ന്യൂഡൽഹി: സിന്ധു നദീജല കരാർ റദ്ദാക്കിയ വിഷയത്തിൽ ഇന്ത്യക്കെതിരെ പാകിസ്താൻ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി ഭീഷണി മുഴക്കിയതായി റിപ്പോർട്ട്. പാകിസ്താനിലെ ഒരു സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു അഹമ്മദ് ഷെരീഫ് ചൗധരിയുടെ പ്രസ്താവന എന്നാണ് റിപ്പോർട്ട്. ‘നിങ്ങൾ ഞങ്ങളുടെ വെള്ളം തടഞ്ഞാൽ, ഞങ്ങൾ നിങ്ങളുടെ ശ്വാസം മുട്ടിക്കും’ എന്നായിരുന്നു സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ അഹമ്മദ് ഷെരീഫ് ചൗധരിയുടെ പ്രതികരണം.
ലഷ്‌കർ-ഇ-തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദ് ഉപയോഗിച്ച ശത്രുതാപരമായ പ്രസ്താവനയുടെ ആവർത്തനമാണ് ഇതെന്ന ആരോപണവും ഉയരുന്നുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഹാഫിസ് സെയ്ദ് ഇതേ വാക്കുകൾ പറഞ്ഞതായി ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള പോസ്റ്റ് ‘എക്സിൽ പ്രചരിക്കുന്നുണ്ട്.പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ പാകിസ്താനുമായുള്ള സിന്ധു നദീജല ഉടമ്പടിയുടെ കരാർ റദ്ദാക്കിയത്. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960ലാണ് ഈ ഉടമ്പടിയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. സിന്ധു നദിയിലെയും അതിന്റെ പോഷകനദികളിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കരാറിൽ പ്രതിപാദിച്ചിരിക്കുന്നത്.
നേരത്തെ കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് “രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല; ചർച്ചയും ഭീകരതയും ഒരുമിച്ച് പോകില്ല” എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക