India

പിഎസ്എൽവി സി61 വിക്ഷേപണം പരാജയം; സ്ഥിരീകരിച്ച് ISRO ചെയർമാൻ

Published by

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്–09 വിക്ഷേപണം പരാജയപ്പെട്ടു. ഇഒഎസ് 09 ന് ഭ്രമണപഥത്തിൽ എത്തിക്കാൻ സാധിച്ചില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു. വിക്ഷേപണശേഷം മൂന്നാംഘട്ടത്തിലുണ്ടായ ചില സാങ്കേതിക തകരാറുകളാണ് ഉപഗ്രഹ വിക്ഷേപണം പരാജയപ്പെടാൻ കാരണമെന്നും അദ്ദേഹം അറിയിച്ചു.

പിഎസ്എൽവി ദൗത്യം പരാജയപ്പെടുന്നത് അത്യപൂര്‍വമായ കാര്യമാണ്. ആദ്യ രണ്ട് ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും, മൂന്നാം ഘട്ടത്തിൽ നേരിട്ട അപ്രതീക്ഷിത പ്രതിസന്ധിയാണ് ദൗത്യം പരാജയപ്പെടാൻ കാരണമെന്നും ഡോ.വി നാരായണൻ കൂട്ടിച്ചേർത്തു.രാവിലെ 5.59 നായിരുന്നു 44.5 മീറ്റർ ഉയരവും 321 ടൺ ഭാരവുമുള്ള പി‌എസ്‌എൽ‌വി-സി, 61, 1696.24 കിലോഗ്രാം ഭാരമുള്ള ഇ‌ഒ‌എസ്-09 വഹിച്ചുകൊണ്ടുള്ള വിക്ഷേപണം നടന്നത്.

ഇന്നു രാവിലെ 5.59നാണ് സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നു ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എൽവി സി–61 കുതിച്ചുയർന്നത്. ഐഎസ്ആർഒയുടെ 101–ാമത്തെ വിക്ഷേപണവും. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) 63-ാമത്തെ വിക്ഷേപണവുമായിരുന്നു ഇന്നത്തേത്.

ഇഒഎസ്–09 ഒരു റഡാർ ഇമേജിംഗ് ഉപഗ്രഹമാണ്. കൃഷി, വനം, മണ്ണിന്റെ ഈർപ്പം കണക്കാക്കൽ, ദുരന്തനിവാരണം എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് ഇത് വിക്ഷേപിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by