Environment

മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് പണികൊടുക്കാനുള്ള ‘സിംഗിള്‍ വാട്സാപ്പ്’ ജനം ഏറ്റെടുക്കുന്നു, ലഭിച്ചത് 7,921 പരാതികള്‍

Published by

തിരുവനന്തപുരം: മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി ആരംഭിച്ച സിംഗിള്‍ വാട്സാപ്പ് സംവിധാനത്തിലൂടെ ലഭിച്ച പരാതികളിന്‍മേല്‍ വിവിധ തദ്ദേശസ്ഥാപനങ്ങള്‍ 30.67 ലക്ഷം രൂപ പിഴചുമത്തി. 14,50,930 രൂപ ഇതിനകം ഈടാക്കി.
ഇത്തരം പരാതികള്‍ അറിയിക്കാനുള്ള ‘സിംഗിള്‍ വാട്സാപ്പ്’ സംവിധാനം നിലവില്‍ വന്നശേഷം സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ നിന്നായി 7,921 പരാതികളാണ് ഇതുവരെ ലഭിച്ചത്. അതില്‍ കുറ്റക്കാരെ തിരിച്ചറിയാനുള്ള വിവരങ്ങള്‍ ഉള്ള 4,772 പരാതികള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കുകയും 3,905 പരാതികള്‍ തീര്‍പ്പാക്കുകയും ചെയ്തു.
നിയമലംഘനം നടത്തിയവരില്‍ നിന്നും ഈടാക്കിയ പിഴയുടെ നിശ്ചിത ശതമാനം പരാതി സമര്‍പ്പിച്ചവര്‍ക്കുള്ള പാരിതോഷികമായും നല്‍കുന്നുണ്ട്. ഇതിനകം 37 പേര്‍ക്കുള്ള പാരിതോഷികമായി 21,750 രൂപ പ്രഖ്യാപിച്ചു. ഇതിനുപുറമേ നിയമലംഘനം നടത്തിയ 26 പേരുടെ മേല്‍ പ്രോസിക്യൂഷന്‍ നടപടികളും പുരോഗമിക്കുകയാണ്.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് സിംഗിള്‍ വാട്സപ്പ് സംവിധാനം കൊണ്ടുവന്നത്. 9446700800 എന്ന വാട്സ്ആപ്പ് നമ്പറാണ് ഇതിനായി ഉപയോഗിക്കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക