ന്യൂഡല്‍ഹി : ഒരിക്കല്‍ ഒരു ഭൂമി വഖഫ് ആയാല്‍ അത് എക്കാലത്തും വഖഫ് ആയിരിക്കുമെന്നതാണ് അടിസ്ഥാന തത്വമെന്ന് കേരളം. വഖഫ് ആയതിന് ശേഷം സ്വത്തുക്കളുടെ സ്വഭാവം മാറ്റാന്‍ വഖഫിനോ അവരുടെ അവകാശികള്‍ക്കോ കഴിയില്ലെന്നും കേരളം വ്യക്തമാക്കി. വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്ത് സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത കക്ഷിചേരല്‍ അപേക്ഷയിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ വഖഫ് ഭേദഗതി നിയമം കാരണം വഖഫ് സ്വത്തുക്കളുടെ സ്വഭാവം മാറ്റപ്പെടാമെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കക്ഷിചേരല്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തില്‍ നിരവധി മുസ്‌ലിങ്ങള്‍ ഉണ്ട്. അവര്‍ക്ക് സ്വന്തമായ വഖഫും വഖഫ് സ്വത്തുക്കളും ഉണ്ട്. പുതിയ വഖഫ് ഭേദഗതി നിയമം നടപ്പാക്കിയാല്‍ മൗലിക അവകാശം ലംഘിക്കപ്പെടുമോ എന്ന് കേരളത്തിലെ മുസ്‌ലിങ്ങള്‍ക്ക് ആശങ്കയുണ്ട്. ഈ ആശങ്ക യാഥാര്‍ഥ്യമാണെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത കക്ഷിചേരല്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയാണ് കക്ഷിചേരല്‍ അപേക്ഷ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്തത്. മുസ്ലിം ഇതര മതവിഭാഗത്തില്‍ പെട്ടവരെ വഖഫ് ബോര്‍ഡുകളിലെ അംഗമാക്കാനുള്ള വ്യവസ്ഥയെയും കേരളം കക്ഷിചേരല്‍ അപേക്ഷയില്‍ ചോദ്യംചെയ്യുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിനോ അതിന്റെ ഏജന്‍സികള്‍ക്കോ ഒരു വ്യക്തി, മുസ്‌ലിം മതാചാരപ്രകാരമാണോ ജീവിക്കുന്നതെന്ന് നിശ്ചയിക്കാനാകില്ലെന്നും കേരളം കക്ഷിചേരല്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുതിയ വഖഫ് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകള്‍ നിയമം രൂപവത്കരിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: