തുര്‍ക്കിയെപ്പറ്റി ചോദിച്ചപപോള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉത്തരം പറയാനാകാകെ കുഴങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും പവന്‍ ഖേരയും
ന്യൂദല്‍ഹി: തുര്‍ക്കിയെ ഇന്ത്യയിലെ ബിസിനസുകാരും കേന്ദ്രസര്‍ക്കാരും ബഹിഷ്കരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കാനാവാതെ ആശയക്കുഴപ്പത്തിലായി കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും പവന്‍ ഖേരയും. പവന്‍ ഖേര പറയട്ടെ എന്ന അര്‍ത്ഥത്തില്‍ ജയറാം രമേഷ് മൈക്ക് പവന്‍ ഖേരയുടെ അടുത്തേക്ക് നീക്കിവെച്ചപ്പോള്‍ തിരിച്ച് ജയറാം രമേഷ് ഈ ചോദ്യത്തിന് ഉത്തരം നല്‍കട്ടെ എന്ന രീതിയില്‍ പവന്‍ ഖേര മൈക്ക് ജയറാം രമേഷിന്റെ അടുത്തേക്കും നീക്കികളിക്കുകയായിരുന്നു. തുര്‍ക്കിയുമായുള്ള കോണ്‍ഗ്രസിന്റെ രഹസ്യബന്ധം പുറത്തുകൊണ്ടുവരുന്ന ഈ വീഡിയോ വൈറലായി പ്രചരിക്കുകയാണ്.
എന്താണ് കോണ്‍ഗ്രസും തുര്‍ക്കിയും തമ്മിലുള്ള ബന്ധം? എന്തിനാണ് തുര്‍ക്കിയെക്കുറിച്ച് ചോദിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശയക്കുഴപ്പം? തുടങ്ങി ചോദ്യങ്ങള്‍ ഇന്ത്യയില്‍ ഉയരുകയാണ്.
ഇന്ന് കോണ്‍ഗ്രസിലെ സോണിയാഗാന്ധിയുടെ വിശ്വസ്തര്‍ ജയറാം രമേഷും പവന്‍ ഖേരയുമാണ്. കോണ്‍ഗ്രസില്‍ ശശി തരൂരിനെ നിശ്ശബ്ദനാക്കുന്നത് ജയറാം രമേഷാണ്. ജയറാം രമേഷും പവന്‍ ഖേരയുമാണ് സോണിയാഗാന്ധിയുടെ അജണ്ടകള്‍ ഇന്ത്യയില്‍ വാര്‍ത്താസമ്മേളനത്തില്‍ അപ്പപ്പോള്‍ അറിയിക്കുന്നത്. എന്നാല്‍ തുര്‍ക്കിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉത്തരം പറയാനാകാത്തത് വഴി ഇരുവരും അപഹാസ്യരാവുകയായിരുന്നു. അദാനിയ്‌ക്കെതിരെ ഇന്ത്യയില്‍ ഏറ്റവുമധികം ആശയക്കുഴപ്പമുണ്ടാക്കാന്‍ വേണ്ടി വാര്‍ത്താസമ്മേളനം നടത്തിയത് ഈ രണ്ട് നേതാക്കളാണ്. അദാനിയ്‌ക്കെതിരെ ഒട്ടേറെ വ്യാജ ആരോപണങ്ങള്‍ ഇരുവരും വാര്‍ത്താസമ്മേളനങ്ങളില്‍ വിളമ്പിയിരുന്നവരാണ്.
അതിനിടെയാണ് തുര്‍ക്കിയില്‍ കോണ്‍ഗ്രസിന് ഓഫീസുണ്ടെന്നും അതിന്റെ ചുമതലക്കാരന്‍ ഒരു തുര്‍ക്കിക്കാരനാണെന്നും ഉള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആരാണ് തുര്‍ക്കിയില്‍ കോണ്‍ഗ്രസിന് വേണ്ടി ഓഫീസ് എടുത്തുകൊടുത്തത് എന്ന ചോദ്യവും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുകയാണ്. മാത്രമല്ല, കോണ്‍ഗ്രിസന് തുര്‍ക്കിയില്‍ എന്താണ് കാര്യമെന്നും അറിയുന്നില്ല. സോണിയാഗാന്ധിയുടെ വിശ്വസ്തനായ സാം പിത്രോദയുടെ ചുമതലയിലുള്ള ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ( ഐഒസി) എന്ന സംഘടനയുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നും കോണ്‍ഗ്രസിനുള്ള ഫണ്ട് സംഘടിപ്പിക്കലും ഇന്ത്യയില്‍ ആവശ്യമെങ്കില്‍ വിദേശരാജ്യങ്ങളെ ഉപയോഗിച്ച് കുത്തിത്തിരിപ്പുണ്ടാക്കാനും കഴിവുള്ള സംഘടനയാണ് ഇത്. ഈ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പേരിലാണ് തുര്‍ക്കിയില്‍ കോണ്‍ഗ്രസ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
തുര്‍ക്കി നേതാവ് റെസപ് തയ്യിപ് എര്‍ദോഗാന്‍ ഒരു ഏകാധിപതിയായ ഭരണാധികാരിയാണ്. സിറിയയില്‍ റഷ്യയുടെ പിന്തുണയുള്ള അല്‍ ബാഷര്‍ ഭരണം അട്ടിമറിച്ചതിന് പിന്നില്‍ തുര്‍ക്കി നേതാവ് റെസപ് തയ്യിപ് എര്‍ദോഗാന്‍ ആണ് പ്രവര്‍ത്തിച്ചത്. അമേരിക്കയുടെ സമാന്തരസര്‍ക്കാരായ ഡീപ് സ്റ്റേറ്റിന്റെ ഏജന്‍റും കൂടിയാണ് റെസപ് തയ്യിപ് എര്‍ദോഗാന്‍.
യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് റെസപ് തയ്യിപ് എര്‍ദോഗാന് ഇന്ത്യാ-പാക് യുദ്ധം അവസാനിച്ച ഉടന്‍ 30.4 കോടി ഡോളറിന്റെ ആധുനിക മിസൈല്‍ ആണ് തുര്‍ക്കിക്ക് നല്‍കുന്നത്. ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താന്‍ വേണ്ട ഡ്രോണുകള്‍ പാകിസ്ഥാന് നല്‍കിയ തുര്‍ക്കിയ്‌ക്ക് ഉടനെ കോടികള്‍ വിലമതിക്കുന്ന ആധുനിക മിസൈലുകള്‍ കൈമാറാനുള്ള യുഎസ് പ്രസിഡന്‍റ് ട്രംപിന്റെ തീരുമാനം ഇന്ത്യയെയും ആശയക്കുഴപ്പത്തിലാക്കുന്നു. മാത്രമല്ല, റഷ്യ- ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനചര്‍ച്ച നടത്താന്‍ ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുത്ത വേദി തുര്‍ക്കിയും മധ്യസ്ഥന്‍ എര്‍ദോഗാനും ആണെന്നത് ട്രംപും എര്‍ദോഗാനും തമ്മിലുള്ള ആഴമാണ് കാണിക്കുന്നത്.
ഇന്ത്യയാകട്ടെ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ തുര്‍ക്കി നിര്‍മ്മിത ഡ്രോണുകള്‍ ഉപയോഗിച്ചതോടെ തുര്‍ക്കിക്കെതിരെ ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോവുകയാണ്. തുര്‍ക്കിയില്‍ നിന്നുള്ള ആപ്പിള്‍ ഇറക്കുമതി നിരോധിച്ചു. മുംബൈ എയര്‍പോര്‍ട്ടില്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലിയില്‍ നിന്നും തുര്‍ക്കി കമ്പനിയെ ഒഴിവാക്കി. കോടികളുടെ തുര്‍ക്കിയുമായുള്ള മറ്റ് ബിസിനസുകളും ഇന്ത്യ റദ്ദാക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍ തുര്‍ക്കി ബഹിഷ്കരണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാനാകാതെ ആശയക്കുഴപ്പത്തില്‍ ഇരിക്കുന്ന പവന്‍ ഖേരയുടെയും ജയറാം രമേഷിന്റെയും വീഡിയോ വൈറലായി പ്രചരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസം തുര്‍ക്കിയും തമ്മിലുള്ള രഹസ്യബന്ധത്തിന്റെ അടിസ്ഥാമെന്ത് എന്ന ചോദ്യം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക