Sports

ലോക മാസ്റ്റേഴ്‌സ് ഹാന്‍ഡ്ബോളില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കോട്ടയം സ്വദേശി

Published by

കോട്ടയം: ഈ മാസം 17 -ന് ആരംഭിക്കുന്ന ലോകമാസ്‌റ്റേഴ്‌സ് ഗെയിംസില്‍ കോട്ടയം സ്വദേശി പ്രദീപ് ജി. നാഥിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹാന്‍ഡ്ബോള്‍ ടീം മത്സരിക്കും.

2025 ഏപ്രില്‍ മാസം ഹിമാചലില്‍വച്ച് നടന്ന നാഷണല്‍ മാസ്റ്റേഴ്സ് ഗെയിംസ്സില്‍ ഹാന്‍ഡ്‌ബോള്‍ (കാറ്റഗറി 40+, 45+) സ്വര്‍ണ്ണം നേടിയ കേരള ടീം അംഗമായ പ്രദീപ് 2023-ല്‍ ക്രൊയേഷ്യയില്‍ വച്ച് നടന്ന ലോക മാസ്റ്റേഴ് ഹാന്‍ഡ്‌ബോളില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ ജേഴ്സി അണിയുന്നത്. പഠനകാലത്ത് ഇന്റര്‍ യൂണിവേഴ്സിറ്റി മത്സരങ്ങളിലും സീനിയര്‍ നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള പ്രദീപ് പിന്നീട് പരിശീലകനായും കായികമികവ് തെളിയിച്ചിരുന്നു.

എച്ച്.ഡി.എഫ്.സി. കോട്ടയം സിറ്റി ഹെഡ്ഡായി പ്രവര്‍ത്തിക്കുന്ന പ്രദീപ്, മുട്ടമ്പലം പരിയാരത്ത് വീട്ടില്‍ ഗോപിനാഥന്‍ നായരുടെയും, ലതിക ദേവിയുടെയും മകനാണ്. എസ്.ബി.ഐ. ഏരിയാ മാനേജരായ ഭാര്യ ജിഷ മോഹന്‍, മാര്‍ ബസേലിയസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കള്‍ ആര്യനാഥ്, അദ്രിനാഥ് എന്നിവരും പ്രദീപിന് പൂര്‍ണ പിന്തുണയും പ്രോത്സാഹനവും നല്‍കി ഒപ്പമുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by