World

പാകിസ്ഥാനിൽ ലഷ്‌കർ കമാൻഡർ സൈഫുള്ളയെ അജ്ഞാതർ വെടിവച്ച് കൊന്നു : കൊല്ലപ്പെട്ടത് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാന അക്രമണത്തിന്റെ സൂത്രധാരൻ

ഇന്ത്യയിൽ നടന്ന വിവിധ ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടായിരുന്നു. രാംപൂരിലെ സിആർപിഎഫ് ക്യാമ്പിന് നേരെയുള്ള ആക്രമണം, നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തിന് നേരെയുള്ള ആക്രമണം, ബാംഗ്ലൂരിലെ ഐഐഎസ്‌സിയിലെ ബോംബ് സ്‌ഫോടനം തുടങ്ങി ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ സൈഫുള്ളയ്ക്ക് പങ്കുണ്ടായിരുന്നു

Published by

കറാച്ചി : പാകിസ്ഥാനിലെ സിന്ധിൽ ലഷ്കർ-ഇ-തൊയ്ബ കമാൻഡറും ഉന്നത ഭീകരനുമായ സൈഫുള്ള ഖാലിദ് കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയ്‌ക്ക് സിന്ധിലെ മാറ്റ്‌ലിയിലുള്ള തന്റെ വീട്ടിൽ നിന്ന് ജോലിക്കായി ഇറങ്ങിയതായും ഒരു കവലയ്‌ക്ക് സമീപം എത്തിയ ഉടൻ തന്നെ അജ്ഞാതരായ അക്രമികൾ തീവ്രവാദിയെ വെടിവച്ചു കൊന്നതായുമാണ് റിപ്പോർട്ട്.

ലഷ്‌കറിന്റെ ഭീകര പ്രവർത്തനങ്ങൾക്ക് കേഡർമാരെയും സാമ്പത്തിക സഹായത്തെയും നൽകുക എന്നതായിരുന്നു സൈഫുള്ളയുടെ പ്രധാന ജോലി. പ്രധാനമായും നേപ്പാളിലെ ലഷ്‌കർ-ഇ-തൊയ്ബയുടെ മുഴുവൻ തീവ്രവാദ യൂണിറ്റും സൈഫുള്ള കൈകാര്യം ചെയ്തിരുന്നു. നേപ്പാളി പൗരയായ നഗ്മ ബാനുവിനെയും സൈഫുള്ള വിവാഹം കഴിച്ചിരുന്നു.

ഇയാൾ മുഹമ്മദ് സലിം, സൈഫുള്ള, വാജിദ്, സലിം ഭായ് തുടങ്ങി നിരവധി പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. കൂടാതെ പാകിസ്ഥാൻ സർക്കാരാണ് ഇയാൾക്ക് സുരക്ഷ ഒരുക്കിയതെന്നും ഇൻ്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നു.

കൂടാതെ ലഷ്‌കറിനും ജമാഅത്ത് ഉദ് ദഅവയ്‌ക്കും വേണ്ടി റിക്രൂട്ട്‌മെന്റും ഫണ്ട് പിരിവും സൈഫുള്ള നടത്തിയിരുന്നു. അടുത്തിടെ സൈഫുള്ള ഖാലിദ് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ബാദിൻ ജില്ലയിലെ മാറ്റ്‌ലിയിൽ ഒളിത്താവളം ഒരുക്കിയിരുന്നു. അവിടെ നിന്ന് ലഷ്കർ-ഇ-തൊയ്ബയ്‌ക്കും അതിന്റെ മുന്നണി സംഘടനയായ ജമാഅത്ത്-ഉദ്-ദവയ്‌ക്കും വേണ്ടി പ്രവർത്തിച്ചു വരികയായിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യുകയും ഫണ്ട് ശേഖരിക്കുകയും ചെയ്യുക എന്നതായിരുന്നു സംഘടനയുടെ പ്രാഥമിക ലക്ഷ്യം.

ഇതിനു പുറമെ ഇന്ത്യയിലെ ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടായിരുന്നു. രാംപൂരിലെ സിആർപിഎഫ് ക്യാമ്പിന് നേരെയുള്ള ആക്രമണം, നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തിന് നേരെയുള്ള ആക്രമണം, ബാംഗ്ലൂരിലെ ഐഐഎസ്‌സിയിലെ ബോംബ് സ്‌ഫോടനം തുടങ്ങി ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ സൈഫുള്ളയ്‌ക്ക് പങ്കുണ്ടായിരുന്നു.

നേപ്പാൾ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ലഷ്‌കർ തീവ്രവാദികളെ സഹായിച്ചതും ഈ തീവ്രവാദ നേതാവായിരുന്നു. ഇയാളുടെ പിന്തുണയിൽ അഞ്ച് വർഷത്തിനിടെ നടന്ന ആക്രമണങ്ങളിൽ നിരവധി പേരുടെ ജീവൻ അപഹരിക്കുകയും ഇന്ത്യൻ മണ്ണിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രവർത്തനങ്ങൾ കുത്തനെ വർദ്ധിക്കുന്നതിന് കാരണമാവുകയും ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക