ന്യൂദല്‍ഹി: തുര്‍ക്കിയില്‍ പോയുള്ള വിവാഹം വേണ്ടെന്ന് ഇന്ത്യക്കാര്‍ തീരുമാനിച്ചതോടെ തുര്‍ക്കിക്ക് ഈ രംഗത്ത് 1197 കോടിയുടെ വരുമാനനഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. “സമ്പന്നരായ ഇന്ത്യക്കാരില്‍ പലരും തുര്‍ക്കിയെ നല്ലൊരു വിവാഹഡെസ്റ്റിനേഷനായി കാണുന്നവരാണ്. പക്ഷെ ഇപ്പോള്‍ അവര്‍ അവിടെപ്പോയി വിവാഹം ചെയ്യേണ്ടെന്ന് തീരുമാനിച്ചതോടെ 14 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് തുര്‍ക്കി ടൂറിസം മേഖലയ്‌ക്ക് ഉണ്ടാകുന്നത്.”- കെസ്റ്റോണ്‍ ഉത്സവ് എന്ന വെഡ്ഡിംഗ് പ്ലാനിംഗ് കമ്പനിയുടെ സീനിയര്‍ പ്രതിനിധി നിഖില്‍ മഹാജന്‍ പറയുന്നു.
തുര്‍ക്കിയില്‍ പോയി ഇന്ത്യക്കാര്‍ വിവാഹം ചെയ്യുമ്പോള്‍ ലോക്കലായ ഒട്ടേറെ ഇവന്‍റ് മാനേജ് മെന്‍റ് കമ്പനികളും അതുമായി സഹകരിക്കാറുണ്ട്. ഇവര്‍ക്ക് തൊഴില്‍ നഷ്ടവും ഉണ്ടാകും.
ഇസ്താംബൂളിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊട്ടാരം, ബോഡ്രം തീരത്തുള്ള ബുട്ടീക് ഹോട്ടലുകള്‍, അസുലഭമായ പ്രകൃതി ഭംഗി, ചരിത്രമുറങ്ങുന്ന ഇടങ്ങള്‍, വൈവിധ്യമാര്‍ന്ന സാംസ്കാരിക ഉറവിടങ്ങള്‍…ഇതെല്ലാം ചേരുമ്പോള്‍ തുര്‍ക്കിയില്‍ പോയി വിവാഹം കഴിക്കുക എന്നത് ഇന്ത്യയിലെ സമ്പന്ന വിഭാഗങ്ങള്‍ക്കിടയില്‍ ഒരു ഫാഷനാണ്. എന്നാല്‍ ഇങ്ങിനെ വിവാഹം കഴിക്കാന്‍ തുര്‍ക്കിക്ക് പോകാനിരുന്നവര്‍ എല്ലാം ടിക്കറ്റ് റദ്ദാക്കിയതായി പറയുന്നു. മാത്രമല്ല,പുതിയ ബുക്കിംഗുകള്‍ വരുന്നില്ല താനും.
2024ല്‍ ഇവിടെ ഇന്ത്യയില്‍ നിന്നുള്ളവരുടെ 50 വിവാഹങ്ങള്‍ നടന്നു. ഓരോ വിവാഹത്തിനുള്ള ഏകദേശം 30 ലക്ഷം ഡോളര്‍ ആണ് ചെലവിടുന്നത്. ചില വിവാഹങ്ങള്‍ക്ക് 80 ലക്ഷം ഡോളര്‍ വരെ ചെലവിട്ടിട്ടുണ്ട്. 500 അതിഥികള്‍ക്ക് മൂന്ന് രാത്രി തങ്ങാനുള്ള പാക്കേജാണ് വിവാഹ ഡെസ്റ്റിനേഷന്‍ പദ്ധതിയില്‍ തുര്‍ക്കിയിലെ ഹോട്ടലുകള്‍ നല്‍കുന്നത്. വിമാനത്താവളത്തില്‍ നിന്നുള്ള പിക്കപും ഡ്രോപും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാണ്. 2024ല്‍ മാത്രം 15 ബില്യണ്‍ ഡോളര്‍ ആണ് വിവാഹ ഇനത്തില്‍ മാത്രം തുര്‍ക്കിക്ക് ഇന്ത്യക്കാരില്‍ നിന്നും ലഭിച്ചത്. ഇത് നഷ്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: