Business

ടെലികോം വകുപ്പിന് വോഡഫോണ്‍ ഐഡിയയുടെ കത്ത്; സഹായിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരും

Published by

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സഹായമാവശ്യപ്പെട്ട് വോഡഫോണ്‍ ഐഡിയ. എജിആര്‍ കുടിശികകളില്‍ സര്‍ക്കാര്‍ അടിയന്തര ഇളവ് നല്കിയില്ലെങ്കില്‍ 2026 സാമ്പത്തികവര്‍ഷത്തിന് ശേഷം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ബന്ധിതരാവുമെന്ന് വോഡഫോണ്‍ ഐഡിയ ടെലികോം വകുപ്പിനെ അറിയിച്ചു.

സര്‍ക്കാരിന്റെ പിന്തുണയില്ലാതെ ഫണ്ട് കണ്ടെത്താന്‍ ബാങ്കുകളുമായി ചര്‍ച്ചകള്‍ മുന്നോട്ട് പോകാത്തതിനാല്‍ 2026 സാമ്പത്തിക വര്‍ഷത്തിനപ്പുറം വിഐഎല്ലിന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് 2025 ഏപ്രില്‍ 17ന് അയച്ച കത്തില്‍ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐഎല്‍) സിഇഒ അക്ഷയ മുന്ദ്ര അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എജിആര്‍ കുടിശികയില്‍ നിന്ന് ഏകദേശം 30,000 കോടിരൂപ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വോഡഫോണ്‍ ഐഡിയ സമര്‍പ്പിച്ച ഹര്‍ജിയില്‍ നാളെ സുപ്രീംകോടതി വാദം കേള്‍ക്കും. 58,000 കോടിയോളം രൂപയാണ് കുടിശികയായി വോഡഫോണ്‍ സര്‍ക്കാരിന് നല്കാനുള്ളത്.

ബാങ്കുകളുടെ കടം തിരിച്ചടയ്‌ക്കാതെ നിക്ഷേപം സ്വരൂപിക്കാനുള്ള ശ്രമങ്ങള്‍ ഫലവത്താകില്ലെന്ന് കമ്പനി ടെലികോം വകുപ്പിനെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് തടസമാവും. മൂലധനനിക്ഷേപം സാധ്യമല്ലാതാവും. ഇത് കഴിഞ്ഞ 12 മാസമായി കമ്പനി സമാഹരിച്ച ഓഹരി നിക്ഷേപത്തിന്റെ മൂല്യമിടിയുന്നതിന് വഴിവയ്‌ക്കും. സേവനം നിര്‍ത്തേണ്ടി വന്നാല്‍ വോഡഫോണ്‍ ഐഡിയയുടെ 20 കോടി ഉപഭോക്താക്കളെ അത് ബാധിക്കും. സര്‍ക്കാരിന്റെ സമയബന്ധിതമായ പിന്തുണ പൊതുജനങ്ങള്‍ക്കും ഭാരത സമ്പദ് വ്യവസ്ഥയ്‌ക്കും ഗുണകരമാവുമെന്നും കമ്പനി കത്തില്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by