Entertainment

ബിനു പപ്പു തുടരുന്നു

ബിനു പപ്പു തന്റെ വിശേഷങ്ങള്‍ ജന്മഭൂമിയുമായി പങ്കിടുന്നു.

Published by

ലയാളത്തിന്റെ ഹാസ്യ സമ്രാട്ട് കുതിരവട്ടം പപ്പുവിന്റെ മകനായിരുന്നിട്ടും വളരെ വൈകി സിനിമാ ലോകത്ത് എത്തിയ വ്യക്തിയാണ് ബിനു പപ്പു. 2013ല്‍ പുറത്തിറങ്ങിയ ‘ ഗുണ്ട ‘ എന്ന ചിത്രത്തിലൂടെ ആയിരുന്നു അഭിനയത്തില്‍ അരങ്ങേറ്റം. പിന്നീട് നടനായും സഹസംവിധായകനായും, കാസ്റ്റിങ് ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, അസോസിയേറ്റ് ഡയറക്ടര്‍ എന്നീ നിലകളിലും സിനിമയുടെ മുന്നിലും പിന്നിലുമായി ബിനു പപ്പു സജീവമായി.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന ചിത്രത്തിലൂടെ അഭിനയം കൊണ്ടും കോ-ഡയറക്ടര്‍ എന്നീ നിലകളിലും അദ്ദേഹം ഏറെ പ്രശംസ നേടി. തുടരും എന്ന മോഹല്‍ലാല്‍ ചിത്രത്തിന്റെ വിജയത്തിനൊപ്പം ബിനു പപ്പു തന്റെ വിശേഷങ്ങള്‍ ജന്മഭൂമിയുമായി പങ്കിടുന്നു.

സിനിമയിലേക്ക് താങ്കള്‍ അച്ഛന്റെ പത പിന്തുടര്‍ന്ന് നേരത്തെ എന്തുകൊണ്ട് എത്തിയില്ല, അവസരങ്ങളെ തഴഞ്ഞതാണോ?

സിനിമ എന്ന ലക്ഷ്യം എനിക്കില്ലായിരുന്നു. സിനിമയില്‍ വരിക, അഭിനയിക്കുക എന്നൊന്നും ചിന്തിച്ചിരുന്നില്ല. യാദൃച്ഛികമായിട്ടാണ് സിനിമയില്‍ എത്തിയത്. 2013 ല്‍ ഗുണ്ട എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ഇതില്‍ ഒരുപാട് നടന്മാരുടെ മക്കള്‍ അഭിനയിച്ചിരുന്നു. അക്കൂട്ടത്തില്‍ ഞാനും ഒരു ഭാഗമായി. കൂട്ടുകാരും വീട്ടുകാരും നിര്‍ബന്ധിച്ചപ്പോഴാണ് ആ ചിത്രത്തില്‍ അഭിനയിച്ചത്. ഇതിനുശേഷം ആഷിഖ് അബുവിന്റെ ഗ്യാങ്സ്റ്ററിലും വേഷം ലഭിച്ചു. തുടര്‍ന്ന് അഭിനയിച്ച റാണി പദ്മിനി എന്ന ചിത്രമാണ് കരിയറിന്റെ ഗ്രാഫ് ഉയര്‍ത്തിയത് എന്നു വേണമെങ്കില്‍ പറയാം. 2017 വരെ അനിമേഷന്‍ മേഖലയില്‍ ജോലി ചെയ്‌തെങ്കിലും അതുപേക്ഷിച്ച് പൂര്‍ണമായും സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

സഹ സംവിധായകന്‍ എന്ന നിലയിലെ അനുഭവം?

ഞാന്‍ അനിമേഷന്‍ മേഖലയിലാണ് ആദ്യം പ്രവര്‍ത്തിച്ചത്. അവിടെ മിക്കപ്പോഴും സംവിധാനം നിര്‍വഹിച്ചിരുന്നതും ഞാന്‍ തന്നെയാണ്. അത് എന്റെ ജോലിയുടെ ഭാഗമായിരുന്നു. പിന്നീട് എന്റെ ജോലി കൂടുതല്‍ മികവുറ്റതാക്കണമെന്ന് തോന്നിയപ്പോഴാണ് റാണി പദ്മിനിക്ക് ശേഷം ആഷിഖ് അബുവിനൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ആദ്യമൊന്നും സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നില്ല.
ആദ്യം ഗപ്പിയില്‍ അസിസ്റ്റന്റ് ഡയറക്ടറായി. മായാനദിക്ക് ശേഷമാണ് സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹം തോന്നിയത്. ആ ചിത്രത്തില്‍ ഞാനായിരുന്നു അസോസിയേറ്റ് ഡയറക്ടര്‍. പിന്നീട് പുഴു, വണ്‍, വൈറസ് , ഹലാല്‍ ലൗ സ്റ്റോറി എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായും സൗദി വെള്ളക്കയില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറുമായി പ്രവര്‍ത്തിച്ചു. തുടരും സിനിമയില്‍ കോ ഡയറക്ടറായും പ്രവര്‍ത്തിക്കാന്‍ സാധിച്ചു.

തുടരും എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ലഭിച്ച സ്വീകാര്യതയെ എങ്ങനെ കാണുന്നു?

നമ്മള്‍ ഒരു സിനിമ ചെയ്തു കഴിയുമ്പോള്‍ ആ സിനിമയെ കുറിച്ച് സംസാരിക്കുക, ചര്‍ച്ച ചെയ്യപ്പെടുക എന്നതെല്ലാം വലിയ ഭാഗ്യമാണ്. ഓരോ സിനിമയും ഉണ്ടാക്കുന്നത് വിജയത്തിലെത്താന്‍ വേണ്ടി മാത്രമാണ്. നെഗറ്റീവ് കമന്റ്‌സ് പോലും പറയാതെ സിനിമ മുന്നോട്ട് കുതിക്കുമ്പോള്‍ അതിലെ പ്രധാന നടന്‍ എന്നുപറയുന്നത് ലോകത്തിലെ തന്നെ പത്ത് നടന്മാരില്‍ ഒരാളായ മോഹന്‍ലാല്‍ ആകുമ്പോള്‍ ആ നടനൊപ്പം നമ്മളെ താരതമ്യം ചെയ്യുന്നത് വലിയ ഭാഗ്യമാണ്. അദ്ദേഹത്തിനൊപ്പം പിടിച്ചു നിന്നു എന്ന് പ്രേക്ഷകര്‍ വിളിച്ചുപറയുമ്പോള്‍ അതില്‍പരം സന്തോഷം വേറൊന്നുമില്ല.

മോഹന്‍ലാലിനൊപ്പമുള്ള അനുഭവം?

അദ്ദേഹം വലിയ നടനാണ്. സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍… ഇതില്‍ സ്റ്റാര്‍ട്ടിന്റെയും ആക്ഷന്റെയും ഇടയില്‍ അദ്ദേഹം പൂര്‍ണ്ണമായും കഥാപാത്രമായി മാറുകയാണ്.

അഭിനയത്തോടൊപ്പം തന്നെ സംവിധാന മേഖലയില്‍ വീണ്ടും സജീവമാകുമോ?

അടുത്ത സിനിമയുടെ പേര് അനൗണ്‍സ് ചെയ്തു കഴിഞ്ഞു. ടോര്‍പിഡോ എന്നാണ് പേര്. തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം. ചിത്രത്തിന്റെ കഥ , തിരക്കഥ, സംഭാഷണം ഞാനാണ് നിര്‍വഹിക്കുന്നത്. ആദ്യം എഴുത്തില്‍ തുടങ്ങി പതിയെ സംവിധാനത്തിലേക്ക് എത്തണമെന്നാണ് എന്റെ ആഗ്രഹം.

2013ല്‍ സലിം ബാബ സംവിധാനം ചെയ്ത ഗുണ്ട എന്ന ചിത്രത്തില്‍ കലാഭവന്‍ മണി, ടിനി ടോം എന്നിവരോടൊപ്പമാണ് ബിനു പപ്പു അഭിനയിച്ചത്. ഹെലന്‍ വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി, ഗ്യാങ്‌സ്റ്റര്‍, റാണി പത്മിനി, പുത്തന്‍പണം, സഖാവ്, വൈറസ്, അമ്പിളി, ഹലാല്‍ ലവ് സ്റ്റോറി, വണ്‍ എന്നീ ചിത്രങ്ങളിലൂടെ ബിനു പപ്പു ശ്രദ്ധിക്കപ്പെട്ടിരുന്നു. 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറില്‍ ചെറിയ വേഷമാണ് ചെയ്തത് എങ്കിലും ഏറെ കൈയ്യടി നേടിയിരുന്നു. തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്കയിലൂടെയായിരുന്നു ബിനു പപ്പുവിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ എന്ന നിലയിലെ അരങ്ങേറ്റം. നാരദന്‍, പുഴു, തല്ലുമാല എന്നീ ചിത്രങ്ങളുടെ പ്രീ-പ്രൊഡക്ഷനില്‍ ചീഫ് അസോസിയേറ്റ് ആയിരുന്നു.

കൂടാതെ ഓഫ്-റോഡിങ് പ്രേമികളുടെ സംഘടനയായ കെടിഎം ജീപ്പേഴ്‌സിലെ അംഗമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് ഈ സംഘടന പരിപാടികളും ക്യാമ്പുകളും നടത്തുന്നുണ്ട്.

ഭാര്യ അഷിത അലക്‌സ് ആര്‍ക്കിടെക്റ്റാണ്. വ്യവസായിയായ ബിജു പപ്പു, ബിന്ദു എന്നിവരാണ് സഹോദരങ്ങള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക