ന്യൂദല്‍ഹി: എന്താണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങിയ റഫാല്‍ എന്ന അപകടകാരിയായ യുദ്ധവിമാനത്തെ വെടിവെച്ചിട്ടെന്ന് വീമ്പിളക്കാന്‍ ചൈനയ്‌ക്കും പാശ്ചാത്യമാധ്യമങ്ങള്‍ക്കും ഇത്ര താല്‍പര്യം? ഇതേ നുണ തന്നെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കേരളത്തിലെ മാധ്യമപ്രവര്‍ത്തകന്‍ മാത്യുസാമവലും പല കുറി ആവര്‍ത്തിച്ചു. ഇവര്‍ ഇരുവരും അല്‍പം കൂട്ടിപ്പറഞ്ഞു- ഇന്ത്യയുടെ മൂന്ന് റഫാല്‍ ജെറ്റുകള്‍ വെടിവെച്ചിട്ടു എന്നായിരുന്നു ഇവരുടെ കല്ലുവെച്ച നുണ. ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ അതില്‍ രണ്ടും കൂടി ചേര്‍ത്ത് ഇന്ത്യയുടെ ഏഴ് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നായി മാത്യു സാമുവല്‍.
റഫാല്‍ വാര്‍ത്തയെച്ചൊല്ലി ചൈനയും പാകിസ്ഥാനും ഇടഞ്ഞു
പക്ഷെ ചൈന തന്നെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഈ വീരവാദം ശരിവെയ്‌ക്കാതിരുന്നതോടെ പാകിസ്ഥാന്റെ മുഖം നഷ്ടമായി. ഇതേ ചൊല്ലി ചൈനയും പാകിസ്ഥാനും തമ്മില്‍ ഇടഞ്ഞതായും വാര്‍ത്തയുണ്ട്. ചൈനയുടെ യുദ്ധവിമാനമായ ജെ10സി ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ചുവെന്ന കാര്യം പോലും നിഷേധിച്ച ചൈനയുടെ വിദേശകാര്യവക്താവ് പറഞ്ഞത് ഇന്ത്യ ചൈനയുടെ നല്ല അയല്‍വാസി ആണെന്നാണ്.
ചൈനീസ് വിമാനക്കമ്പനിയുടെ ഓഹരി വില 40 ശതമാനം കൂടിയെന്ന് വ്യാജവാര്‍ത്ത
ജെ10സി എന്ന യുദ്ധവിമാനം നിര്‍മ്മിക്കുന്ന ചൈനീസ് കമ്പനിയുടെ ഓഹരി വില 40 ശതമാനം കുതിച്ചുയര്‍ന്നു എന്നും റഫാല്‍ യുദ്ധവിമാനം നിര്‍മ്മിയ്‌ക്കുന്ന ഡസോള്‍ട്ട് എവിയേഷന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഒരു യുദ്ധവിമാനം മറ്റൊരു യുദ്ധവിമാനത്തെ തകര്‍ത്തു എന്ന വാര്‍ത്തകൊണ്ട് ഒരു കമ്പനിയുടെ ഓഹരി വില 40 ശതമാനം ഉയര്‍ന്നു എന്നത് സാമാന്യ ഓഹരിവിപണിയുടെ യുക്തിക്ക് ചേരുന്നതല്ല.
റഫാലിനെ വെടിവെച്ചിട്ടെന്ന് പ്രചരിപ്പിക്കാന്‍ എന്താണ് പാശ്ചാത്യമാധ്യമങ്ങള്‍ക്ക് തിടുക്കമെന്തിന്?
എന്താണ് ചൈനയ്‌ക്കും സിഎന്‍എന്നിനും ബിബിസിക്കും ഗാര്‍ഡിയനും ന്യൂയോര്‍ക്ക് ടൈംസിനും യൂറേഷയ്‌ക്കും ഇന്ത്യയുടെ റഫാലിനെ വെടിവെച്ചിട്ടെന്ന് സമര്‍ത്ഥിക്കാന്‍ ഇത്ര താല‍്പര്യം? ഒന്ന് ഫ്രാന്‍സിന്റെ ഈ യുദ്ധവിമാനം ഒന്നിനും കൊള്ളില്ലെന്ന് ലോകത്തിന് മുന്‍പാകെ വിളംബരം ചെയ്യല്‍. രണ്ട് ചൈനയുടെ ജെ10 സി എന്ന ചെങ്ഡു യുദ്ധവിമാനം റഫാലിനേക്കാള്‍ മികച്ചതെന്ന് തെളിയിക്കല്‍. ഇതുവഴി ജെ10 സിയുടെ വില്‍പന മറ്റ് രാജ്യങ്ങളിലേക്ക് കൂടി വളര്‍ത്തല്‍.
വാര്‍ത്ത നിഷേധിച്ച് ഡസോള്‍ട്ട് എവിയേഷനും ഫ്ലൈറ്റ് ഗ്ലോബല്‍ ഡോട്ട് കോമും
ഇന്ത്യാ പാക് ഏറ്റുമുട്ടലില്‍ റഫാല്‍ യുദ്ധവിമാനം വെടിവെച്ചിട്ടെന്ന കാര്യം റഫാലിന്റെ നിര്‍മ്മാതാക്കളായ ഡസോള്‍ട്ട് എന്ന കമ്പനി സ്ഥിരീകരിച്ചിട്ടില്ല. റഫാല്‍ ജെറ്റാണെന്ന് അവകാശപ്പെട്ട് സിഎന്‍എന്‍, ബിബിസി, ഗാര്‍ഡിയന്‍ തുടങ്ങിയ പാശ്ചാത്യമാധ്യമങ്ങള്‍ വെടിവെച്ചിട്ട ഒരു വിമാനത്തിന്റെ ചിത്രം മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് ഫ്ലൈറ്റ് ഗ്ലോബല്‍ ഡോട്ട് കോം എന്ന മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കാരണം വെടിവെച്ചിട്ട വിമാനത്തില്‍ കാണിക്കുന്ന ഡസോള്‍ട്ട് എവിയേഷന്‍ എന്ന കമ്പനിയുടെ ലോഗോ വ്യത്യസ്തമാണെന്നും ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. അതുപോലെ ഡസോള്‍ട്ട് എവിയേഷന്റെ ലോഗോ കമ്പനി പതിവായി നല്‍കുന്ന സ്ഥാനത്തല്ല, അല്‍പം സ്ഥാനം തെറ്റിയാണ് ഈ ചിത്രത്തില്‍ കാണിക്കുന്നതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യ റഫാല്‍ വാങ്ങിയത് ഏറെ പഠിച്ചശേഷം
ഇന്ത്യ 28 കോടി ഡോളര്‍ നല്‍കി ഇന്ത്യ റഫാല്‍ ജെറ്റ് ഫ്രാന്‍സില്‍ നിന്നും വാങ്ങുമ്പോള്‍ കൃത്യമായി കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. അമേരിക്കയുടെ എഫ്-35 എന്ന വിമാനവും റഫാല്‍ ജെറ്റും തമ്മില്‍ താരതമ്യ പഠനം നടത്തിയ ശേഷമാണ് ഇന്ത്യ റഫാല്‍ ജെറ്റ് തന്നെ തെരഞ്ഞെടുത്തത്. ഓപ്പറേഷന്‍ സിന്ദൂറില്‍ റഫാല്‍ ജെറ്റ് ഉപയോഗിച്ചു എന്ന് മാത്രമല്ല, പാകിസ്ഥാന് നല്ല പ്രഹരം നല്‍കാന്‍ ഈ യുദ്ധവിമാനത്തിന് സാധിച്ചുവെന്നും ഇന്ത്യ പറയുന്നു.
രാഹുല്‍ഗാന്ധിക്ക് ഒരു വടി കൊടുക്കാന്‍ മോദി വിരുദ്ധ ശൃംഖല
പാകിസ്ഥാനും ചൈനയ്‌ക്കും ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു ആയുധം നല്‍കാന്‍ ഇതുവഴി കഴിയും. മോദി കോടികള്‍ ഒഴുക്കി വാങ്ങിയ റഫാല്‍ ജെറ്റ് ഒന്നിനും കൊള്ളില്ലെന്ന് തെളിയിക്കുക വഴി വീണ്ടും റഫാല്‍ വിവാദം ഉയര്‍ത്താന്‍ രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും ഹിന്ദു ദിനപത്രത്തിനും കഴിയും. തമിഴ്നാട്ടില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഹിന്ദു ദിനപത്രത്തിന്റെ ഉടമകളായ എന്‍.റാമും മുരളിയും റഫാലിനെതിരെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ക്ക് കയ്യും കണക്കുമില്ല. റഫാല്‍ വാങ്ങിയത് പരമാബദ്ധമാണെന്നും ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്നും അവര്‍ വാദിച്ചുനോക്കി. പക്ഷെ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ റഫാല്‍ അഴിമതിക്കഥ പറഞ്ഞ് മോദിയെ തെരഞ്ഞെടുപ്പില്‍ തോല്‍പിക്കാമെന്ന് ഹിന്ദു ദിനപത്രവും രാഹുല്‍ ഗാന്ധിയും കരുതി. പക്ഷെ മോദി അധികാരത്തില്‍ തിരിച്ചെത്തി.
റഫാലിന്റെ വനിതാ പൈലറ്റിനെ പിടിച്ചെന്ന് വ്യാജവാര്‍ത്ത
എന്തിന് ഏറ്റവുമൊടുവില്‍ റഫാല്‍ ജെറ്റ് ഓടിച്ചിരുന്ന വനിതാ പൈലറ്റിനെ പാകിസ്ഥാന്‍ പിടിച്ചു എന്ന് വരെ വ്യാജവാര്‍ത്ത ഇവര്‍ ചമച്ചു. വ്യോമസേനയുടെ റഫാലോടിക്കുന്ന വനിതാ പൈലറ്റായ ശിവാനി സിങ്ങിനെ പാകിസ്ഥാന്‍ പിടികൂടി എന്നതായിരുന്നു മറ്റൊരു വ്യാജവാര്‍ത്ത. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തന്നെ ഇത് ഫാക്ട് ചെക്ക് ചെയ്ത് വ്യാജവാര്‍ത്തായണെന്ന് സ്ഥിരീകരിച്ചിരുന്നു. ശിവാനി സിങ്ങിനെ പാകിസ്ഥാന്‍ പിടിച്ചു എന്ന വാര്‍ത്ത ചിത്രങ്ങള്‍ സഹിതം പാകിസ്ഥാന്‍ അനുകൂല സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. റഫാല്‍ വിമാനം തകര്‍ന്നപ്പോള്‍ പാക് അധീന കശ്മീരിനടുത്ത് വെച്ച് വിമാനത്തില്‍ നിന്നും ശിവാനി സിങ്ങ് പ്രാണരക്ഷാര്‍ത്ഥം പുറത്തുചാടി എന്ന വാര്‍ത്തയും വ്യാജവാര്‍ത്തയാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സ്ഥിരീകരിച്ചിരുന്നു.
2000 കിലോമീറ്റര്‍ വേഗതയില്‍ പറക്കുന്ന റഫാല്‍ ഇന്ത്യയുടെ കയ്യില്‍ ഭദ്രമാണ്
ഇപ്പോള്‍ ഇന്ത്യയുടെ കയ്യില്‍ ഫ്രാന്‍സുമായി കരാര്‍ ഒപ്പുവെച്ചതുപോലെ കാലം തെറ്റാതെ 36 റഫാല്‍ ജെറ്റുകളും എത്തി. ഇത് വ്യോമസേനയുടെ കയ്യില്‍ ഭദ്രമാണ്. ഇതിനായി പ്രത്യേകം പൈലറ്റുമാരെ പരിശീലിപ്പിക്കുക പോലും ചെയ്തു. ഈ റഫാല്‍ ജെറ്റുകള്‍ ഇക്കുറി പാകിസ്ഥാനെ മുറിവേല്‍പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. 2000 കിലോമീറ്റര്‍ വേഗതയില്‍ പറക്കുന്ന റഫാലിനെ മിസൈലുകള്‍ക്ക് മുറിവേല്‍പിക്കുക എളുപ്പമല്ല. മാത്രമല്ല, മറഞ്ഞു പറക്കുന്നതില്‍ അതിവൈദഗ്ധ്യമുണ്ട് റഫാലിന്. 3700 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യത്തിലേക്ക് മിസൈല്‍ പായിക്കാനും കഴിയും. ഇതാണ് പാകിസ്ഥാന്റെ അന്തകനാകാന്‍ റഫാലിന് സാധിച്ചത്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: