India

പാകിസ്ഥാനിലെ ഏകാധിപത്യ പട്ടാളഭരണത്തെ ഇത്ര കാലവും പിന്തുണച്ചതിന് യൂറോപ്പിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ജയശങ്കര്‍; കൊടുങ്കാറ്റായി ജയശങ്കര്‍ യൂറോപ്പില്‍

പാകിസ്ഥാനിലെ സൈനിക സര്‍ക്കാരുകളുടെ കാലാകാലങ്ങളില്‍ പിന്തുണച്ച യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടിയെ വിമര്‍ശിച്ച് കേന്ദ്രവിദേശകാര്യമന്ത്രി ജയശങ്കര്‍. അതിര്‍ത്തിക്കപ്പുറത്തേക്ക് ഭീകരവാദം കയറ്റി അയയ്ക്കുന്ന, ഏറ്റവും മോശപ്പെട്ട ജനാധിപത്യ നിലവാരം പുലര്‍ത്തിയ രാജ്യമായിരുന്നു പാകിസ്ഥാന്‍ എന്ന കാര്യം യൂറോപ്യന്‍ രാജ്യങ്ങള്‍ മറന്നുവെന്നും ജയശങ്കര്‍ വിമര്‍ശിച്ചു.

Published by

ബെര്‍ലിന്‍ : പാകിസ്ഥാനിലെ സൈനിക സര്‍ക്കാരുകളുടെ കാലാകാലങ്ങളില്‍ പിന്തുണച്ച യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടിയെ വിമര്‍ശിച്ച് കേന്ദ്രവിദേശകാര്യമന്ത്രി ജയശങ്കര്‍. അതിര്‍ത്തിക്കപ്പുറത്തേക്ക് ഭീകരവാദം കയറ്റി അയയ്‌ക്കുന്ന, ഏറ്റവും മോശപ്പെട്ട ജനാധിപത്യ നിലവാരം പുലര്‍ത്തിയ രാജ്യമായിരുന്നു പാകിസ്ഥാന്‍ എന്ന കാര്യം യൂറോപ്യന്‍ രാജ്യങ്ങള്‍ മറന്നുവെന്നും ജയശങ്കര്‍ വിമര്‍ശിച്ചു. യൂറോപ്യന്‍ രാജ്യങ്ങളുടെ വിദേശനയത്തിന്റെ വൈരുദ്ധ്യം തുറന്നുകാട്ടുകയായിരുന്നു ജര്‍മ്മനിയിലെ ബെര്‍ലിനില്‍ എത്തിയ ജയശങ്കര്‍.

1947 മുതല്‍ പാകിസ്ഥാന്‍ ജമ്മുകശ്മീരിന്റെ അതിര്‍ത്തി ലംഘിക്കുന്നു- ജയശങ്കര്‍

ശക്തമായ സന്ദേശമാണ് ജയശങ്കര്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കൈമാറിയത്. അതിര്‍ക്കപ്പുറത്തുനിന്നും തീവ്രവാദം കയറ്റുമതി ചെയ്യുന്ന പാകിസ്ഥാനുമായി ഇനിയും ബന്ധം തുര്‍ന്നാല്‍ ഇതുവരെയുള്ളതുപോലെയായിരിക്കില്ല ഇനിയും ഇന്ത്യയുടെ പ്രതികരണം എന്ന സന്ദേശമാണ് ജയശങ്കര്‍ നല്‍കാന്‍ ശ്രമിച്ചത്. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മുതലേ പാകിസ്ഥാന്‍ കശ്മീരിന്റെ അതിര്‍ത്തികളെ ലംഘിച്ച് ഇന്ത്യയിലേക്ക് കയറിയെന്നും ജയശങ്കര്‍ പറഞ്ഞു. പക്ഷെ കഴിഞ്ഞ എട്ട് ദശകമായി ജനാധിപത്യവാദികളായ യൂറോപ്പ് സൈനകി ഏകാധിപത്യ രാജ്യമായ പാകിസ്ഥാനൊപ്പം നിന്നു. പാകിസ്ഥാന്റെ സൈനിക ഭരണത്തെ യൂറോപ്പിനെപ്പോലെ പിന്തുണച്ച മറ്റാരും ഇല്ലെന്നും ജയശങ്കര്‍ വിമര്‍ശിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്തുണ ഉറപ്പിക്കാനും പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ അഭിപ്രായം രൂപീകരിക്കാനും ആറ് ദിവസത്തെ പര്യടനത്തിനെത്തിയ ജയശങ്കര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയ തരംഗം സൃഷ്ടിക്കുകയാണ്. നെതര്‍ലാന്‍റ്സ്, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലായാണ് ജയശങ്കര്‍ ആറ് ദിവസത്തെ പര്യടനം നടത്തുന്നത്. ഭീകരവാദത്തെ ചെറുക്കുന്നതിലെ സഹകരണം, ആഗോള സൂരക്ഷപ്രശ്നങ്ങള്‍, ചരക്ക് നീക്കത്തില്‍ സുസ്ഥിരത സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ ചര്‍ച്ചകളിലൂടെ ജയശങ്കര്‍ ഉറപ്പാക്കി. പാകിസ്ഥാന്റെ വാദമുഖങ്ങള്‍ക്ക് കയറിമേയാന്‍ പഴുതില്ലാത്ത വിധം ജയശങ്കര്‍ യൂറോപ്യന്‍ നേതാക്കള്‍ക്ക് മുന്‍പില്‍ ഇന്ത്യയുടെ യാഥാര്‍ത്ഥ്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ വിജയിച്ചു.

ഇനി തീവ്രവാദആക്രമണം ഉണ്ടായാല്‍ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കും- ജയശങ്കര്‍
ഇന്ത്യയുടെ പ്രധാനമന്ത്രി വ്യക്തമായി പാകിസ്ഥാന് നല്‍കിയ താക്കീതിനെക്കുറിച്ച് മൂന്ന്  യൂറോപ്യന്‍ രാജ്യങ്ങളിലെയും  നേതാക്കളോടും ജയശങ്കര്‍ ആവര്‍ത്തിച്ച് പറഞ്ഞു. “അതായത് ഇന്ത്യയ്‌ക്ക് നേരെ ഭാവിയില്‍ തീവ്രവാദ ആക്രമണം ഉണ്ടായാല്‍ ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കും എന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. അതില്‍ സംശയമില്ല.”- ജയശങ്കര്‍ ആവര്‍ത്തിച്ചു.

റഷ്യയോട് ഇന്ത്യ ബന്ധം പുലര്‍ത്തുന്നതിനെ ചോദ്യം ചെയ്തപ്പോള്‍ ജയശങ്കര്‍ നല്‍കിയ മറുപടി ഇതാണ്
ഉക്രൈന്‍ യുദ്ധത്തിനിടയിലും റഷ്യയോട് ഇന്ത്യ ബന്ധം നിലനിര്‍ത്തുന്നതിനെ നെതര്‍ലാന്‍റ്സിലെ പത്രങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ ജയശങ്കറിന് കൃത്യമായ ന്യായീകരണം ഉണ്ടായിരുന്നു. “റഷ്യയില്‍ നിന്നും യൂറോപ്പും ഗ്യാസും എണ്ണയും വാങ്ങുന്നില്ലേ?”- ജയശങ്കറിന്റെ ഈ മറുചോദ്യത്തില്‍ പലരുടെയും നാവടങ്ങി. “ഉക്രൈനിന്റെ പരമാധികാരത്തില്‍ റഷ്യ അതിക്രമിച്ചു കയറി എന്നതാണല്ലോ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രശ്നമായി ഉയര്‍ത്തുന്നത്. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്ത് എത്രയോ കാലമായി അതിര്‍ത്തി ലംഘിച്ച് കടന്നുകയറുകയാണ് ചൈനയും പാകിസ്ഥാനും. ഇതേക്കുറിച്ച് ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ടോ?”- ജയശങ്കര്‍ ഈ ചോദ്യം കൂടി ഉയര്‍ത്തിയതോടെ നെതര്‍ലാന്‍റ്സിലെ സംശയാലുക്കള്‍ക്ക് മതിയായി.

യൂറോപ്പില്‍ നിന്നും ഓപ്പറേഷന്‍ സിന്ദൂറിന് പിന്തുണ നേടി ജയശങ്കര്‍

യൂറോപ്യന്‍ രാജ്യങ്ങളില്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അനുഭവിക്കാത്ത തരത്തിലുള്ള വെല്ലുവിളികളാണ് ഇന്ത്യ നേരിടുന്നതെന്നും അതിലൊന്ന് അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീകരവാദമാണെന്നും അതിനോട് ഇന്ത്യയ്‌ക്ക് വിട്ടുവീഴ്ചയില്ലെന്നും ജയശങ്കര്‍ പറഞ്ഞു. ജര്‍മ്മനിയിലെ പര്യടനത്തിനിടയിലായിരുന്നു ജയശങ്കറിന്റെ ഈ അഭിപ്രായപ്രകടനം. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ഇന്ത്യ പകരം വീട്ടുകയായിരുന്നുവെന്നും അതാണ് ഓപ്പറേഷന്‍ സിന്ദൂറെന്നും യൂറോപ്യന്‍ നേതാക്കളെ ബോധ്യപ്പെടുത്താന്‍ കേന്ദ്രമന്ത്രി ജയശങ്കറിന് സാധിച്ചു. ജര്‍മ്മനിയും ഡെന്മാര്‍ക്കും നെതര്‍ലാന്‍റ്സും പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെ ഈ യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്തുണയ്‌ക്കുകയും ചെയ്തു. ഇതായിരുന്നു ജയശങ്കറിന്റെ യാത്രയുടെ ലക്ഷ്യം.

യുദ്ധം ചെയ്യാന്‍ ഇന്ത്യയ്‌ക്ക് യൂറോപ്പിന്റെ സഹായം വേണ്ട- ജയശങ്കര്‍

“യുദ്ധത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വിഷമിക്കേണ്ടെന്നും ഇന്ത്യയുടെ കാര്യം ഇന്ത്യ നോക്കിക്കൊള്ളുമെന്നും ജയശങ്കര്‍ യൂറോപ്യന്‍ നേതാക്കളോട് തുറന്നടിച്ചു. യൂറോപ്പിന്റെ ദയയ്‌ക്ക് വേണ്ടി കേഴുന്ന ഒരു ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യയെന്ന യാഥാര്‍ത്ഥ്യമായിരുന്നു ഇതിലൂടെ അദ്ദേഹം അവതരിപ്പിച്ചത്. . ഭാരതത്തിന് നേരെയുള്ള ഭീകരവാദത്തെ ചെറുക്കാന്‍ ഭാരതത്തിന് കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു ജയശങ്കര്‍..”ഞങ്ങള്‍ക്ക് കരുത്തുറ്റ അയല്‍ക്കാരാണ് ഉള്ളത്- പാകിസ്ഥാനും ചൈനയും. പാകിസ്ഥാനില്‍ നിന്നും തുടര്‍ച്ചയായി തീവ്രവാദത്തെ ഞങ്ങള്‍ നേരിടുകയാണ്. വൃത്തികെട്ട ഒരു യാഥാര്‍ത്ഥ്യം ഇന്ത്യ നേരിടേണ്ടിവരികയാണ്. അക്കാര്യത്തില്‍ യൂറോപ്പ് ഏറെക്കുറെ സുരക്ഷിതരാണ്”. – ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യയുടെ മുന്‍ഗണന സാമ്പത്തിക അഭിവൃദ്ധിയല്ല, ദേശീയ സുരക്ഷയാണ്- ജയശങ്കര്‍

അതിര്‍ത്തിരാജ്യങ്ങളുമായി സമാധാനത്തില്‍ എത്തണമെന്നും അതുവഴി ആ പ്രദേശത്തെ മുഴുവന്‍ സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ കഴിയില്ലേ എന്നുമുള്ള യൂറോപ്യന്‍ പ്രതിനിധികളുടെ ചോദ്യത്തെ കേന്ദ്രമന്ത്രി ജയശങ്കര്‍ തള്ളിക്കളഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ് ഒരിയ്‌ക്കലും അനുഭവിക്കാത്ത തരത്തിലുള്ള അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദവും അതിര്‍ത്തിയിലെ കയ്യേറ്റവും ആണ് ഇന്ത്യ ഇപ്പോള്‍ അനുഭവിക്കുന്നത്. ഇത് ഇന്ത്യയുടെ ദേശീയമുന്‍ഗണനകള്‍ മാറ്റിയിരിക്കുന്നു. സാമ്പത്തിക അഭിവൃദ്ധിയേക്കാള്‍ ദേശീയ സുരക്ഷയായിരിക്കുന്നു ഇന്ത്യയുടെ ദേശീയ മുന്‍ഗണനയെന്നും ഇന്ത്യയുടെ സുരക്ഷാവെല്ലുവിളികള്‍ യൂറോപ്പിന്‍റേതില്‍ നിന്നും വ്യത്യസ്തമാണെന്നും ജയശങ്കര്‍ തിരിച്ചടിച്ചു.

തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം പാകിസ്ഥാന്‍, പാകിസ്ഥാന് പഹല്‍ഗാമില്‍ പങ്കില്ലെന്ന നാട്യം ഒഴിവാക്കാം- ജയശങ്കര്‍

ലോകത്തിലെ തന്നെ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമാണ് പാകിസ്ഥാന്‍ എന്ന കാര്യം നെതര്‍ലാന്‍റ്സില്‍ ജയശങ്കര്‍ ഓര്‍മ്മിപ്പിച്ചു കാരണം കശ്മീരിലും അഫ്ഗാനിസ്ഥാനിലും എല്ലാം തീവ്രവാദം എത്തുന്നത് പാകിസ്ഥാനില്‍ നിന്നാണ്. ഇസ്ലാമബാദ് പറയുന്നത് അവരുടെ രാജ്യത്തിനുള്ളില്‍ ഏതെങ്കിലും തീവ്രവാദകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി അറിവില്ലെന്ന നെതര്‍ലാന്‍റ്സിലെ ഡെ വോക്സ് ക്രാന്‍റ് എന്ന പത്രത്തിന് കണിശമായ മറുപടി നല്‍കാന്‍ ജയശങ്കര്‍ മറന്നില്ല. “പാകിസ്ഥാന്റെ എയര്‍ മാര്‍ഷല്‍ അസിം മുനീറിന്റെ മതതീവ്രവാദ കാഴ്ചപ്പാടില്‍ നിന്നാണ് പഹല്‍ ഗാം ആക്രമണമുണ്ടായത്. പഹല്‍ഗാമിലെ ആക്രമണത്തില്‍ മതത്തിന്റെ നിറമുണ്ടായിരുന്നു. പാകിസ്ഥാനിലെ തീവ്രവാദകേന്ദ്രങ്ങളുടെ അഡ്രസ് ഇന്ത്യയുടെ പക്കല്‍ ഉണ്ട്. ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന തീവ്രവാദശൃംഖലകള്‍ എല്ലാം പ്രവര്‍ത്തിക്കുന്നതും പരിശീലനം നടത്തുന്നതും പാകിസ്ഥാനിലാണ്. പാകിസ്ഥാന്റെ പ്രധാന മിലിറ്ററി സ്കൂളിന്റെ മൂക്കിന് താഴെയുള്ള അബോട്ടാബാദിലാണ് ഒസാമ ബിന്‍ ലാദന്‍ ഒളിച്ചിരുന്നതെന്ന കാര്യം മറക്കരുത്. “- രാജ്യത്തിനകത്ത് തീവ്രവാദസംഘടനകള്‍ പ്രവര‍്ത്തിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്ന പാകിസ്ഥാന്റെ പ്രസ്താവനയ്‌ക്ക് ശക്തമായ മറുപടിയാണ് ജയശങ്കര്‍ നല്‍കിയത്.

തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം പാകിസ്ഥാനാണെന്ന് 2022 ഡിസംബറില്‍ താങ്കള്‍ നിര്‍ദേശിച്ചിരുന്നല്ലോ എന്ന ഡച്ച് പത്രത്തിന്റെ ചോദ്യത്തിന് താന്‍ നിര്‍ദേശിക്കുകയല്ല, ശക്തമായി വിളിച്ചുപറയുകയായിരുന്നുവെന്നായിരുന്നു ജയശങ്കര്‍ മറുപടി പറഞ്ഞത്.

ഇസ്ലാമിക തീവ്രവാദത്തിലേക്ക് യൂറോപ്പ് കണ്ണുതുറക്കുന്നത് ഇപ്പോള്‍….ഇന്ത്യ എട്ട് ദശകമായി സഹിക്കുന്നു- ജയശങ്കര്‍

യൂറോപ്പ് ഇപ്പോള്‍ മാത്രമാണ് ഇസ്ലാമിക തീവ്രവാദമെന്ന അപകടത്തിലേക്ക് കണ്ണ് തുറക്കുന്നതെങ്കില്‍ ഇന്ത്യ കഴിഞ്ഞ എട്ട് ദശകത്തോളമായി പാകിസ്ഥാനില്‍ നിന്നും ഇത് അനുഭവിക്കുകയാണെന്നും ജയശങ്കര്‍ നെതര്‍ലാന്‍റ്സില്‍ ഒരു റേഡിയോയ്‌ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. 1990കളുടെ തുടക്കത്തില്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ പാശ്ചാത്യരാജ്യങ്ങള്‍ക്ക് ദേശീയ സുരക്ഷയെക്കുറിച്ച് ആശങ്ക ഇല്ലാതായി. അതോടെ വിദേശ, ആഭന്തര നയങ്ങളില്‍ ദേശീയ സുരക്ഷ്യ്‌ക്ക് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് തീരുമാനമെടുക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സാധിച്ചു. പക്ഷെ അതല്ല ഇന്ത്യയുടെ സ്ഥിതി. പക്ഷെ അതല്ല ഇന്ത്യയുടെ സ്ഥിതി. ഇന്ത്യയ്‌ക്ക് ദേശീയ സുരക്ഷയ്‌ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കിയേ മതിയാവൂ. കാരണം ഇന്ത്യയുടെ അതിര്‍ത്തിയില്‍ കരുത്തരായ അയല്‍ക്കാരാണ് ഇരിക്കുന്നത്-പാകിസ്ഥാനും ചൈനയും. ക്രൂരമായ സത്യങ്ങള്‍ ഇന്ത്യ എട്ട് ദശങ്ങളായി സഹിച്ചു. യൂറോപ്പും ഇപ്പോള്‍ ഇസ്ലാമികഭീകരവാദം എന്ന  ക്രൂരമായ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വൈകാതെ ഉണരാന്‍ പോവുകയാണെന്നും ജയശങ്കര്‍ ഓര്‍മ്മപ്പെടുത്തി. ഇസ്ലാമിക തീവ്രവാദം വൈകാതെ യൂറോപ്പിനെ ബാധിക്കുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ ജയശങ്കര്‍ നല്‍കിയത്.

ജര്‍മ്മനിയില്‍ ചാന്‍സലര്‍ ഫ്രെഡറിക് മെഴ്സിനെയും മറ്റ് സീനിയര്‍ ഉദ്യോഗസ്ഥരേയും കണ്ടു. ഡെന്‍മാര്‍ക് പ്രധാനമന്ത്രി ഫ്രെഡറിക്സനുമായും ജയശങ്കര്‍ ചര്‍ച്ചകള്‍ നടത്തി. ഹേഗില്‍ നെതര്‍ലാന്‍റ്സ് പ്രധാനമന്ത്രി ഡിക് സ്കൂഫുമായി ജയശങ്കര്‍ ചര്‍ച്ച നടത്തിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക