തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് റെയില്‍വേക്ക് അനന്ത സാധ്യതകളുണ്ടെന്ന് സതേണ്‍ റെയില്‍വേ മുന്‍ പ്രിന്‍സിപ്പള്‍ ചീഫ് ഓപ്പറേഷന്‍ മാനേജര്‍ എസ്. അനന്തരാമന്‍. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാല്‍ ഗതാഗത സംവിധാനത്തില്‍ കേരളം മുന്നിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ബാലരാമപുരം റെയില്‍വേ സ്റ്റേഷനും വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖവും തമ്മിലുള്ള തുരങ്ക പാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കര്‍ണാടക, ഗോവ, മഹാരാഷ്‌ട്ര തുടങ്ങിയ സ്ഥലങ്ങളിലേക്ക് റെയില്‍ മാര്‍ഗം വേഗത്തില്‍ സാധനങ്ങള്‍ എത്തിക്കാം. 1482 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. സതേണ്‍ റെയില്‍വേയും കെആര്‍സിഎല്ലുമായി അടുത്ത മാസത്തോടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ബാലരാമപുരം സ്റ്റേഷനിലെ ട്രാക്ക് ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായാലുടന്‍ കണ്ടയ്‌നര്‍ യാര്‍ഡ് ജോലികള്‍ ആരംഭിക്കുമെന്നും അടുത്ത വര്‍ഷത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കീഴില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധന ഉണ്ടായി. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് 97 ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇതിലൂടെ റെയില്‍വേയ്‌ക്ക് വലിയ തോതിലുള്ള വരുമാനം ലഭിക്കുന്നുണ്ട്. തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കുന്നതിലൂടെ കന്യാകുമാരിയിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാകും. ഇത് പില്‍ഗ്രിം ടൂറിസത്തിന് ഏറെ ഗുണം ചെയ്യും. സുരക്ഷയുടെ കാര്യത്തില്‍ റെയില്‍വേ ഒരു വിട്ടുവീഴ്ചയ്‌ക്കും തയാറല്ല. 10 വര്‍ഷത്തിനിടയ്‌ക്ക് അപകടങ്ങള്‍ കുറഞ്ഞു. 2014ന് ശേഷമാണ് യാത്രക്കാരന്റെ സുരക്ഷിതത്വത്തിന് റെയില്‍വേ പ്രാധാന്യം നല്‍കി തുടങ്ങിയത്. അതിന് മുന്‍പ് ട്രെയിനപകടങ്ങള്‍ പതിവായിരുന്നു. ട്രെയിനിന്റെ പരിശോധനയ്‌ക്കായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ 26 പീക്ക് ലൈനുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: