തിരുവനന്തപുരം: കാര്‍ഷിക രംഗത്ത് കേന്ദ്ര പദ്ധതികള്‍ കര്‍ഷകരില്‍ നേരിട്ട് എത്തിക്കുകയെന്ന ലക്ഷ്യത്തില്‍ ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് ഒരുക്കിയ സ്റ്റാളില്‍ അനന്തപുരി 5000 എന്ന കൃഷി സംരംഭക യജ്ഞം. കാര്‍ഷിക മേഖലയില്‍ അഞ്ച് മാസങ്ങള്‍ കൊണ്ട് 5000 സംരംഭങ്ങള്‍ സാധ്യമാക്കി കര്‍ഷകര്‍ക്ക് താങ്ങും തണലുമാവുകയാണ് യജ്ഞം.
സെന്റര്‍ ഫോര്‍ ഇനോവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ) യാണ് കര്‍ഷകരെ സഹായിക്കുന്നത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, പിഎംഎഫ്എംഇ, പിഎംഇജിപി, മുദ്ര ലോണ്‍, അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ , ക്ഷീര വികസന ബോര്‍ഡ്, കന്നുകാലി വികസന ബോര്‍ഡ്, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍,മൃഗസംരക്ഷണ വകുപ്പ്,ഫിഷറീസ് വകുപ്പ് തുടങ്ങിയ പദ്ധതികളാണ് സിസ്സയില്‍ക്കൂടി കര്‍ഷകരില്‍ നേരിട്ട് എത്തിക്കുന്നത്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രത്യേകം സമിതികള്‍ രൂപീകരിച്ചു കൊണ്ടാണ് യജ്ഞത്തിന് തുടക്കം കുറിക്കുന്നത്. സംരംഭത്തിന് വേണ്ട വായ്പ ലഭിക്കുന്നതിന് കര്‍ഷകരെ നേരിട്ട് പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് കാര്യങ്ങള്‍ നീക്കുന്നത്. വായ്പകള്‍ ലഭിക്കുന്നതിലും സംരംഭങ്ങള്‍ തടസ്സമില്ലാതെ വിജയപ്പിക്കുന്നതിനും സിസ്സയുടെ സേവനമുണ്ടാകും. കേന്ദ്ര പിന്തുണയുള്ള പദ്ധതി വായ്പകളില്‍ കര്‍ഷകള്‍ക്ക് രണ്ട്ശതമാനം പലിശ ഇളവും, മൂന്ന് ശതമാനം പ്രോംപ്റ്റ് തിരിച്ചടവ് ഇന്‍സെന്റീവുമുണ്ട്. വാര്‍ഷിക പലിശ നിരക്ക് 4 ശതമാനം മാത്രമാണ്. മുമ്പ് കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പരിധി മൂന്ന് ലക്ഷമായിരുന്നു. കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റില്‍ അഞ്ച് ലക്ഷമായി ഉയര്‍ത്തിയത് കര്‍ഷകര്‍ക്ക് സഹായകമാണെന്നും സിസ്സ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ സി സുരേഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: