ശ്രീനഗര്‍: പാകിസ്ഥാന്റെ ആണവായുധങ്ങള്‍ അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മേല്‍നോട്ടത്തിലേക്ക് മാറ്റണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇത്രയും ഉത്തരവാദിത്തമില്ലാത്തതും തെമ്മാടിയുമായ ഒരു രാജ്യത്തിന്റെ കൈകളില്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോ എന്ന് ലോകരാജ്യങ്ങളോട് ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ജമ്മു കശ്മീരില്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി ബദാഗിബാഗ് കന്റോണ്‍മെന്റില്‍ സംസാരിക്കുകയായിരുന്നു. പാകിസ്ഥാനിലെ ആണവായുധങ്ങളുടെ സൂക്ഷിപ്പു ചുമതല അന്താരാഷ്‌ട്ര ആറ്റമിക് എനര്‍ജി ഏജന്‍സി ഏറ്റെടുക്കണമെന്ന് കേന്ദ്രപ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരതയ്‌ക്കെതിരായ ശക്തമായ നടപടിയായിരുന്നു. ഭീകരവാദത്തിനെതിരെ ഏതറ്റം വരെയും ഇന്ത്യ പോകും. ഭീകരര്‍ക്ക് അഭയം നല്‍കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണം. ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തോടുള്ള പ്രതിബദ്ധതയായിരുന്നുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
പാകിസ്ഥാന്‍ ഉയര്‍ത്തിയ ആണവ ഭീഷണി പോലും കണക്കിലെടുക്കാതെയാണ്, ഇന്ത്യ ഭീകരവാദികള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തിയത്. അതിര്‍ത്തിക്കപ്പുറത്തുള്ള പാകിസ്ഥാനിലെ ഭീകര താവളങ്ങളും ബങ്കറുകളും സൈന്യം നശിപ്പിച്ച രീതി, ശത്രുവിന് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് കരുതുന്നുവെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.
പഹല്‍ഗാം ആക്രമണത്തിനുശേഷം, പാകിസ്ഥാനോടും തീവ്രവാദികളോടും ജമ്മു കശ്മീരിലെ ജനങ്ങള്‍ കടുത്ത രോഷമാണ് പ്രകടിപ്പിച്ചത്. കശ്മീരിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ ഉണ്ടായശേഷം ആദ്യമായി കശ്മീരിലെത്തിയ രാജ്‌നാഥ് സിങ്, കരസേനയുടെ 15 കോര്‍പ്‌സ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിക്കുകയും സൈനികരുമായി സംസാരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: