പത്തനംതിട്ട: കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസില്‍ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ ബലമായി മോചിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി കെയു ജനീഷ് കുമാര്‍ എംഎല്‍എ. ജനങ്ങളുടെ പ്രശ്‌നങ്ങളിലെ വൈകാരിക പ്രകടനമാണ് ഉണ്ടായതെന്നാണ് എം എല്‍ എയുടെ ന്യായം.അതേസമയം മോശം ഭാഷ ഉപയോഗിക്കേണ്ടിവന്നതില്‍ ഖേദമുണ്ടെന്നും കെയു ജനീഷ് കുമാര്‍ പ്രതികരിച്ചു.
ആന ചരിഞ്ഞതിന്റെ പേരില്‍ ജനങ്ങളുടെ സമാധാനം തകര്‍ക്കുന്നു. വനംവകുപ്പ് സാധാരണക്കാരെ മുഴുവന്‍ ഭീഷണിപ്പെടുത്തുന്നു. അകാരണമായി നാട്ടുകാരെ കസ്റ്റഡിയില്‍ എടുക്കുന്നു.ഇതിനെയാണ് ചോദ്യം ചെയ്തതെന്ന് എം എല്‍ എ ന്യായീകരിക്കുന്നു. നക്‌സല്‍ സംഘടനകള്‍ വരുമെന്ന് പറഞ്ഞത് അത്തരം സംഘടനകള്‍ അത് മുതലെടുക്കുമെന്ന ഉദ്ദേശത്തിലാണെന്നും ന്യായികരണമുണ്ട്.
അതേസമയം, എംഎല്‍എയുടെ വാദം തള്ളി കോന്നി ഡിഎഫ്ഒ രംഗത്തു വന്നു.ആന ചരിഞ്ഞ കേസില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല.നടപടിക്രമം പാലിച്ച് ചോദ്യംചെയ്യാനാണ് വിളിപ്പിച്ചത്. എംഎല്‍എ ഇറക്കി കൊണ്ടുപോയ ആള്‍ സ്വന്തം വാഹനത്തിലാണ് ഫോറസ്റ്റ് സ്റ്റേഷനില്‍ വന്നത്.വിഷയം ഉണ്ടായ പാടം ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കോന്നി ഡിഎഫ്ഒ പറഞ്ഞു.
കൈതകൃഷി പാട്ടത്തിന് എടുത്തവര്‍ സോളര്‍ വേലിയില്‍ വലിയ തോതില്‍ വൈദ്യുതി കടത്തി വിട്ടതാണ് ആന ഷോക്കേറ്റ് ചരിയാന്‍ കാരണമെന്ന് വനം വകുപ്പ് സംശയിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളുടെ സഹായിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇതറിഞ്ഞെത്തിയ എംഎല്‍എ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ നിന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു. കോന്നി ഡിവൈഎസ്പിയെയും കൂട്ടിയാണ് എംഎല്‍എ ഫോറസ്റ്റ് ഓഫീസിലെത്തിയത്.ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും എംഎല്‍എ ഭീഷണിപ്പെടുത്തുന്നുണ്ട്.ഉദ്യോഗസ്ഥരെ അസഭ്യം പറയുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക