Football

ബാഴ്‌സ ലാലിഗ ജേതാക്കള്‍

Published by

കാറ്റലോണിയ: സ്പാനിഷ് ലാലിഗയില്‍ എഫ്‌സി ബാഴ്‌സിലോണയുടെ 28-ാം മുത്തം. ഇന്നലെ പുലര്‍ച്ചെ നടന്ന നിര്‍ണായക മത്സരത്തില്‍ എസ്പാന്യോളിനെ 2-0ന് തോല്‍പ്പിച്ചതോടെ ബാഴ്‌സ പുതിയ ജേതാക്കളായി. ലീഗ് തീരാന്‍ രണ്ട് റൗണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുള്ളപ്പോളാണ് ബാഴ്‌സ ടൈറ്റില്‍ ഉറപ്പിച്ചത്.

എതിരാളികളുടെ തട്ടകത്തില്‍ ലാമിനെ യമാലും ഫിര്‍മിനെ ലോപ്പസും ആണ് ബാഴ്‌സക്കായി വിജയഗോളുകള്‍ നേടിയത്. മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയായിരുന്നു ബാഴ്‌സയുടെ വിജയം. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും വീണത്. 53-ാം മിനിറ്റില്‍ തന്റെ പ്രതിഭ ഒരിക്കല്‍ കൂടി തെളിയിച്ചുകൊണ്ടാണ് യമാല്‍ ഗോള്‍ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലെ സ്റ്റോപ്പേജ് സമയത്തിന്റെ ആറാം മിനിറ്റിലായിരുന്നു ബാഴ്‌സയുടെ രണ്ടാം ഗോള്‍. ഫിര്‍മിന്‍ ലോപ്പസ് ആണ് ഗോള്‍ നേടിയത്. ഈ ഗോളിലേക്കുള്ള അസിസ്റ്റും യമാലിന്റെ വകയായിരുന്നു.

രണ്ട് വര്‍ഷത്തിന് ശേഷമാണ് ബാഴ്‌സ ലാലിഗ ടൈറ്റില്‍ തിരിച്ചുപിടിക്കുന്നത്. മെസി അടക്കമുള്ള സുവര്‍ണ തലമുറയുടെ കൊഴിഞ്ഞുപോക്കിന് ശേഷം ബാഴ്‌സ വീണ്ടും പഴയ താളത്തിലേക്ക് ഉണര്‍ന്നു കളിച്ച സീസണ്‍ ആയിരുന്നു ഇത്തവണത്തേത്. ജര്‍മന്‍ പരിശീലകന്‍ ഹന്‍സി ഫഌക്കിന്റെ പരിശീലനത്തില്‍ ലാലിഗയ്‌ക്കൊപ്പം കോപ്പ ഡെല്‍ റേ കിരീടവും സ്പാനിഷ് കപ്പും ടീമിന് നേടാന്‍ സാധിച്ചു. കഴിഞ്ഞ സീസണ്‍ തീര്‍ന്ന മുറയ്‌ക്കാണ് ഹന്‍സി ഫഌക്ക് ബാഴ്‌സയെ ഏറ്റെടുത്തത്. പ്രഥമ സീസണില്‍ ടീമിന് മൂന്ന് കിരീടങ്ങള്‍ നേടിക്കൊടുക്കാനായതിന്റെ നിറവിലാണ് ഫഌക്ക്. യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി വരെ ടീമിനെ എത്തിക്കാനും സാധിച്ചു. അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ബാഴ്‌സ ഇത്തവണ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയത്.

ലാലിഗയില്‍ 36 റൗണ്ട് മത്സരങ്ങളാണ് പൂര്‍ത്തിയായത്. 85 പോയിന്റുമായാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് 78 പോയിന്റാണുള്ളത്. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാലും റയലിന് 84 പോയിന്റേ നേടാനാകൂ. ഈ സാഹചര്യത്തിലാണ് ബാഴ്‌സ കിരീട ജേതാക്കളായത്. 70 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് ആണ് മൂന്നാം സ്ഥാനത്ത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by