മുംബൈ : നിരോധിത ഭീകര സംഘടനയായ ഐഎസിന്റെ പൂനെ സ്ലീപ്പർ സംഘത്തിൽപ്പെട്ട രണ്ട് പേരെ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. മഹാരാഷ്‌ട്രയിലെ പൂനെയിൽ ഐഇഡി നിർമ്മാണവും പരീക്ഷണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളാണ് ഇവർ. അറസ്റ്റിലായ രണ്ട് പ്രതികളെ ഡയപ്പർവാല എന്ന അബ്ദുള്ള ഫയാസ് ഷെയ്ഖ്, തൽഹ ഖാൻ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മുംബൈ ഇന്റർനാഷണൽ എയർപോർട്ട് T2 ൽ വെച്ച് ഇമിഗ്രേഷൻ ബ്യൂറോയാണ് ഇരുവരെയും പിടികൂടിയത്. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ ശ്രമിക്കുകയായിരുന്നു ഇവർ. ഉടൻ തന്നെ എൻഐഎ സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ രണ്ട് വർഷമായി ഈ രണ്ട് പ്രതികളും ഒളിവിലായിരുന്നു. മുംബൈയിലെ എൻഐഎ പ്രത്യേക കോടതി ഇവർക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് എൻഐഎ മൂന്ന് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അബ്ദുള്ള ഫയാസ് ഷെയ്ഖും തൽഹ ഖാനും ഇതിനകം അറസ്റ്റിലായ ഐസിസ് പൂനെ സ്ലീപ്പർ മൊഡ്യൂളിലെ മറ്റ് 8 അംഗങ്ങളും ചേർന്ന് നടത്തിയ ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ് കേസ്.
ഇന്ത്യയുടെ സമാധാനവും സാമുദായിക ഐക്യവും തകർക്കുന്നതിനായി തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഈ ആളുകൾ ഗൂഢാലോചന നടത്തിയിരുന്നതായി അന്വേഷണ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: