Kerala

റാപ്പർ വേടന്റെ സംഗീത പരിപാടിയിൽ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ആക്ഷേപം: ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല

Published by

പാലക്കാട്: പാലക്കാട് റാപ്പർ വേടന്റെ സംഗീത പരിപാടിയിൽ സംഘാടക൪ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ആക്ഷേപം. സംസ്കാരിക വകുപ്പും പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പും ചേർന്നു സംഘടിപ്പിച്ച സംഗീത പരിപാടിയിൽ അനിയന്ത്രിതമായ ജനക്കൂട്ടമെത്തിയതോടെ നിയന്ത്രണങ്ങളെല്ലാം പാളി.

പരിപാടിക്കിടെ തിക്കും തിരക്കിലും പെട്ട് 15 ഓളം പേർക്കാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയോടെ തന്നെ കോട്ടമൈതാനം നിറഞ്ഞുകവിഞ്ഞിരുന്നു. തിരക്ക് നിയന്ത്രണാതീതമായതോടെ വേടന്റെ വരവും വൈകി. ആറു മണിക്ക് നിശ്ചയിച്ച പരിപാടിക്ക് എട്ടു മണിയോടെയാണ് വേടനെത്തിയത്. തുടര്‍ന്ന് വേടൻ ആദ്യപാട്ട് പാടിയപ്പോള്‍ ആവേശമായി.

ഇതിനു പിന്നാലെ കാണികൾ തമ്മിൽ ഉന്തും തള്ളുമായി. തിക്കും തിരക്കും കൂടിയതോടെ ബാരിക്കേഡുകൾ തകർന്നു.ഒന്നിലധികം തവണ പരിപാടി നിർത്തി വെച്ചു. നിരവധി തവണ പൊലീസ് ലാത്തി വീശി. ഇതിനിടെ, പൊലീസിന്റെ ലാത്തി വാങ്ങി സംഘാടക൪ കാണികളെ അടിച്ചതും സംഘ൪ഷത്തിനിടയാക്കി. 2000 പേ൪ക്ക് മാത്രം ഉൾക്കൊള്ളാവുന്ന മൈതാനിയിലേക്ക് പതിനായിരങ്ങളാണ് എത്തിയത്.

ആളുകളെ നിയന്ത്രിക്കാൻ സംവിധാനമൊരുക്കാത്തതും സൗജന്യ പ്രവേശനം നൽകിയതും വീഴ്ചയെന്നാണ് ആക്ഷേപം. മതിയായ പൊലീസും സ്ഥലത്തില്ലായിരുന്നു. തിരക്കും ക്രമസമാധാന പ്രശ്‌നങ്ങളും നിയന്ത്രിക്കാൻ കഴിയാതെ വന്നോതോടെ മൂന്നു പാട്ട് മാത്രം പാടിയ ശേഷം വേടൻ വേദി വിടുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by