കോലഞ്ചേരി: അമ്മ പുഴയിൽ എറിഞ്ഞ് കൊന്ന മൂന്നര വയസുകാരി നേരിട്ടത് ക്രൂരപീഡനം. കുട്ടി കൊല്ലപ്പെട്ട ദിവസവും ക്രൂരമായി പീഡിപ്പിച്ചുവെന്ന് അച്ഛന്റെ സഹോദരൻ സമ്മതിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. പ്രതി ലൈംഗിക വൈകൃതങ്ങൾക്ക് അടിമയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കുട്ടിയുടെ അമ്മയും അച്ഛനുമായി നിരന്തരം പ്രശ്നങ്ങളായതിനാൽ കുട്ടി പ്രതിയോടാണ് ഏറ്റവും അടുപ്പം കാണിച്ചിരുന്നത്. ഇതാണ് പ്രതി മുതലെടുത്തത്. പ്രതിയുടെ ഫോണിൽ നിന്ന് അശ്ലീല വീഡിയോകളുടെ ശേഖരം കണ്ടെത്തിയെന്നും പോലീസ് പറയുന്നു. സ്റ്റേഷനിൽ വെച്ചുതന്നെ ഫോൺ തുറന്നുനോക്കിയപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.
ചോദ്യം ചെയ്യലിൽ ആദ്യം ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് തെളിവുകൾ നിരത്തിയതോടെ അബദ്ധം പറ്റിയെന്ന് സമ്മതിക്കുകയായിരുന്നു. പീഡന വിവരം കുട്ടി അമ്മയോട് പറഞ്ഞിരുന്നതായും പോലീസിന് സംശയമുണ്ട്. കുട്ടിയുടെ അമ്മയെ വിശദമായി ചോദ്യം ചെയ്യും. ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ സോണി മത്തായിക്കാണ് കേസന്വോഷണത്തിന്റെ ചുമതല.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നിർണായക വഴിത്തിരിവ് ഉണ്ടായത്. കുട്ടി ക്രൂര പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ അച്ഛൻ, മറ്റ് ബന്ധുക്കൾ, അങ്കണവാടി ജീവനക്കാർ, ഓട്ടോ ഡ്രൈവർ, ബസ് കണ്ടക്ടർമാർ തുടങ്ങിയവരുടെ മൊഴികൾ ആദ്യം രേഖപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: