പത്തനംതിട്ട:കോന്നിയില്‍ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞതിനെ തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചയാളെ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും ബലമായി ഇറക്കിക്കൊണ്ട് പോയ സംഭവത്തില്‍, വീഴ്ച പറ്റിയത് എംഎല്‍എ കെ യു ജനീഷ് കുമാറിനാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്.വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ കമല്‍ഹാര്‍ റിപ്പോര്‍ട്ട് വനംമന്ത്രിക്ക് കൈമാറി.
ആന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ കേസിന്റെ അന്വേഷണം എംഎല്‍എയുടെ നീക്കം മൂലം തടസപ്പെട്ടു. എംഎല്‍എയും പൊലീസും ചേര്‍ന്ന് വനംവകുപ്പ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ ഇറക്കിക്കൊണ്ടുപോയി. എംഎല്‍എയുടേത് അപക്വമായ പെരുമാറ്റമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ, ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചയാളെ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് ബലമായി ഇറക്കിക്കൊണ്ട് പോയ സംഭവത്തില്‍ കോന്നി എംഎല്‍എയ്‌ക്ക് എതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കി.വനം വകുപ്പിലെ ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ എംഎല്‍എക്ക് എതിരെ സ്പീക്കര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് എംഎല്‍എക്കെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ എംഎല്‍എ ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടനയുടെ പരാതി.
സോളാര്‍ വേലിയിലൂടെ അമിതതോതില്‍ വൈദ്യുതി കടത്തിവിട്ട് കുളത്തുമണ്‍ ഭാഗത്ത് മൃഗ വേട്ട നടന്നിരുന്നു എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.കൈത കൃഷി ചെയ്യാന്‍ സ്ഥലം പാട്ടത്തിനെടുത്ത തൊടുപുഴ സ്വദേശികളാണ് മുഖ്യ പ്രതികള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളുടെ സഹായിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ എംഎല്‍എ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ നിന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: