ന്യൂദല്‍ഹി: സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിലും വഖഫ് ബോര്‍ഡുകളിലും അമുസ്ലിംകള്‍ക്ക് ഭൂരിപക്ഷം ഉണ്ടാകുമെന്ന മുസ്ലീംപക്ഷത്തിന്റെ വാദത്തെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഖണ്ഡിച്ചു. വഖഫ് ബോഡികളുടെ ഘടനയെ ഹിന്ദുക്കള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍ എന്നിവരുടെ മതപരമായ എന്‍ഡോവ്മെന്റ് ബോര്‍ഡുകളുമായി താരതമ്യം ചെയ്യാനാവില്ല. ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ പ്രചാരണം നടക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ‘ഹിന്ദു മത എന്‍ഡോവ്മെന്റ് ബോര്‍ഡുകള്‍ മതവും ആചാരങ്ങളും കൈകാര്യം ചെയ്യുന്നതാണ്. അവയെ വഖഫ് ബോഡികളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. വഖഫ് സ്വത്തുക്കളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അവയുടെ ബോര്‍ഡുകള്‍ കൈകാര്യം ചെയ്യുന്നത്, അത് ഒരു മതേതര പ്രവര്‍ത്തനമാണ്. കൂടാതെ നിയമനിര്‍മ്മാണത്തിലൂടെ അത് നിയന്ത്രിക്കാന്‍ സംസ്ഥാനത്തിന് അധികാരവുമുണ്ട്.’ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
പുരാതന സ്മാരകങ്ങളെ വഖഫിന്റെ പരിധിയില്‍ നിന്ന് മാറ്റുന്നതിനെക്കുറിച്ച് ജെപിസി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സംരക്ഷിത, പുരാതന സ്മാരകങ്ങളില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന മതപരമായ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിട്ടില്ലെങ്കിലും, വഖഫുകളായി ഈ സ്മാരകങ്ങളെ കൈകാര്യം ചെയ്യുന്ന വഖഫ് ബോര്‍ഡുകള്‍ ഈ പുരാതന ഇടങ്ങളില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകപക്ഷീയമായി അനുമതി നല്‍കിയിട്ടുണ്ടെന്നും ഇത് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചില കേസുകളില്‍, പുരാതന സ്മാരകങ്ങളുടെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും നടത്തുന്നതില്‍ നിന്ന് വഖഫ് ബോര്‍ഡുകള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ വിലക്കിയിട്ടുണ്ടെന്ന് മേത്ത പറഞ്ഞു.
കൗണ്‍സിലും ബോര്‍ഡുകളും ഒരിക്കലും ന്യൂനപക്ഷ സ്വഭാവം നഷ്ടപ്പെടുത്തില്ലെന്ന് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് ന്യൂനപക്ഷ കാര്യ മന്ത്രാലയം നല്‍കിയ രേഖാമൂലമുള്ള ഉറപ്പും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും ഉള്‍പ്പെടെയുള്ള രേഖകള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിക്കു നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: