Main Article

പാകിസ്ഥാന്‍ വിറച്ചപ്പോള്‍ അനന്തപുരിക്ക് അഭിമാനം

ന്യൂദല്‍ഹിയാണ് ബ്രഹ്മോസിന്റെ ആസ്ഥാനമെങ്കിലും ഹൈദരാബാദിലും തിരുവനന്തപുരത്തും ഉപകേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരത്തെ ഉപകേന്ദ്രത്തിലാണ് 35 ശതമാനത്തോളം നിര്‍മ്മാണസാമഗ്രികള്‍ തയ്യാറാക്കുന്നത്. 2007ലാണ് ബ്രഹ്മോസ് എയ്റോസ്പേസ്, ചാക്കയിലെ കേരള ഹൈടെക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നത്. ബ്രഹ്മോസ് എയറോ സ്പെയ്സിന്റെ പൂര്‍ണ ഉടമസ്ഥതയിലാണ് തിരുവനന്തപുരത്തെ ബിഎടിഎല്‍. 15 ഏക്കറാണ് വിസ്തൃതി. ബ്രഹ്മോസിന്റെ മികച്ച പരീക്ഷണ ശാലകളില്‍ ഒന്നാണ് തിരുവനന്തപുരത്തേത്.

Published by

ഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് മറുപടി നല്‍കാന്‍ ഭാരതത്തിന് വേണ്ടി വന്നത് 23 മിനിട്ടുമാത്രമാണ്. അക്ഷരാര്‍ത്ഥത്തില്‍ അര്‍ദ്ധരാത്രിയില്‍ പാകിസ്ഥാനില്‍ സൂര്യനുദിച്ചു. അതിന് ഉപയോഗിച്ചത് ഭാരതത്തിന്റെ ബ്രഹ്മാസ്ത്രമായ ബ്രഹ്മോസ്. പാകിസ്ഥാന്റെ എല്ലാ പ്രതിരോധ സംവിധാനങ്ങളെയും നിഷ്പ്രഭമാക്കിയ ബ്രഹ്മോസിന്റെ പ്രത്യാക്രമണത്തില്‍ ഭാരതം മുഴുവന്‍ ഇന്ന് അഭിമാനത്തിലാണ്. ലോകം മുഴുവന്‍ ബ്രഹ്മോസിന്റെ പ്രഹരശേഷിയെ വാനോളം പുകഴ്‌ത്തുമ്പോള്‍ അനന്തപുരിക്കും അഭിമാന നിമിഷം കൂടിയാണ്. ബ്രഹ്മോസിന്റെ നിര്‍മ്മാണത്തില്‍ പങ്കുവഹിക്കുന്ന ഒരു സ്ഥാപനം തിരുവനന്തപുരത്തുണ്ട്. ചാക്കയിലുള്ള ‘ബ്രഹ്മോസ് എയ്‌റോസ്‌പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡ്’ എന്ന ബിഎടിഎല്‍.

ക്രൂസ് മിസൈലുകള്‍ ഭാരതത്തില്‍ത്തന്നെ വികസിപ്പിക്കണമെന്ന ലക്ഷ്യത്തോടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) മേധാവിയായിരിക്കെ ഡോ. എപിജെ അബ്ദുള്‍ കലാമും റഷ്യയുടെ ഉപപ്രതിരോധ മന്ത്രി എന്‍.വി. മിഖായ്‌ലോവും ചേര്‍ന്നാണ് 1998 ഫെബ്രുവരിയില്‍ ഉടമ്പടി ഒപ്പുവച്ചത്. ഡിആര്‍ഡിഒയും റഷ്യയുടെ മിലിട്ടറി ഇന്‍ഡസ്ട്രി കണ്‍സോര്‍ഷ്യമായ റോക്കറ്റ് ഡിസൈന്‍ ബ്യൂറോ, എന്‍പിഒ മാഷിനോസ്ട്രയേനിയയും ചേര്‍ന്നാണ് ബ്രഹ്മോസിന്റെ നിര്‍മ്മാണത്തിലേക്ക് കടന്നത്. ഭാരതത്തിലെ ബ്രഹ്മപുത്ര നദിയുടേയും റഷ്യയിലെ മോസ്‌ക്വ നദിയുടെയും പേരുകള്‍ കൂട്ടിച്ചേര്‍ത്ത് ബ്രഹ്മോസ് എന്ന പേരും നല്‍കി.

ഐഎസ്ആര്‍ഒയിലും ഡിആര്‍ഡിഒയിലുമായി 50 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഡോ.എ ശിവതാണു പിള്ളയാണ് ബ്രഹ്മോസ് എയ്‌റോസ്‌പേസിന്റെ സ്ഥാപക എംഡിയും സിഇഒയും. കരയില്‍ നിന്നും കപ്പലില്‍ നിന്നും ആകാശത്ത് നിന്നും മൊബൈല്‍ ലോഞ്ചര്‍ വഴിയുമൊക്കെ ആക്രമണം നടത്താന്‍ കഴിയുന്ന ബ്രഹ്മോസ് മിസൈലിന്റെ വേഗം 2.83 മാക് ആണ്. 290 കിലോമീറ്ററായിരുന്നു പരീക്ഷണസമയത്ത് ദൂരപരിധിയെങ്കില്‍ ഇന്ന് അത് 350 മുതല്‍ 400 കിലോമീറ്റര്‍ വരെയാണ്. 300 കിലോയോളം സ്‌ഫോടകവസ്തു വഹിക്കാന്‍ കഴിയും. ഏറ്റവും പ്രധാനം ലക്ഷ്യസ്ഥാനത്തേക്കുള്ള കൃത്യതയാണ്. മൂന്ന് സെക്കന്‍ഡിന്റെ ഇടവേളകളില്‍ ഒരേസമയം വ്യത്യസ്ത ദിശകളിലേക്ക് മിസൈലിനെ കൃത്യമായി അയയ്‌ക്കാന്‍ കഴിയും. വിക്ഷേപണത്തിന് ശേഷം നിയന്ത്രണങ്ങളോ നിര്‍ദേശങ്ങളോ ആവശ്യമില്ല. ലക്ഷ്യത്തിന് 15 കിലോമീറ്റര്‍ വരെ മുകളിലേക്കും പത്ത് മീറ്റര്‍ വരെ താഴേക്കും എത്താനുള്ള ശേഷി ബ്രഹ്മോസിനുണ്ട്. അതിന്റെ ബോഡി ഡിസൈനും നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്ന ലോ റഡാര്‍ ക്രോസ് സെക്ഷന്‍ ശേഷിയുള്ള വസ്തുക്കളുമാണ് ബ്രഹ്മോസിനെ റഡാറുകളുടെ കണ്ണില്‍പ്പെടാതെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സഹായിക്കുന്നത്. അതാണ് അര്‍ദ്ധരാത്രിയില്‍ ആക്രമണ പരമ്പര നടത്തിയപ്പോഴും പാകിസ്ഥാന്‍ തിരിച്ചറിയാന്‍ വൈകിയത്.
ബ്രഹ്മോസ് വാങ്ങുന്നതിനായി ഭാരതവുമായി നേരത്തേ കരാറുള്ളത് ഫിലിപ്പീന്‍സിന് ആണ്. 2022ല്‍ 375 മില്യണ്‍ ഡോളറിന്റെ കരാറുണ്ടാക്കി. 2024 ഏപ്രിലില്‍ ആദ്യഘട്ടം മിസൈലുകളും കൈമാറി. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം മിക്ക ലോകരാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാനായി മുന്നോട്ട് വന്നിട്ടുണ്ട്. ബ്രഹ്മോസ് മിസൈലിന് ചൈനീസ്, പാക് വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ സാധിച്ചു എന്നാണ് ലോകരാജ്യങ്ങളുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ മിസൈല്‍ വേണമെന്ന ആവശ്യവുമായി ബ്രസീലും സിംഗപ്പൂരും അടക്കമുള്ള രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്.

ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ, തായ്‌ലാന്‍ഡ്, ബ്രസീല്‍, സിംഗപ്പൂര്‍, ബ്രൂണെ, ചിലി, അര്‍ജന്റീന, വെനിസ്വേല, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍, ദക്ഷിണാഫ്രിക്ക, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളാണ് ബ്രഹ്മോസിനാ
യി ഭാരതത്തെ സമീപിച്ചിട്ടുള്ളത്.

ന്യൂദല്‍ഹിയാണ് ബ്രഹ്മോസിന്റെ ആസ്ഥാനമെങ്കിലും ഹൈദരാബാദിലും തിരുവനന്തപുരത്തും ഉപകേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരത്തെ ഉപകേന്ദ്രത്തിലാണ് 35 ശതമാനത്തോളം നിര്‍മ്മാണസാമഗ്രികള്‍ തയ്യാറാക്കുന്നത്. 2007ലാണ് ബ്രഹ്മോസ് എയ്‌റോസ്‌പേസ് ചാക്കയിലുണ്ടായിരുന്ന കേരള ഹൈടെക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നത്. ബ്രഹ്മോസ് എയ്‌റോ സ്‌പെയിസിന്റെ പൂര്‍ണ ഉടമസ്ഥതിയിലാണ് തിരുവനന്തപുത്തെ ബിടിഎഎല്‍. 15 ഏക്കറാണ് വിസ്തൃതിയെങ്കിലും ബ്രഹോമിസിന്റെ മികച്ച പരീക്ഷണ ശാലകളില്‍ ഒന്നാണ് തിരുവനന്തപുരത്തേത്. ലക്‌നൗവില്‍ മെയ് 11ന് ഉദ്ഘാടനം ചെയ്ത ബ്രഹ്മോസ് ഇന്റഗ്രേഷന്‍ ആന്‍ഡ് ടെസ്റ്റിങ് ഫെസിലിറ്റി സെന്ററിന് സമാനമായി നെയ്യാര്‍ഡാമിനടുത്തുള്ള നെട്ടുകാല്‍ത്തേരിയിലെ 186 ഏക്കറിലേക്ക് തിരുവന്തപുരം ബ്രഹ്മോസിനെ വികസിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രാജ്യം കാത്തുസൂക്ഷിക്കാന്‍ ബ്രഹ്മോസിന് കരുത്ത് പകരാനായതിന്റെയും രാജ്യത്തിന്റെ പ്രതിരോധ ശേഷിയെ ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞതിന്റെയും സന്തോഷത്തിലാണ് തിരുവനന്തപുരം ബ്രഹ്മോസ് സംഘം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by