ന്യൂദൽഹി : പാകിസ്ഥാന് വേണ്ടി ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയ്‌ക്ക് പാകിസ്ഥാൻ എംബസിയിൽ നിയമിതനായിരുന്ന ഡാനിഷുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേ ഡാനിഷിനെക്കുറിച്ച് ഒരു വലിയ വെളിപ്പെടുത്തൽ ഇൻ്റലിജൻസ് ഏജൻസി നടത്തിയിട്ടുണ്ട്. ഡാനിഷ് എന്ന എഹ്സാൻ-ഉർ-റഹ്മാൻ ഒരു ഐഎസ്‌ഐ ഏജന്റായിരുന്നു. ഏജൻസിക്ക് ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഡാനിഷ് ഇസ്ലാമാബാദിലെ ഐഎസ്ഐയിൽ പോസ്റ്റുചെയ്തിരുന്നു. ഡാനിഷിന്റെ പാസ്‌പോർട്ട് ഇസ്ലാമാബാദിൽ നിന്നാണ് നൽകിയതെന്നും റിപ്പോർട്ടിലുണ്ട്.
2022 ജനുവരി 21-നാണ് ഡാനിഷിന് ഇന്ത്യയിലേക്കുള്ള വിസ അനുവദിച്ചത്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ ദൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ ഏജന്റുമാരെ അവരുടെ പോസ്റ്റുകൾ മാറ്റി വിന്യസിക്കുന്നുണ്ട്. ഇതിലൂടെ ഐഎസ്‌ഐ ഏജന്റുമാർ വിസ ലഭിക്കാൻ വരുന്ന ആളുകളുമായും സോഷ്യൽ മീഡിയ സ്വാധീനിക്കുന്നവരുമായും സൗഹൃദം സ്ഥാപിച്ചും, ബ്ലാക്ക് മെയിൽ ചെയ്തും, ഹണി ട്രാപ്പിൽ കുടുക്കിയും, പണം തട്ടിച്ചും ഇന്ത്യയ്‌ക്കെതിരെ ചാരപ്പണി ചെയ്യാൻ നിർബന്ധിക്കുന്നതാണ് പതിവ്.
ഇതിനു മുമ്പുതന്നെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ ഐഎസ്‌ഐ ഏജന്റുമാരെ വിന്യസിച്ചിരുന്നു. ഇന്ത്യ ഇതിനെ ശക്തമായി എതിർത്തുവരികയായിരുന്നു. ചാരവൃത്തി ആരോപിച്ച് പിടിക്കപ്പെട്ട ജ്യോതി മൽഹോത്ര പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് കുറ്റസമ്മതത്തിൽ പറഞ്ഞിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ 2023 ൽ പാകിസ്ഥാനിലേക്ക് പോകാനുള്ള വിസ ലഭിക്കാൻ ദൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ പോയിരുന്നതായി ജ്യോതി മൽഹോത്ര പറഞ്ഞു. അവിടെ വെച്ചാണ് ഡാനിഷ് എന്ന അഹ്സാൻ-ഉർ-റഹീമിനെ കണ്ടുമുട്ടിയത്. ഡാനിഷിന്റെ മൊബൈൽ നമ്പർ കിട്ടിയതോടെ ജ്യോതി അയാളോട് സംസാരിക്കാൻ തുടങ്ങിയത്.
ഡാനിഷിന്റെ അഭ്യർത്ഥനപ്രകാരം താൻ രണ്ടുതവണ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്ന് ജ്യോതി പറഞ്ഞിരുന്നു. ഡാനിഷിന്റെ നിർബന്ധപ്രകാരമാണ് ജ്യോതി പാകിസ്ഥാനിൽ വെച്ച് അലി ഹസനെ കണ്ടത്, അയാൾ യുവതിക്ക് അവിടെ താമസത്തിനും യാത്രയ്‌ക്കും വേണ്ട ക്രമീകരണങ്ങൾ ചെയ്തുകൊടുത്തു. പാകിസ്ഥാനിൽ, പാക് സുരക്ഷാ, ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി ജ്യോതിയുടെ കൂടിക്കാഴ്ച സംഘടിപ്പിച്ചതും അലി ഹസനായിരുന്നു. അവിടെ വെച്ചാണ് യുവതി ഷാക്കിറിനെയും റാണ ഷഹബാസിനെയും കണ്ടുമുട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: