കോട്ടയം: നിലവിലുള്ള ചീഫ് സെക്രട്ടറി എ ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചുവെന്നാരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിനെ സസ്‌പെന്‍ഡു ചെയ്ത നടപടി ആറുമാസത്തേക്ക് കൂടി നീട്ടിയെങ്കിലും ഇത് സംബന്ധിച്ച് കേന്ദ്രത്തിന്റെ അനുമതി തേടിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സാധാരണഗതിയില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ ആറുമാസത്തില്‍ കൂടുതല്‍ നീട്ടണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി നേടേണ്ടതുണ്ട്. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വാളെടുത്ത പ്രശാന്തിനോടുള്ള പ്രതികാരം ശമിക്കാത്ത പുതിയ ചീഫ് സെക്രട്ടറി തിടുക്കപ്പെട്ട് സസ്‌പെന്‍ഷന്‍ നീട്ടുകയായിരുന്നുവെന്നാണ് അറിയുന്നത്. ശാരദാ മുരളിധരന്‍ ചീഫ് സെക്രട്ടറിയായിരിക്കുമ്പോഴാണ് അന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ജയതിലകും കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന പ്രശാന്തും തമ്മില്‍ പോര്‍മുഖം തുറക്കുന്നത്. ശാരദ മുരളീധരന്‍ റിട്ടയര്‍ ചെയ്ത ഒഴിവില്‍ ജയതിലക് ചീഫ് സെക്രട്ടറിയായതോടെ പ്രശാന്തിനെ കഴിയുന്നത്ര പുറത്തു നിറുത്താനാണ് ശ്രമിക്കുന്നത്. ഇതിന്‌റെ ഭാഗമായാണ് സസ്‌പെക്ഷന്‍ വീണ്ടും നീട്ടാന്‍ തീരുമാനമായത്. ശനിയാഴ്ചയാണ് ആറുമാസം സസ്‌പെന്‍ഷന്‍ കാലാവധി തികഞ്ഞത്.
അതേസമയം സസ്‌പെന്‍ഷന്‍ നീട്ടിയതിനെ പരിഹസിച്ച്് പ്രശാന്ത് വീണ്ടും സോഷ്യല്‍മീഡിയ കുറിപ്പുമായി രംഗത്തു വന്നിരുന്നു.
















