ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ വ്യോമികാ സിങ്ങ് എത്തിയപ്പോള്‍ കൊല്‍ക്കൊത്തക്കാര്‍ക്ക് അതില്‍ അത്ഭുതം തോന്നിയില്ല. കാരണം, 35 കാരിയായ വ്യോമസേനയുടെ ഈ ധീരയായ പൈലറ്റ് 2025 ഏപ്രില്‍ 12ന് ബംഗാളില്‍ എത്തിയിരുന്നു- സ്ത്രീശാക്തീകരണത്തെക്കുറിച്ചും പുരുഷന്മാര്‍ ആധിപത്യം വഹിക്കുന്ന രംഗങ്ങളിലേക്ക് എത്തിപ്പെടുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചും സംസാരിക്കാനാണ് അന്ന് വ്യോമിക സിങ്ങ് ബംഗാളില്‍ എത്തിയത്.
അന്ന് വ്യോമികാ സിങ്ങിന്റെ ആത്മവിശ്വാസവും വ്യക്തിപ്രഭാവവും കണ്ടവര്‍ക്ക് ഒരിയ്‌ക്കലും വ്യോമിക സിങ്ങിനെ മറക്കാന്‍ കഴിയില്ല. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളെ അഭിസംബോധന ചെയ്യാന്‍ കേണല്‍ സോഫിയ ഖുറേഷിയ്‌ക്കൊപ്പം വ്യോമികാ സിങ്ങിനെ ടിവിയില്‍ കണ്ടപ്പോള്‍ സുമിത റോയ് ഞെട്ടിയില്ല. ഇന്നല്‍ വീല്‍ എന്ന അവരുടെ സംഘടനയാണ് അന്ന് കൊല്‍ക്കൊത്തയില്‍ വ്യോമികാ സിങ്ങിന്റെ പരിപാടി സംഘടിപ്പിച്ചത്. “അന്ന് ഞങ്ങള്‍ സംഘടിപ്പിച്ച പരിപാടിയില്‍ വ്യോമികാ സിങ്ങ് സംസാരിച്ചപ്പോള്‍ ശ്രോതാക്കള്‍ക്ക് ലഭിച്ച ആത്മവിശ്വാസവും പ്രചോദനവും അപാരമായിരുന്നു.”- സുമിത റോയ് പറയുന്നു.
അന്നത്തെ മീറ്റിംഗില്‍ വ്യോമസേനയിലെ തന്റെ അസാധാരണമായ യാത്രയെക്കുറിച്ചാണ് വ്യോമികാ സിങ്ങ് സംസാരിച്ചത്. “സ്ത്രീകള്‍ മാനസികമായി കരുത്തുള്ളവരും കൂടുതല്‍ സ്ഥിരതയുള്ളവരും ആണെന്നും നമ്മള്‍ നമ്മുടെ ഉള്ളിലെ കരുത്തിലും ആത്മശബ്ദത്തിലും വിശ്വസിച്ചാല്‍ പിന്നെ ഒരു ശക്തിക്കും ഒരു വേര്‍തിരിവുകള്‍ക്കും നമ്മെ തടുക്കാന്‍ സാധിക്കില്ല.”- ഇതായിരുന്നു വ്യോമികാ സിങ്ങ് അന്ന് പറഞ്ഞത്.
ചെറുപ്പത്തില്‍ നീ പെണ്‍കുട്ടിയാണ്, നിനക്കിതിന് സാധിക്കില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവര്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാന്‍ വ്യോമികാ സിങ്ങിന് ഒരു പ്രത്യേക വാശിയായിരുന്നു. അച്ഛന്‍ വ്യോമികാ സിങ്ങിന് വലിയ കരുത്ത് നല്‍കി. കുട്ടിക്കാലത്തെ അച്ഛന്‍ അവള്‍ക്ക് ഫുട്ബാളും ക്രിക്കറ്റ് പന്തും സ്കേറ്റ് ബോര്‍ഡും വാങ്ങിക്കൊടുത്തു. മകളെ ഇതെല്ലാം ഉപയോഗിച്ച് കളിക്കാന്‍ അച്ഛന്‍ നിര്‍ബന്ധിക്കുമായിരുന്നുവെന്നും വ്യോമികാ സിങ്ങ് പറയുന്നു. അച്ഛന്‍ മകള്‍ക്ക് വ്യോമിക എന്ന പേരിടുമ്പോള്‍ തന്നെ സ്വപ്നം കണ്ടിരുന്നു- മകള്‍ ആകാശത്തിന്റെ മകളാകുമെന്ന്. വ്യോമിക എന്ന വാക്കിന് അര്‍ത്ഥം ആകാശത്തിന്റെ മകള്‍ എന്നാണ്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം അധ്യാപിക ഓരോരുത്തരുടെയും പേരിന്റെ അര്‍ത്ഥമെന്താണെന്ന് ചോദിച്ചു. വ്യോമിക എന്ന വാക്കിന്റെ അര്‍ത്ഥം ആകാശത്തിന്റെ മകള്‍ എന്നാണെന്ന് അന്ന് അറിഞ്ഞതിന് ശേഷം പൈലറ്റാകണം എന്ന മോഹം വ്യോമികയില്‍ ഉണര്‍ന്നു.
ആണ്‍കുട്ടി, പെണ്‍കുട്ടി എന്ന വേര്‍തിരിവല്ല, നമ്മള്‍ നടത്തുന്ന പ്രകടനമാണ് നമ്മളെ വേര്‍തിരിക്കുന്നതെന്ന് വ്യോമികാ സിങ്ങ് പറയുന്നു. നമ്മള്‍ ഒരു കാര്യത്തില്‍ മിടുക്ക് നേടിയാല്‍, അതില്‍ വേണ്ട പരിശീലനം നേടി മികവ് കാട്ടിയാല്‍ ആര്‍ക്കും നമ്മെ തഴയാന്‍ കഴിയില്ലെന്ന് വ്യോമികാ സിങ്ങ് സ്വന്തം അനുഭവത്തില്‍ നിന്നും നേടിയ പാഠമാണ്.
“അവള്‍ എപ്പോഴും കുട്ടികളുടെ കൂട്ടത്തില്‍ നിന്നും വേറിട്ട് നിന്നു. ശാന്തയാണെങ്കിലും അവര്‍ ധീരയായിരുന്നു.”- വ്യോമികാ സിങ്ങിനെക്കുറിച്ച് സ്കൂള്‍ അധ്യാപകര്‍ പറയുന്നു. സ്കൂളില്‍ എന്‍സിസി കേഡറ്റായിരുന്നു. എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം യുപിഎസ് സി പരീക്ഷയില്‍ എസ് എസ് ബി പാസായാണ് വ്യോമിക സിങ്ങ് ഡിഫന്‍സ് അക്കാദമിയില്‍ എത്തുന്നത്. പിന്നീട് അവരുടെ കരുത്തിന്റെ ബലത്തില്‍ വ്യോമിക ശ്രദ്ധേയയായി. വളരെ സങ്കീര്‍ണ്ണവും ക്ലിഷ്ടവുമായ അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ മലനിരകളിലൂടെ 2500 മണിക്കൂറോളം ചീറ്റയും ചേതകും പറത്തിയാണ് വ്യോമിക പൈലറ്റ് എന്ന നിലയില്‍ കരുത്തയാകുന്നത്. ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് വേണ്ടി നിരവധി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് പ്രശംസ നേടി. ഉറച്ചതും കൃത്യവുമായ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവാണ് വ്യോമികാ സിങ്ങിനെ ഉയരത്തില്‍ എത്തിച്ചത്. 2021ല്‍ മൗണ്ട് മണിരംഗ് മലനിരകള്‍ സ്പിതി താഴ്വരയിലൂടെ കയറിയ വ്യോമികയുടെ ദൗത്യം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സമൂദ്ര നിരപ്പില്‍ നിന്നും ഏറെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജീവന്‍ പണയം വെച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ പേരില്‍ ധീരതയ്‌ക്കുള്ള പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: