കൊച്ചി: മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ പ്രിന്‍സ് ആന്‍റ് ഫാമിലി ഓടിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. ഒടുവിലത്തെ ഏതാനും സിനിമകള്‍ വന്‍വിജയം കൊയ്യാനാകാതെ കടന്നുപോയപ്പോള്‍ ഇതാ ദിലീപിന്റെ 150ാം ചിത്രം ഹിറ്റിലേക്കാണെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
സിനിമ വന്‍വിജയം ആക്കുന്ന പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം ദിലീപ് രംഗത്തെത്തിയിരുന്നു. സിനിമ റിലീസാകുന്നതുവരെ വലിയ പബ്ലിസിറ്റിയൊന്നും നല്‍കിയിരുന്നില്ലെന്നും എന്നിട്ടും സിനിമ വിജയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ദിലീപ് സിനിമയുടെ വിജയാഘോഷ പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞു.
“കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നെ അടിച്ചിടാന്‍ നിന്ന ആളുകളല്ലെ നിങ്ങള്‍ ഒന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്റെ കൂടെ നിന്നു കൂടെ” എന്ന ദിലീപിന്റെ പ്രസംഗത്തിലെ ഈ വാചകം ഏറെ വൈറലായിരിക്കുകയാണ്.
ഇനി മലയാളസിനിമയില്‍ ദിലീപ് ഇല്ലെന്ന് പറഞ്ഞ സമയത്താണ് സച്ചി എനിക്ക് രാമലീല നല്‍കിയത്. ഇനി മലയാള സിനിമയില്‍ ദിലീപ് ഇല്ലെന്ന് പറഞ്ഞ സമയത്ത് കൈപിടിക്കുകയാണ് ജനം. ദി പ്രിന്‍സ് ആന്‍റ് ഫാമിലിക്ക് തിരക്ക് കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്. – ദിലീപ് പറഞ്ഞു.
പ്രിൻസ് ആൻഡ് ഫാമിലി തികച്ചും ഒരു കുടുംബചിത്രമാണ്. ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തിയിരിക്കുന്നത്. ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള “പ്രിൻസ് ആൻഡ് ഫാമിലി”. ചിത്രത്തിൽ ദിലീപിനോടൊപ്പം ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്,ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി,അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും,കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: