കവാസാക്കി എലിമിനേറ്ററിന്റെ പുതിയ പതിപ്പിന്റെ വരവോടെ ക്രൂസ് ബൈക്കിന്റെ വിപണി കിടമത്സരത്തിനൊരുങ്ങുന്നു. ഏതാനും വര്‍ഷങ്ങളായി ഈ രംഗത്ത് ആധിപത്യം പുലര്‍ത്തുന്ന ബുള്ളറ്റിനെ തകര്‍ക്കുകയാണ് കവാസാക്കിയുടെ ലക്ഷ്യം. പുതിയ പതിപ്പിന്റെ എഞ്ചിനിലും ടോര്‍ക്കിലും പവറിലും മാറ്റമില്ലെങ്കിലും കുറെക്കൂടി മെച്ചപ്പെടുത്തിയ എഡിഷനാണ് 2025ല്‍ പുറത്തിറങ്ങിയിരിക്കുന്നതെന്ന് കമ്പനി പറയുന്നു.
കരുത്തുള്ള 451സിസി സമാന്തര ഇരട്ട എഞ്ചിനാണ് കവാസാക്കി എലിമിനേറ്ററിന്റെ ഒരു സവിശേഷത. മാത്രമല്ല, കരുത്തും മസില്‍പവറും ഉള്ളപ്പോള്‍ തന്നെ മികച്ച മൈലേജും കവാസാക്കി എലിമിനേറ്റര്‍ വാഗ്ദാനം ചെയ്യുന്നു.ഒരു ലിറ്ററിന് 30 കിലോമീറ്റര്‍ ആണ് മൈലേജ്. ആധുനിക ഫീച്ചറുകളും പവറും മോഹിക്കുന്ന യുവാക്കളെ കവാസാക്കി എലിമിനേറ്റര്‍ പ്രലോഭിപ്പിക്കും.
ബുള്ളറ്റും കവാസാക്കി എലിമിനേറ്ററും താരതമ്യം ചെയ്താല്‍ പല മേഖലകളിലും കവാസാക്കിയാണ് കേമന്‍. സ്പീഡിന്റെ കാര്യത്തില്‍ ബുള്ളറ്റിന് മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ ആണ് വേഗതയെങ്കില്‍ കവാസാക്കി എലിമിനേറ്ററിന് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗതയുണ്ട്.
ബുള്ളറ്റിന് 4000 ആര്‍പിഎമ്മില്‍ 27 എന്‍എം ടോര്‍ക്കാണ് ഉള്ളതെങ്കില്‍ കവാസാക്കിക്ക് 6000 ആര്‍പിഎമ്മില്‍ 42.6 എന്‍എം ടോര്‍ക്കുണ്ട്. ബുള്ളറ്റിന്‍റേത് 6100 ആര്‍പിഎമ്മില്‍ 20.2 എച്ച് പി ആണ് പരമാവധി പവറെങ്കില്‍ 9000 ആര്‍പിഎമ്മില്‍ 45.4 എച്ച് പി പവറാണ് കവാസാക്കിക്ക്. ബുളളറ്റിന് 349 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന്‍ ആണെങ്കില്‍ കവാസാക്കിയുടേത് 451സിസി പാരലല്‍-ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ്.
പൂജ്യത്തില്‍ നിന്നും 60 കിലോമീറ്ററിലേക്ക് കുതിക്കാന്‍ ബുള്ളറ്റിന് ഒമ്പത് സെക്കന്‍റുകള്‍ വേണമെങ്കില്‍ കവാസാക്കിക്ക് 4.5 സെക്കന്‍റുകള്‍ മതിയാവും. 5.76 ലക്ഷമാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: