India

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാരം ഇറക്കിവെച്ചു;ആത്മീയതപാതയില്‍ ഗുരുപ്രസാദം തേടി കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവനില്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ ആത്മീയതയുടെ തെളിവാര്‍ന്ന പുഞ്ചിരിയുമായി ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവന്‍ ആശ്രമത്തില്‍ ഗുരുകടാക്ഷം തേടി എത്തി.

Published by

വൃന്ദാവന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ ആത്മീയതയുടെ തെളിവാര്‍ന്ന പുഞ്ചിരിയുമായി ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവന്‍ ആശ്രമത്തില്‍ ഗുരുകടാക്ഷം തേടി എത്തി.

വൃന്ദാവനിലെ ആശ്രമത്തില്‍ ശ്രീ പ്രേമാനന്ദ് ശരണ്‍ജി ഗോവിന്ദ് മഹാരാജിന്റെ അനുഗ്രഹം തേടിയാണ് ഇരുവരും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച ഉടന്‍ എത്തിയത്. ഇതിനകം ക്രിക്കറ്റില്‍ ആയിരത്തിലധികം കോടി സമ്പാദിച്ചിട്ടുണ്ടെങ്കിലും കോഹ്ലിയെ സംബന്ധിച്ചിടത്തോളം വിരമിക്കല്‍ പ്രഖ്യാപനം കഠിനമായിരുന്നു. കോഹ്ലിയെ പിന്തിരിപ്പിക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സ്വന്തം തീരുമാനത്തില്‍ നിന്നും കോഹ്ലി വ്യതിചലിച്ചില്ല. സാധാരണഭക്തരെപ്പോലെ ടാക്സി കാറിലാണ് ഇരുവരും ആശ്രമത്തില്‍ എത്തിച്ചേര്‍ന്നത്. മക്കളുടെ അകമ്പടിയും ഉണ്ടായിരുന്നില്ല. ഇരുവരും ഒന്നിച്ച് ഗുരുവിന്റെ അനുഗ്രഹം മാത്രം തേടിയാണ് എത്തിയത്. ഇരുവരെയും സ്നേഹത്തോടെ ഗുരു സ്വീകരിച്ചു. അനുഗ്രഹിച്ച് അയയ്‌ക്കുകയും ചെയ്തു.

ഇരുവരും ഗുരുവിന് മുന്‍പില്‍ മുട്ടുകുത്തി. സന്തോഷമാണോ എന്ന ഗുരുവിന്റെ ചോദ്യത്തിന് അതെ എന്നായിരുന്നു കോഹ്ലി ഉത്തരം പറഞ്ഞത്. ഗുരുവിന് മുന്‍പില്‍ മുട്ടുകുത്തി വണങ്ങുമ്പോള്‍ അനുഷ്കയുടെ കണ്ണ് നനഞ്ഞിരുന്നു.

ധനവാന്‍, കുലവാന്‍ എന്നൊന്നും ചിന്തിക്കാതെ ഭക്തിയില്‍  മുഴുകണമെന്നും എങ്കിലേ പ്രശാന്തി ഉണ്ടാകൂ എന്നും കീര്‍ത്തി, പണം, ലാഭം, വിജയം തുടങ്ങിയ ബാഹ്യകാര്യങ്ങളില്‍ നോക്കിനില്‍ക്കാതെ പരമശാന്തിയുടെ വഴിയിലൂടെ യാത്ര ചെയ്യാനും ഗുരു പറഞ്ഞു. ഉള്ളിലുള്ള ചിന്തകള്‍ അടക്കണം. എങ്കിലേ ഭഗവാന്റെ പ്രസന്നത ഉണ്ടാകൂ. – ഗുരു പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by