസിലെങ്കിലും സത്യം തുറന്നു പറയാന്‍ മുഖ്യമന്ത്രി കാണിച്ച ആര്‍ജവം. ഈ പിറന്നാള്‍ ദിനത്തില്‍ സത്യം പറഞ്ഞ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു. ദേശീയപാത തങ്ങളുടെതാണെന്ന് മുഖ്യമന്ത്രിയും മരുമകനും റീല്‍സിലൂടെ എപ്പോഴും അവകാശപ്പെടുമായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നു അ മുതല്‍ ക്ഷ വരെ കേന്ദ്രത്തിന്റെതാണെന്ന്. മുഖ്യമന്ത്രിയുടെ ഈ സത്യസന്ധതക്ക് അഭിനന്ദനങ്ങള്‍. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബഡായി അല്ലാതെ ഒന്നും നടക്കാത്ത നാടായി കേരളം മാറിയിരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കേരളത്തില്‍ തന്നെയാകും അവസാനത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുമെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക