കണ്ണുർ: മൃഗ സംരക്ഷണ മേഖലയെ ജനങ്ങളിലേക്കെത്തിച്ച് എന്റെ കേരളം പ്രദര്‍ശന വിപണനമേള. പോലീസ് മൈതാനിയില്‍ നടക്കുന്ന മേളയിലെ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളുകളിലാണ് കോഴി, ആട്, താറാവ് എന്നീ വളര്‍ത്തുമൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്നത്. കൊമ്മേരി ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നുള്ള മലബാറി ആടുകളെയും മുണ്ടയാട് കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നുള്ള പല ഇനങ്ങളിലുമുള്ള കോഴികളെയും പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്.
കൊമ്മേരി ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ മലബാറി ആടുകള്‍. ബ്ലാക്ക് പോളിഷ് ക്യാപ്, പോളിഷ് ക്യാപ്, കൊച്ചിന്‍ ബാന്റം, സില്‍വര്‍ ലേസ്ഡ് ലഗോണ്‍, ഗോള്‍ഡന്‍ സെബ്‌റൈറ്റ് എന്ന വിദേശ കോഴിയിനങ്ങളടക്കം കാട, ഗ്രാമശ്രീ, തലശേരി, ബി വി 380, മില്ലി ഫ്‌ലോര്‍, വൈറ്റ് സില്‍ക്കി, കരിങ്കോഴി, നേക്കഡ് നെക്ക് എന്നീ കോഴി ഇനങ്ങളെയും താറാവുകളെയുമാണ് മുണ്ടയാട് കോഴിവളര്‍ത്തല്‍ കേന്ദ്രം പ്രദര്‍ശനത്തിനെത്തിച്ചത്.
വിരിഞ്ഞ് രണ്ടു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ പ്രത്യേകം ഒരുക്കിയ സംവിധാനത്തില്‍ സംരക്ഷിച്ചാണ് പ്രദര്‍ശിപ്പിക്കുന്നത്. വിവിധ ഫാം ഉപകരണങ്ങളും സംവിധാനങ്ങളും കൂടുകളും പ്രദര്‍ശനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. മുണ്ടയാട് കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നുള്ള മുട്ടയും, കോഴി വളവും സ്റ്റാളില്‍ നിന്ന് നേരിട്ട് വിപണനം നടത്തുന്നുണ്ട്. മൃഗസംരക്ഷണം, പരിപാലനം എന്നിവയുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മേഖലാ മൃഗ രോഗ നിര്‍ണയ ലബോറട്ടറി, മൃഗസംരക്ഷണ പരിശീലന കേന്ദ്രം എന്നിവയുടെ സ്റ്റാളുകളും അനുബന്ധമായി ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: