പാലക്കാട്: തപാല്‍ വോട്ട് തിരുത്തിയെന്ന് വെളിപ്പെടുത്തിയ മുന്‍ മന്ത്രി ജി സുധാകരന്‍ മലക്കം മറിഞ്ഞു. പോസ്റ്റല്‍ ബാലറ്റ് തിരുത്താറില്ല എന്നാണ് ഇപ്പോള്‍ സുധാകരന്‍ പറയുന്നത്.
തപാല്‍വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലിലാണ് സുധാകരന്‍ വിശദീകരണം നല്‍കിയത്.കുറച്ച് ഭാവനകൂട്ടി പറഞ്ഞതായിരുന്നെന്നും ചിലര്‍ക്ക് ജാഗ്രത വരുത്താന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞതെന്നുമാണ് മുതിര്‍ന്ന സി പി എം നേതാവ് കൂടിയായ അദ്ദേഹം ഇപ്പോള്‍ പറയുന്നത്. പറയുന്നത് പൂര്‍ണമായി മാധ്യമങ്ങള്‍ കൊടുക്കില്ല. അവര്‍ക്ക് ആവശ്യമുള്ളത് മാത്രം കൊടുക്കും എന്നും അദ്ദേഹം പറഞ്ഞു.
വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സുധാകരനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയതോടെ അമ്പലപ്പുഴ തഹസില്‍ദാര്‍ കെ അന്‍വറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജി സുധാകരന്റെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തി.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവരാണ് മൊഴിയെടുത്തത്.
പറയാനുള്ള കാര്യങ്ങളെല്ലം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു മൊഴിയെടുപ്പിനുശേഷം ജി സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തപാല്‍വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ മുന്‍ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാനുള്ള അടിയന്തര നടപടിയെടുക്കാന്‍ ആലപ്പുഴ കളക്ടര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് മൊഴിയെടുപ്പ് നടന്നത്.തപാല്‍ വോട്ട് തിരുത്തിയത് ഗുരുതര നിയമലംഘനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ യു ഖേല്‍ക്കര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ആലപ്പുഴയില്‍ എന്‍ജിഒ യൂണിയന്‍ സമ്മേളനത്തിലാണ് ജി സുധാകരന്‍ ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയത്.ഇത് എഫ്‌ഐആറിട്ട് കേസെടുക്കേണ്ടതും വിശദമായ അന്വേഷണം നടത്തേണ്ടതുമായ ഗുരുതര നിയമലംഘനമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തല്‍. തപാല്‍വോട്ടില്‍ കൃത്രിമം കാട്ടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിച്ചത്.ഇത് ജനപ്രാതിനിധ്യ നിയമത്തിലെ 136,128 വകുപ്പുകള്‍, തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍, ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരം ഗുരുതര നിയമ ലംഘനമാണ്.
കേസെടുത്താലും കുഴപ്പമില്ലെന്ന് പറഞ്ഞാണ് 1989 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച് താന്‍ ഉള്‍പ്പെടയുള്ളവര്‍ തപാല്‍ വോട്ടുകള്‍ തിരുത്തിയെന്ന് സുധാകരന്‍ വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: