India

ഇന്ത്യന്‍ സൈന്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ യൂട്യുബറെയടക്കം 11 പേരെ കണ്ടെത്തിയ എഹ്സാന്‍ ഉര്‍ റഹിം അപകടകാരിയായ പാക് ഉദ്യോഗസ്ഥന്‍

പാകിസ്ഥാന് വേണ്ടി ഇന്ത്യയിലെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ വേണ്ടി പാക് ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥനായ എഹ്സാന്‍ ഉര്‍ റഹിം എന്ന ഡാനിഷ് ഇന്ത്യയില്‍ നിന്നും 11 പേരെയാണ് കണ്ടെത്തിയത്. അതില്‍ ഒരാള്‍ ജ്യോതി മല്‍ഹോത്ര എന്ന യൂട്യൂബറെയാണ്.

Published by

ഇസ്ലാമബാദ് : പാകിസ്ഥാന് വേണ്ടി ഇന്ത്യയിലെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ വേണ്ടി പാക് ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥനായ എഹ്സാന്‍ ഉര്‍ റഹിം എന്ന ഡാനിഷ് ഇന്ത്യയില്‍ നിന്നും 11 പേരെയാണ് കണ്ടെത്തിയത്. അതില്‍ ഒരാള്‍ ജ്യോതി മല്‍ഹോത്ര എന്ന യൂട്യൂബറെയാണ്.

ഇവരുടെ മാദകസൗന്ദര്യമാണ് ഇവരെ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കാനാകുമെന്ന തീരുമാനത്തിലേക്ക് എഹ്സാന്‍ ഉര്‍ റഹിമിനെ എത്തിച്ചത്. ന്യൂദല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈകമ്മീഷന്‍ ഓഫീസില്‍ വിസ പേപ്പറുകള്‍ ശരിയാക്കാന്‍ എത്തിയതായിരുന്നു ജ്യോതി മല്‍ഹോത്ര. 33 കാരിയുടെ സാധ്യത തിരിച്ചറിഞ്ഞ എഹ്സാന്‍ ഉര്‍ റഹിം ഉടനെ അവരുമായി അടുപ്പത്തിലായി. ആ അടുപ്പം വളര്‍ന്നു. എഹ്സാന്‍ ഉര്‍ റഹിം അവര്‍ക്ക് പണവും നല്‍കിപ്പോന്നു. വൈകാതെ അവരുടെ വിസ ശരിയാക്കിയ ശേഷം എഹ്സാന്‍ ഉര്‍ റഹിം അവരെ പാകിസ്ഥാനിലേക്ക് അയച്ചു.

അവിടെ അവരുടെ താമസവും യാത്രയും ഒരുക്കാന്‍ അലി അഹ് വാന്‍ എന്ന ആള്‍ എത്തിയിരുന്നു. എഹ് സാന്‍ ഉര്‍ റഹിമിന്റെ കൂട്ടുകാരനായിരുന്നു അലി അഹ് വാന്‍. തനിക്ക് വേണ്ടി അയാളാണ് പാകിസ്ഥാനില്‍ താമസവും യാത്രയും ഒരുക്കിയിരുന്നതെന്നും ജ്യോതി മല്‍ഹോത്ര പറയുന്നു. പാകിസ്ഥാനില്‍ വെച്ച് അലി അഹ് വാന്‍ പാകിസ്ഥാനിലെ രഹസ്യവിവരം ശേഖരിക്കുന്ന ഉദ്യോഗസ്ഥരുമായും സൈനികോദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയ കാര്യവും ജ്യോതി മല്‍ഹോത്ര സമ്മതിച്ചു.

പാകിസ്ഥാനില്‍ വെച്ച് സൈന്യവുമായും പാക് ഇന്‍റലിജന്‍സുമായി ബന്ധമുള്ള ഷക്കീര്‍, റാണ ഷാബാസ് എന്നിവരുമായി പരിചയത്തിലായി. ഷക്കീറിന്റെ നമ്പര്‍ ശേഖരിച്ചു. പക്ഷെ സംശയം തോന്നാതിരിക്കാന്‍ ജാഠ് രന്ധാവ എന്ന പേരിലാണ് നമ്പര്‍ സേവ് ചെയ്തത്. പിന്നീട് ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷം ഈ രണ്ടുപേരുമായും തുടര്‍ച്ചയായി ബന്ധപ്പെട്ട് കൊണ്ടിരുന്നു. . സ്നാപ് ചാറ്റ്, വാട്സ് ആപ്, ടെലഗ്രാം എന്നിവ ഉപയോഗിച്ചാണ് ഇന്ത്യന്‍ സേനയെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ കൈമാറിയത്.

എല്ലാറ്റിനും പിന്നില്‍ പ്രവര്‍ത്തിച്ചത് എഹ്സാന്‍ ഉര്‍ റഹിം എന്ന പാക് ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥനാണ്. മാത്രമല്ല, ജ്യോതി മല്‍ഹോത്രയും എഹ്സാന്‍ ഉര്‍ റഹിമും തമ്മിലുള്ള ബന്ധം ഒരു പ്രണയബന്ധം പോലെയായിരുന്നു. യുവാവായ എഹ്സാന്‍ ഉര്‍ റഹിം വിവാഹവാഗ്ദാനവും ജ്യോതി മല്‍ഹോത്രയ്‌ക്ക് നല്‍കിയിരുന്നതായി പറയുന്നു.

മറ്റ് പത്ത് പേരെക്കൂടി എഹ്സാന്‍ ഉര്‍ റഹിം പാകിസ്ഥാന്‍ ചാരന്മാരായി ഉപയോഗിച്ചു.

2. ഗുസാല -31കാരിയായ യുവതി
പഞ്ചാബില്‍ നിന്നും പിടികൂടിയ ഗുസാല എന്ന 31കാരിയും എഹ്സാന്‍ ഉര്‍ റഹമിന്റെ വലയില്‍ കുടുങ്ങിയ യുവതിയാണ്. മലെര്‍കോട് ലയില്‍ നിന്നാണ് പഞ്ചാബ് പൊലീസ് ഗുസാലയെ അറസ്റ്റ് ചെയ്തതത്. ഇവര്‍ക്ക് എഹ്സാന്‍ ഉര്‍ റഹിം ധാരാളമായി പണം അയച്ചുകൊടുത്തതിന് തെളിവുണ്ട്. ഇവര്‍ക്കും ഇയാള്‍ വിവാഹവാഗ്ദാനം നല്‍കിയിരുന്നതായി പറയുന്നു. ഇവരോട് വൈകാതെ വാട്സാപിന് പകരം ടെലിഗ്രാം ഉപയോഗിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഇവരുമായും പ്രണയാതുരമായ സന്ദേശങ്ങള്‍ കൈമാറിയിരുന്നതായി പൊലീസ് പറയുന്നു.

പിന്നീട് ഇയാള്‍ ഗുസാലയ്‌ക്ക് പണം അയയ്‌ക്കാന്‍ തുടങ്ങി. ആദ്യം 10,000 രൂപ അയച്ചു. ഫോണ്‍ പേ വഴിയായിരുന്നു പണം അയച്ചത്. ഗൂഗിള്‍ പേ വഴി മാര്‍ച്ച് 23ന് 20,000 രൂപ അയച്ചു.

3. യമീന്‍ മുഹമ്മദ്
പഞ്ചാബിലെ മെര്‍കോട് ലയില്‍ നിന്നും പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത യമീന്‍ മുഹമ്മദിനെയും എഹ്സാന്‍ ഉര്‍ റഹിം എന്ന പാകിസ്ഥാന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥന്‍ തന്നെയാണ് ചാരപ്രവര്‍ത്തനത്തിനായി വളര്‍ത്തിയെടുത്തത്. പാകിസ്ഥാന്‍ വിസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാനും പണം കൈമാറാനും ആണ് യമീന്‍ മുഹമ്മദിനെ ഉപയോഗിച്ചിരുന്നത്.

4.ഹരിയാനയിലെ നൂഹില്‍ നിന്നുള്ള അര്‍മാന്‍

ഹരിയാനയിലെ നൂഹില്‍ നിന്നുള്ള അര്‍മാന്‍ എന്ന വിദ്യാര്‍ത്ഥിയെ ഉപയോഗിച്ചിരുന്നത് ഇന്ത്യന്‍ സിം കാര്‍ഡ് എടുത്തുകൊടുക്കാനാണ്. അതുപോലെ പണം കൈമാറാനും ഉപയോഗിച്ചിരുന്നു. ഇതും എഹ്സാന്‍ ഉര്‍ റഹ്മാന്‍ വളര്‍ത്തിയെടുത്ത യുവാവാണ്. പാകിസ്ഥാന്‍ രഹസ്യസേനാഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ ഡിഫന്‍സ് എക്സ്പോ 2025 സന്ദര്‍ശിച്ച് അവിടുത്തെ ആയുധങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കിയത് അര്‍മാന്‍ ആണ്.
5. കൈതാളില്‍ നിന്നുള്ള ദേവീന്ദര്‍ സിംഗ് ധില്ലന്‍
പഞ്ചാബിലെ കൈതിളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ദേവീന്ദര്‍ സിംഗ് ധില്ലനെയും ചാരപ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവന്നത് എഹ്സാന്‍ ഉര്‍ റഹിം തന്നെ. പാകിസ്ഥാനിലേക്കുള്ള യാത്രയ്‌ക്കിടയിലാണ് ഇയാളെ എഹ്സാന്‍ ഉര്‍ റഹിം കണ്ടെത്തിയത്. ഇയാളെക്കൊണ്ട് പട്യാല കന്‍റോണ്‍മെന്‍റിന്റെ വീഡിയോ അയപ്പിച്ചത് എഹ്സാന്‍ ഉര്‍ റഹിമിന്റെ നിര്‍ദേശപ്രകാരമാണ്.

ജീവിതത്തില്‍ പല രീതിയിലും പ്രശ്നക്കാരായ യുവാക്കളെയാണ് എഹ്സാന്‍ ഉര്‍ റഹിം എന്ന് വിളിക്കപ്പെടുന്ന ഡാനിഷ് എന്ന ന്യൂദല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയത്. പണം നല്‍കിയും വിവാഹവാഗ്ദാനം നല്‍കിയും വൈകാരികബന്ധം പുലര്‍ത്തിയും എല്ലാം ഇന്ത്യയ്‌ക്കെതിരെ ചാരപ്രവര്‍ത്തനത്തിനായി ഇവരെ ഒരുക്കിയെടുത്തത് എഹ്സാന്‍ ഉര്‍ റഹിം എന്ന പാകിസ്ഥാന്‍ ഉദ്യോഗസ്ഥനാണ്. വിവാഹവാഗ്ദാനം നല്‍കി ജ്യോതി മല്‍ഹോത്രയെയും ഗുസാലെയേയും വശീകരിച്ച എഹ്സാന്‍ ഉര്‍ റഹിം വിവാഹിതനാണെന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക