മുംബൈ: നടി കങ്കണ റണാവത്ത് ഹോളിവുഡിലേക്ക് പോകുന്നു. ‘ബ്ലെസ് ഡ് ബി ദ ഈവിള്‍'(Blessed be the Evil) എന്ന ഹൊറര്‍ ഡ്രാമയിലാണ് കങ്കണ അഭിനയിക്കാന്‍ പോകുന്നത്. ഈ അഭിമാനനിമിഷം പങ്കുവെയ്‌ക്കുന്നതിന് പകരം കങ്കണയെ ട്രോളാനാണ് ജിഹാദികളും കമ്മിസൈറ്റുകളും മത്സരിക്കുന്നത്.
ടീന്‍ വുള്‍ഫ് എന്ന ടെലിവിഷന്‍ ഡ്രാമയിലൂടെ രംഗത്തെത്തിയ ടയ്ലര്‍ പോസിയും തുള്‍സ കിംഗ് എന്ന ടിവി സീരിയലിലൂടെ പ്രശസ്തയായ സ്കാര്‍ലറ്റ് റോസ് സ്റ്റാലനുമാണ് കങ്കണയ്‌ക്ക് ഒപ്പം അഭിനയിക്കുന്നത്. യുഎസിലെ ന്യൂയോര്‍ക്കിലാണ് ഷൂട്ടിംഗ്.
അനുരാഗ് രുദ്രയാണ് സംവിധായകന്‍. ഗാഥ തിവാരിയും അനുരാഗ് രുദ്രയും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്. വെയ് ഡ് മുള്ളറും ഗാഥ തിവാരിയുടെ ലയണ്‍സ് മൂവീസും ചേര്‍ന്നാണ് ഈ ടെലിവിഷന്‍ ഡ്രാമ നിര്‍മ്മിക്കുന്നത്.
ഒരു ക്രിസ്ത്യന്‍ ദമ്പതികളുടെ കഥയാണ് ഇതില്‍ പറയുന്നത്. സ്ത്രീയുടെ ഗര്‍ഭം അലസിയ ശേഷം ഈ ദമ്പതികള്‍ ചേര്‍ന്ന് ഒരു ഫാംഹൗസിലെ വീട് വാടകയ്‌ക്കെടുക്കുന്നു. ഒരു ഇരുണ്ട ഭൂതകാലമുള്ളതാണ് ഈ വീട്.
എന്തായാലൂം കങ്കണ റണാവത്തിന്റെ ഉയര്‍ച്ച തന്‍റേടിയായ ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയാണ്. ഹിമാചല്‍ പ്രദേശിലെ ഗ്രാമത്തില്‍ നിന്നും ബോളിവുഡില്‍ എത്തിയ കങ്കണ ആദ്യനാളുകള്‍ കടുത്ത പരിഹാസങ്ങള്‍ക്ക് പാത്രമായിരുന്നു. പാശ്ചാത്യ ഉച്ചാരണശൈലിയുള്ള ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് കരണ്‍ ജോഹാര്‍ വരെ കങ്കണയെ പരിഹസിച്ചിരുന്നു. പക്ഷെ ക്ഷമാപൂര്‍വ്വം കങ്കണ ഇംഗ്ലീഷ് പഠിച്ചെടുത്തു. ഇതിനിടെ ആദ്യ സിനിമകളിലെല്ലാം വിമര്‍ശനം ഏറ്റുവാങ്ങിയ കങ്കണ ഒടുവില്‍ ഗ്യാങ്സ്റ്റര്‍ എന്ന സിനിമയിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
മഹേഷ് ഭട്ടിന്‍റേതായിരുന്നു ഗ്യാങ്സ്റ്റര്‍ എന്ന സിനിമ. ഇതിന്റെ ഓഡിഷനില്‍ പങ്കെടുക്കാന്‍ രണ്ട് കൂട്ടുകാരികളുടെ കൂടെ വെറുതെ പോയതാണ് കങ്കണ. പക്ഷെ ഡയറക്ടര്‍ അനുരാഗ് ബസുവിന് കങ്കണയെ ഇഷ്ടമായി. പക്ഷെ സിനിമയിലെ റോള്‍ ഒരു അമ്മയുടേതാണ്. നിനക്ക് എത്ര വയസ്സായെന്ന് കങ്കണയോട് അനുരാഗ് ബസു ചോദിച്ചു. താന്‍ ഒരു ടീനേജറാണെന്ന് പറഞ്ഞപ്പോള്‍ എന്തു ചെയ്യാന്‍ പറ്റുമെന്ന് നോക്കട്ടെ എന്ന് അനുരാഗ് ബസു പറഞ്ഞു. നാടകത്തില്‍ അഭിനയിച്ച പരിചയമുള്ളതിനാലാണ് അനുരാഗ് ബസുവിന് കങ്കണയെ ഇഷ്ടമായത്. ചിത്രാംഗദ സിങ്ങിനായിരുന്നു നായിക വേഷം പറഞ്ഞുവെച്ചത്. എന്നാല്‍ എന്തോ, കങ്കണയെത്തേടി അനുരാഗ് ബസുവിന്റെ വിളി വന്നു. പാസ്പോര്‍ട്ട് ഉണ്ടോ എന്ന ചോദിച്ചായിരുന്നു വിളി. കങ്കണയ്‌ക്ക് പാസ്പോര്‍ട്ട് ഇല്ലായിരുന്നു. ഒരാഴ്ചയ്‌ക്കുള്ളില്‍ പാസ്പോര്‍ട്ട് വേണം. അച്ഛനെ വിളിച്ച് പറഞ്ഞ് പാസ്പോര്‍ട്ട് സംഘടിപ്പിച്ചു. മഹേഷ് ഭട്ടും അനുരാഗ് ബസുവും സഹായിച്ചു. ഗ്യാങ്ങ്സ്റ്റര്‍ എന്ന സിനിമ സൂപ്പര്‍ ഹിറ്റായി. അത് കങ്കണ എന്ന നടിയുടെ ഉദയമായിരുന്നു.
കൈക്കോട്ടിനെ കൈക്കോട്ടെന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്ന കങ്കണ സ്വന്തം പരിശ്രമത്തിലൂടെയും കഴിവിലൂടെയും, ആരുടെയും സഹായമില്ലാതെ ഉദിച്ചുയര്‍ന്ന താരമാണ്. പിന്നീട് രാഷ്‌ട്രീയത്തിലും അവര്‍ ചുവടുവെച്ചു. ബിജെപിയില്‍ ചേര്‍ന്ന ശേഷം ഹിമാചല്‍ പ്രദേശിലെ മാണ്ഡി ലോക് സഭാ സീറ്റില്‍ ഇവര്‍ തോല്‍പിച്ചത് ഹിമാചല്‍ പ്രദേശിലെ മുഖ്യമന്ത്രിയുടെ മകനായ വിക്രമാദിത്യ സിങ്ങിനെയാണ്. പൊരിഞ്ഞ പോരാട്ടത്തില്‍ കങ്കണ വിജയിച്ചത് 74000 വോട്ടുകളുടെ ഭൂരിപക്ഷത്തിന്.
ഇപ്പോള്‍ കങ്കണ ഹോളിവുഡിലേക്ക് ചുവടുവെയ്‌ക്കുമ്പോള്‍ കങ്കണയുടെ പഴയൊരു പ്രസ്താവന ഉയര്‍ത്തിക്കൊണ്ടുവന്ന് സമൂഹമാധ്യമങ്ങളിലൂടെ വന്‍ വിമര്‍ശനം അഴിച്ചുവിടുകയാണ് രാഷ്‌ട്രീയ വിരോധികള്‍. ഹോളിവുഡ് ഒരു പ്ലേറ്റില്‍ തനിക്ക് അവസരം വെച്ച് നീട്ടിയാല്‍ സ്വീകരിക്കില്ല എന്നതായിരുന്നു കങ്കണയുടെ ഈ പ്രസ്താവന. ഇപ്പോള്‍ കങ്കണയ്‌ക്ക് കിട്ടിയ ഈ അവസരം പ്ലേറ്റില്‍ വെച്ച് നീട്ടപ്പെട്ട ഒന്നായിരുന്നു എന്നാണ് പലരും ഉയര്‍ത്തുന്ന വിമര്‍ശനം.
കങ്കണയുടെ വിജയം പലര്‍ക്കും ദഹിക്കുന്നില്ല. അവര്‍ പരാജയപ്പെടുത്തിയ ബോളിവുഡിലെ പഴയ തമ്പ്രാക്കള്‍ക്ക്, ജിഹാദികള്‍ക്ക്, ബിജെപി വിരുദ്ധര്‍ക്ക്…അങ്ങിനെ പലര്‍ക്കും. ഏറ്റവുമൊടുവില്‍ 1975ലെ അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധി ഭരണത്തിലെ ദൗര്‍ബല്യങ്ങള്‍ പുറത്തുകൊണ്ടുവരുന്ന കങ്കണ തന്നെ നിര്‍മ്മിക്കുകയും ഇന്ദിരാഗാന്ധിയായി തകര്‍ത്തഭിനയിക്കുകയും ചെയ്ത എമര്‍ജന്‍സി എന്ന സിനിമയ്‌ക്കെതിരെ വന്‍ വിമര്‍ശനമായിരുന്നു ഇന്ത്യയില്‍ ഉയര്‍ന്നത്. മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കങ്കണയുടെ ഉറച്ച ബിജെപി നിലപാടുകള്‍ക്ക് മറുപടി കൊടുക്കാന്‍ ശരദ് പവാറിന്റെ അനുയായികള്‍ അവരുടെ മുംബൈയിലെ വീടിന്റെ ഒരു ഭാഗം സര്‍ക്കാര്‍ ഭൂമി കയ്യേറി എന്ന് ആരോപിച്ച് പൊളിക്കുക പോലും ചെയ്തു. എന്നാല്‍ കങ്കണ ഉറച്ച ചുവടുവെയ്പിലാണ്. മുന്നോട്ട് തന്നെ. പ്രിയങ്ക ചോപ്രയും ദീപിക പദുകോണും ഐശ്വര്യാറായിയും പയറ്റിയ ഹോളിവുഡില്‍ കങ്കണയും എത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: