തിരുവനന്തപുരം: പുതിയ സാങ്കേതിക വിദ്യകള്‍ക്കൊപ്പം വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ മാറാന്‍ തയാറാകാത്തതിനാല്‍ ശമ്പളപരിഷ്‌കരണ ആനുകൂല്യം വൈകുന്നതായി പരാതി. കടലാസ് രഹിത ബില്ലുകളിലേക്ക് മാറിയിട്ടും അരിയര്‍ നോട്ടിങ് മെയിന്‍ ബില്ലുകളുടെ ഹാര്‍ഡ് കോപ്പികളില്‍ തന്നെ രേഖപ്പെടുത്തണമെന്ന് ചില വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ശഠിക്കുന്നതാണ് ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്. സ്പാര്‍ക്ക് സോഫ്റ്റ് വെയര്‍ മുഖേന തയാറാക്കുന്ന ബില്ലുകളുടെ ഹാര്‍ഡ് കോപ്പി സൂക്ഷിക്കേണ്ടതില്ല എന്ന ട്രഷറി ഡയറക്ടറുടെ ഉത്തരവിനു വിരുദ്ധമായാണ് വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നടപടി. ഇതുമൂലം വിരമിച്ചവരുടേത് ഉള്‍പ്പെടെ എയ്ഡഡ് മേഖലയിലുള്ളവരുടെ ആനുകൂല്യങ്ങള്‍ വൈകുന്നു.
എയ്ഡഡ് ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം, കുടിശിക എന്നിവ ഉള്‍പ്പെടെ സ്പാര്‍ക്ക് സോഫ്ട്‌വെയര്‍ മുഖേന തയ്യാറാക്കുന്ന എല്ലാവിധ ബില്ലുകളും കടലാസ് രഹിതമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ബില്ലുകള്‍ ഇ- സബ്മിറ്റ് ചെയ്യുന്നതിനൊപ്പം അനുബന്ധ രേഖകള്‍ അപ്
ലോഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്.
നിലവില്‍ ട്രഷറി, ഫിനാന്‍സ് വകുപ്പുകളില്‍ നടപ്പിലാക്കിയ സംവിധാനം ജൂലൈ മുതല്‍ എല്ലാ വകുപ്പുകളിലും നിര്‍ബന്ധമാക്കും. ബില്ലുകള്‍ എഴുതി തയാറാക്കിയിരുന്ന കാലത്ത് അരിയര്‍ നോട്ടിങ് നടത്തി, പാസാക്കി നല്‍കേണ്ടത് വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരാണെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നിലവിലുണ്ട്.
എന്നാല്‍ 2020 മുതല്‍ ബില്ലുകളുടെ ഹാര്‍ഡ് കോപ്പി ട്രഷറിയില്‍ നല്‍കുന്നത് ഒഴിവാക്കിയിരുന്നു. ബില്ലുകളെല്ലാം ഓണ്‍ലൈന്‍ ആയെങ്കിലും കാലത്തിനൊത്ത് മാറാന്‍ ചില ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തയാറായിട്ടില്ല.
പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, കൊല്ലം ജില്ലകളിലെ ചില ഉപജില്ലാ ഓഫീസര്‍മാരാണ് കാലത്തിനൊത്ത് മാറാന്‍ തയാറാകാതെയും സര്‍ക്കാര്‍ ഉത്തരവ് അവഗണിച്ചും ജീവനക്കാരെയും പെന്‍ഷന്‍കാരെയും ബുദ്ധിമുട്ടിക്കുന്നത്. ഇതിനെതിരെ സര്‍വീസ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: