കണ്ണൂര്‍: ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരന്റെ വെളിപ്പെടുത്തലോടെ ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനമായ സംസ്ഥാനത്ത് വോട്ടെടുപ്പിലെ ക്രമക്കേടിന് തുടക്കം കുറിച്ച കണ്ണൂരിലെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് ക്രമക്കേടുകളും ചര്‍ച്ചയാവുന്നു.
കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്ക് തെരഞ്ഞെടുപ്പ് സംവിധാനത്തോളം തന്നെ പഴക്കമുണ്ട്. മരിച്ചവരുടെ വോട്ട് ചെയ്യുന്നതും ഒരാള്‍ക്കുതന്നെ ഒന്നില്‍ക്കൂടുതല്‍ ബൂത്തുകളില്‍ വോട്ടുള്ളതും എതിരാളികളെ ബൂത്തിലിരിക്കാന്‍ അനുവദിക്കാതെ ഭീഷണിപ്പെടുത്തി കള്ളവോട്ട് ചെയ്യുന്നതും കണ്ണൂരിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഭാഗമാണ്. തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യില്ലെന്ന് ബോധ്യപ്പെട്ടാല്‍ അത്തരം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ബൂത്തുകളിലെത്തിക്കാതിരിക്കാനും സിപിഎം നേതൃത്വം തയാറായിരുന്നു. സ്ത്രീകളെയും പ്രായമായവരെയും വീടുകളിലെത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കള്ളവോട്ട് ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനും എന്നും സിപിഎമ്മിന്റെ സന്തത സഹചാരികളായ ഒരു പറ്റം പോലീസുകാരും ഉദ്യോഗസ്ഥരും സഹയികളായുണ്ടായിരുന്നു.
തൊട്ടടുത്ത നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരെ കൂട്ടത്തോടെ അവര്‍ക്ക് ജയിക്കാന്‍ സാധിക്കാത്ത മണ്ഡലങ്ങളിലെ വോട്ടര്‍മാരായി ചേര്‍ത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന രീതിയും സിപിഎം അവലംബിച്ചിരുന്നു. പതിനായിരക്കണക്കിന് വോട്ടര്‍മാരെയാണ് ചില മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ ഇരട്ട വോട്ടര്‍മാരായി ചേര്‍ത്തിരുന്നത്. ഒരേസമയം ഒന്നില്‍ക്കൂടുതല്‍ മണ്ഡലങ്ങളില്‍ വോട്ട് ചെയ്യാന്‍ പാര്‍ട്ടി നേതൃത്വംതന്നെ വാഹനങ്ങള്‍ ഉള്‍പ്പടെ ഏര്‍പ്പാടാക്കി ആവശ്യമായ സംവിധാനമൊരുക്കുന്നതാണ് പാര്‍ട്ടിയുടെ രീതി. ഇരട്ട വോട്ടാണെന്ന് എതിര്‍ പാര്‍ട്ടികളിലുള്ളവര്‍ ആക്ഷേപമുന്നയിച്ചാലും സിപിഎം സന്തത സഹചാരികളായ പോളിംഗ് ഉദ്യോഗസ്ഥര്‍ അതൊന്നും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. അവര്‍ക്ക് അനുകൂലമായല്ലാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയെന്നതായിരുന്നു സിപിഎം രീതി.
സിപിഎം നടത്തുന്ന കള്ളവോട്ടിന്റെ പരിഷ്‌കരിച്ച രൂപമാണ് ഓപ്പണ്‍ വോട്ട് സംവിധാനം. സാധാരണയായി സ്വന്തമായി വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കാണ് ഓപ്പണ്‍ വോട്ട് സംവിധാനമെങ്കിലില്‍ കണ്ണൂരില്‍ തങ്ങളുടെ പെട്ടിയില്‍ വീഴില്ലെന്ന് സിപിഎം സംശയിക്കുന്നവരുടെ വോട്ട് അനുകൂലമാക്കാനാണ് ഓപ്പണ്‍ വോട്ട് സംവിധാനം ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ഓരോ തെരഞ്ഞെടുപ്പിലും നൂറുകണക്കിന് വോട്ടാണ് സിപിഎം ചെയ്യുന്നത്. ‘കുലം കുത്തികളാ’ണെന്ന് പാര്‍ട്ടിക്ക് തോന്നലുള്ള നല്ല ആരോഗ്യമുള്ളവര്‍ പോലും ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ പോളിംഗ് ഉദ്യോഗസ്ഥരും അത് കണ്ടില്ലെന്ന നടിക്കുകയാണ് പതിവ്.
ബാലറ്റ് മാറി ഇലക്‌ട്രോണിക്ക് വോട്ടിംഗ് സംവിധാനമായതോടെ കള്ളവോട്ട് ചെയ്യുന്ന രീതി സിപിഎം പരിഷ്‌കരിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കല്ല്യാശ്ശേരിയില്‍ 92 കാരിയുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുമ്പോള്‍ സിപിഎം പ്രദേശിക നേതാക്കള്‍ ഇടപെട്ട് വോട്ട് അനുകൂലമാക്കി. ഇത് കണ്ടെത്തി, ഇതിന് കൂട്ടുനിന്ന നാല് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സസ്‌പെന്‍ഡ് ചെയ്തതും കേരളം ഏറെ ചര്‍ച്ച ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക