കോട്ടയം: കേന്ദ്രസർക്കാർ രൂപീകരിച്ച സർവകക്ഷി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചതിന് കോൺഗ്രസ് എംപി ശശി തരൂരിനെതിരെ രൂക്ഷ വിമർശനം. കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ തരൂരിനെ വിമർശിച്ച് രംഗത്തെത്തി.പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള ഭീകരവാദവും അതിനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലവും വിശദീകരിക്കാൻ വിദേശ രാജ്യങ്ങൾ സന്ദർശിക്കാനാണ് തരൂരിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
‘കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗമെന്ന നിലയിൽ, തരൂർ പാർട്ടിയെ എല്ലാം അറിയിക്കണം. പാർട്ടിയെ വിമർശിച്ച ശേഷം തരൂർ മുന്നോട്ട് പോകരുത്. അന്താരാഷ്‌ട്ര രംഗത്ത് പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയും, പക്ഷേ നിലവിൽ അദ്ദേഹം പ്രതിനിധീകരിക്കുന്ന പാർട്ടിയെ ദുർബലപ്പെടുത്തരുത്. തരൂർ ഇതെല്ലാം മനസ്സിലാക്കണം. കോൺഗ്രസ് പാർട്ടി അംഗമെന്ന നിലയിൽ അദ്ദേഹം തന്റെ പ്രാഥമിക ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. അന്താരാഷ്‌ട്ര തലങ്ങളിൽ പ്രവർത്തിക്കുമ്പോൾ പാർട്ടിയുടെ അംഗീകാരവും നേടണം. പാർലമെന്ററി പാർട്ടി അംഗം എന്ന നിലയിൽ അദ്ദേഹം തന്റെ കടമകൾക്ക് മുൻഗണന നൽകണം,’ തിരുവഞ്ചൂർ പറഞ്ഞു.
കേന്ദ്രം രൂപീകരിച്ച സർവകക്ഷി സംഘത്തിലേക്കുള്ള ക്ഷണം അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്ന് ശശി തരൂർ പറഞ്ഞിരുന്നു. ദേശീയ താൽപ്പര്യമുള്ള വിഷയമായതിനാലും അദ്ദേഹത്തിന്റെ സേവനം ആവശ്യമുള്ളതിനാലുമാണ് ക്ഷണം അഭിമാനത്തോടെ സ്വീകരിച്ചതെന്ന് തരൂർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. യുഎസ്, യുകെ, ജപ്പാൻ, ദക്ഷിണാഫ്രിക്ക, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് അഞ്ചോ ആറോ അംഗങ്ങൾ വീതമുള്ള എട്ട് ടീമുകളെ കേന്ദ്രം അയയ്‌ക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനും ഒരു സർക്കാർ പ്രതിനിധിയും ടീമിനോടൊപ്പമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: