റിയാദ്: ഗൾഫ് രാജ്യങ്ങളിലേക്ക് സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ‍് ട്രംപ് വമ്പൻ പ്രഖ്യാപനങ്ങളുമായി ലോകത്തെ അമ്പരപ്പിക്കുകയാണ്. ഏറ്റവും ഒടുവിലായുള്ള ട്രംപിന്റെ പ്രഖ്യാപനം സിറിയക്കെതിരായ ഉപരോധം പിൻവലിക്കുമെന്നതാണ്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ഈ പ്രഖ്യാപനത്തെ സൗദി കിരീടാവകാശി ഉൾപ്പെടെയുള്ള സദസ് ഏഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് സ്വീകരിച്ചത്.
സിറിയയ്‌ക്ക് മേലുള്ള ഉപരോധം പിൻവലിക്കുമെന്ന് ഡോണൾഡ് ട്രംപ് ഉറപ്പ് പറഞ്ഞു. സിറിയയിലെ പുതിയ സർക്കാർ രാജ്യത്തെ നന്നായി നയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് ട്രംപ്, സിറിയക്കെതിരായ അമേരിക്കൻ ഉപരോധം പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചത്. ഉപരോധം നീക്കാനുള്ള അമേരിക്കൻ നീക്കത്തെ സ്വാഗതം ചെയ്ത് സിറിയയും രംഗത്തെത്തി.
അതേസമയം സൗദിയിലെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് രാജകീയ വരവേൽപ്പാണ് സൗദി നൽകിയത്. സൗദിയുടെ റോയൽ എയർഫോഴ്സ് അകമ്പടിയിൽ വിമാനമിറങ്ങിയ ട്രംപിനെ സൗദി കിരീടാവകാശി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. 142 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറിലും തന്ത്രപ്രധാന സാമ്പത്തിക സഹകരണ കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. അമേരിക്കയും ഗൾഫ് രാജ്യങ്ങളുമായുള്ള സുപ്രധാന ഉച്ചകോടി ബുധനാഴ്ച നടക്കും. ഇസ്രയേൽ സന്ദർശിക്കുന്നില്ല എന്നതും പലസ്തീനെ രാഷ്‌ട്രമായി അംഗീകരിക്കുമെന്നതുമടക്കമുള്ള സുപ്രധാന പ്രഖ്യാപനം ട്രംപിൽ നിന്ന് ഉണ്ടാകുമോയെന്നതും അറിയാനായി അമേരിക്കൻ പ്രസിഡന്‍റിന്റെ ഗൾഫ് സന്ദർശനത്തെ ലോകം ഉറ്റുനോക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: