തിരുവനന്തപുരം: നഗരത്തില്‍ ശക്തമായ മഴ. രാത്രി 7.30 ഓടെയാണ് മഴ തുടങ്ങിയത്. മഴ ഒരു മണിക്കൂറോളം നീണ്ടു നിന്നു. കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി . വെള്ളക്കെട്ട് കൂടെയായതോടെ പലയിടത്തും ഗതാഗതം തടസപ്പെട്ടു.
രാത്രി 8 മണി മുതല്‍ 11 വരെ തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. തമ്പാനൂര്‍ , മാനവീയം എന്നിവിടങ്ങളില്‍ വെളളക്കെട്ട് രൂപപ്പെട്ടു. വെള്ളയമ്പലം ആല്‍ത്തറയില്‍ റോഡിന് കുറുകെ മരച്ചില്ല ഒടിഞ്ഞുവീണു.രാജ് ഭവന് സമീപം മരം ഒടിഞ്ഞു വീണും ഗതാഗതം തടസപ്പെട്ടു. കാട്ടാക്കട, മാറനല്ലൂര്‍,മൂങ്ങോട് എന്നിവിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. മൂങ്കോട് അഗ്‌നിരക്ഷ സേന എത്തി മരം മുറിച്ചു നീക്കി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് സമീപം മരം കടപുഴകി റോഡിലേക്ക് വീണതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.
ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൂവാര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍-ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) തീരങ്ങളില്‍ നാളെ രാവിലെ 8.30 വരെ 1.3 മുതല്‍ 1.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത. കടലാക്രമണം ഉണ്ടാകുമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: