മുംബൈ: റെയില്‍വേയില്‍ നിന്നും ദേശീയ ഹൈവേ അതോറിറ്റിയില്‍ നിന്നും ടെലികോമില്‍ നിന്നും കോടികളുടെ ഓര്‍ഡറുകള്‍ നേടിയ റെയില്‍വേ നിര്‍മ്മാണക്കമ്പനിയായ ആര്‍വിഎന്‍എലിന്റെ (റെയില്‍ വികാസ് നിഗം ലിമിറ്റഡ്- RVNL-Rail Vikas Nigam Limited) ഓഹരിവില കുതിപ്പില്‍. കഴിഞ്ഞ അഞ്ച് ദിവസത്തില്‍ മാത്രം കമ്പനിയുടെ ഒരു ഓഹരിയുടെ വില 54 രൂപ കൂടിയിരുന്നു.
മെയ് 9ന് 318 രൂപയില്‍ നിന്ന ഓഹരി മെയ് 14ന് 372 രൂപയിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ കുറെ നാളുകളായി ആര്‍വിഎന്‍എല്‍ ഓഹരി തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. 2024 ജൂലായ് 11ന് 630 രൂപ വരെ എത്തിയ ഓഹരി വില മെയ് എട്ടിന് 318 രൂപയിലേക്ക് താഴ്ന്നിരുന്നു. ഏകദേശം 45 ശതമാനത്തോളം ഇടിഞ്ഞ ഈ ഓഹരി ഇപ്പോള്‍ വീണ്ടും തിരിച്ചു കുതിക്കുകയാണ്.
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നും 554 കോടിയുടെ ഹൈവേ പദ്ധതി ആര്‍വിഎന്‍എല്‍ നേടിയിരുന്നു. ദക്ഷിണറെയില്‍വേയില്‍ നിന്നും 143 കോടി രൂപയുടെ ഓര്‍ഡര്‍ നേടിയിരുന്നു. ടെലികോം രംഗത്തെ അടിസ്ഥാന സൗകര്യവികസനത്തിന്റെ കാര്യത്തില്‍ ഏറ്റവും കുറഞ്ഞ തുകയ്‌ക്ക് ആര്‍വിഎന്‍എല്‍ ഓര്‍ഡര്‍ നേടിയിരുന്നു. ഈസ്റ്റേണ്‍ റെയില്‍വേയുടെ 837 കോടി രൂപയുടെ പദ്ധതിയും ആര്‍വിഎന്‍എല്‍ സ്വന്തമാക്കി. മഹാരാഷ്‌ട്രയില്‍ നിന്നും 270 കോടി രൂപയും സെന്‍ട്രല്‍, സൗത്ത് വെസ്റ്റേണ്‍, ഈസ്റ്റ് കോസ്റ്റ് റെയില്‍വേ ഡിവിഷനുകളില്‍ നിന്നും 695 കോടി രൂപയുടെയും ബിസിനസ് നേടിയിരുന്നു. തുടര്‍ച്ചയായ കോടികളുടെ ഓര്‍ഡറുകളുടെ ബലത്തില്‍ കമ്പനിയുടെ ഓഹരിവില കുതിക്കുകയാണ്.
318 രൂപയിലേക്ക് താഴ്ന്ന ഓഹരിയുടെ വില വന്‍ തിരിച്ചുകയറ്റത്തിലാണെന്നും ഇത് നിക്ഷേപിക്കാന്‍ പറ്റിയ സമയമാണെന്നും കൊടക് സെക്യൂരിറ്റീസിലെ ടെക്നിക്കല്‍ റിസര്‍ച്ച് വൈസ് പ്രസിഡന്‍റായ അമല്‍ അതവാലെ പറയുന്നു. ആര്‍വിഎന്‍എല്‍ ഓഹരിവില കുതിച്ചുയരുന്ന ട്രെന്‍ഡില്‍ ആണെന്ന് ദിവസേനയുടെ ട്രെന്‍ഡ് കാണിക്കുന്നുവെന്നാണ് സെബിയില്‍ രജിസ്റ്റര്‍ ചെയ്ത അനലിസ്റ്റായ എ.ആര്‍. രാമചന്ദ്രന്‍ പറയുന്നു.
ആര്‍വിഎന്‍എല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമാണ്. പുതിയ റെയില്‍വേ ലൈനുകള്‍ ഉണ്ടാക്കുക, റെയില്‍വേ ലൈനുകള്‍ ഇരട്ടിപ്പിക്കുക, മെട്രോ റെയില്‍ സ്ഥാപിക്കുക, ഹൈസ്പീഡ് റെയില്‍വേ നിര്‍മ്മിക്കുക, റോഡ് നിര്‍മ്മാണം, കെട്ടിടനിര്‍മ്മാണം പോലുള്ള അടിസ്ഥാനസൗകര്യവികസനം എന്നിവയാണ് ആര്‍വിഎന്‍എല്ലിന്റെ പ്രധാന ജോലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: