വിവാഹം രണ്ട് വ്യക്തികളുടെ കൂടിച്ചേരലിനപ്പുറം വിശ്വാസം, സ്‌നേഹം, പരസ്പര വളര്‍ച്ച എന്നിവയില്‍ അധിഷ്ഠിതമായ ഒരു പങ്കാളിത്തമാണ്. ഇത്തരത്തില്‍ പങ്കാളിത്തവും ബഹുമാനവും ഉള്‍ക്കരുതലുമുള്ള ദമ്പതികളായ ബാപ്പു എന്ന മഹാത്മാ ഗാന്ധിജിയുടെയും ഭാര്യ ബാ എന്ന കസ്തൂര്‍ ബായുടെയും ബന്ധത്തെ അടയാളപ്പെടുത്തുന്ന ഒന്നാണ് രാജി ദിനേഷിന്റെ ബായും ബാപ്പുവും എന്ന പുസ്തകം. ഒരു പുരുഷന്റെ വിജയത്തിന് പിന്നില്‍ എപ്പോഴും സ്ത്രീയുണ്ടാകുമെന്ന സന്ദേശവും ബാപ്പുവിന്റെയും ബായുടെയും കഥയിലൂടെ എഴുത്തുകാരി പകരുന്നുണ്ട്. ബാപ്പുജിയുടെ സ്വാതന്ത്ര്യസമരകാലത്തെ കുറിച്ച് നമ്മള്‍ എല്ലാവരും വായിച്ചുകാണും. വിദ്യാര്‍ത്ഥികള്‍ ഇന്നും ചരിത്ര പുസ്തകങ്ങളില്‍ അത് പഠിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ബാപ്പുവിന്റെ ജീവിതത്തില്‍ ഒരുപാട് സ്വാധീനം ചെലുത്തിയ വ്യക്തിയാരെന്ന് ചോദിച്ചാല്‍ നമ്മള്‍ ഒന്ന് ചിന്തിക്കും. അത് മറ്റാരുമല്ല, ബാപ്പുജിയുടെ പ്രാണേശ്വരിയായ കസ്തൂര്‍ബാ ആണ്. ഈ ദമ്പതികളുടെ ഒരുമയും പരസ്പര ആദരവും വിവിധ കഥാ സന്ദര്‍ഭങ്ങളിലൂടെ എഴുത്തുകാരി വരച്ചുകാട്ടുന്നു. വിവാഹം എന്ന ആജീവനാന്ത യാത്രയില്‍ സമര്‍പ്പണം, സ്ഥിരോത്സാഹം, ബഹുമാനം എന്നിവ വേണമെന്ന ഗുണപാഠം വായനക്കാരന്റെ മനസ്സിലേക്ക് നല്‍കുന്നു.
ദാമ്പത്യത്തിലെ അനിവാര്യമായ വെല്ലുവിളികളെ മറികടക്കാന്‍ ക്ഷമയും സത്യസന്ധതയും നിര്‍ണായകമാണെന്ന് തെളിയിക്കുന്ന ഒരു കഥാസന്ദര്‍ഭമാണ് ബാപ്പു യര്‍വാദ ജയിലില്‍ കഴിയുന്ന സമയം കസ്തൂര്‍ബ കാണാനെത്തുന്നത്. ഇവിടെ ജയിലറുടെ അസാന്നിധ്യത്തില്‍ സംസാരിക്കാന്‍ പോലും കൂട്ടാക്കാതെ നിയമത്തോടുള്ള ബഹുമാനം സൂചിപ്പിച്ച് ഇരുവരും മുന്നേറുന്നത് നമുക്ക് കാണാം. ഹിമാലയത്തിലെ കൗസാനിയില്‍ ബായും ബാപ്പുവും തങ്ങാനെത്തിയ സമയം രാത്രിയില്‍ പുറത്തുകിടന്നുറങ്ങുന്ന ബാപ്പുവിന്റെ അരികിലേക്ക് ഒരു കടുവക്കുഞ്ഞ് എത്തിയതിനെ തുടര്‍ന്ന് അകത്ത് വിശ്രമിക്കുകയായിരുന്ന ബാ, ബാപ്പുവിനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോകാതെ പുറത്തുവന്ന് ബാപ്പുവിന് അരികില്‍ വിശ്രമിക്കുകയായിരുന്നു. ഇവിടെ ഭയത്തിന് തോല്‍പ്പിക്കാനാത്ത ശക്തിയേറിയ സ്‌നേഹബന്ധത്തെ തിരിച്ചറിയാന്‍ സാധിക്കും. ബായുടെയും ബാപ്പുവിന്റെയും വിപതിധൈര്യം എന്നാണ് സന്ദര്‍ഭത്തില്‍ എഴുത്തുകാരി സൂചിപ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പുസ്തക ഏടിലെ ഓരോ കഥാസന്ദര്‍ഭങ്ങളും ദാമ്പത്യജീവിതത്തിലെ ഇവരുടെ ഓരോ ഗുണഗണങ്ങളെയും പ്രതിഫലിപ്പിക്കുന്നു.
ഒരിക്കല്‍ ഗാന്ധിജിയുടെ ജന്മദിനത്തില്‍ സേവാഗ്രാമില്‍ ആളുകള്‍ വേദി അലങ്കരിക്കുന്ന സമയം കസ്തൂര്‍ബ പൂത്താലവും നെയ് വിളക്കും എടുത്തുവെച്ചപ്പോള്‍ ബാപ്പു അതിനെ എതിര്‍ത്തു. കാരണം തിരക്കിയ കസ്തൂര്‍ബയോട് ബാപ്പു ഇങ്ങനെ പറഞ്ഞു. നമുക്ക് ചുറ്റുമുള്ളവരില്‍ ആഹാരമുണ്ടാക്കാനുള്ള എണ്ണ എടുക്കാനില്ലാത്തവരുണ്ട്. അപ്പോഴാണോ ആശ്രമത്തില്‍ നെയ് വിളക്ക്. ഇവിടെ മറ്റുള്ളവര്‍ക്ക് വേണ്ടി സുഖസൗകര്യങ്ങളും ആഢംബരങ്ങളും മാറ്റിവയ്‌ക്കുന്ന ഗാന്ധിജിക്കൊപ്പം ചേര്‍ന്നുനിന്ന ബായ്‌ക്ക് തന്റെ പതിയോടുള്ള ബഹുമാനം വര്‍ധിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ ബാ അസുഖബാധിതയായി കിടക്കുന്ന സമയം നീര്‍ക്കെട്ട് മാറാന്‍ വേപ്പെണ്ണയുമായി ബാപ്പു ബായുടെ അരികിലെത്തി. പിന്നീട് ഇതേ സോസറിന് മുകളില്‍ കോഫി കപ്പ് വച്ചപ്പോള്‍ വേപ്പണ്ണയുടെ ഗന്ധം മാറാന്‍ സഹായി ഉണ്ടായിട്ടും ആ സോസര്‍ പലതവണ ബാപ്പു കഴുകി വൃത്തിയാക്കി. തന്റെ പ്രിയതമയ്‌ക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ ചായ കുടിക്കാന്‍ കഴിയണമെന്ന ആ മനസ്സും ഉത്തരവാദിത്തവും എത്രയോ വിലപ്പെട്ടതാണ്. ഇത് തന്നെയായിരുന്നു കസ്തൂര്‍ബായുടെ ഉള്‍ക്കരുത്ത്.
മാതൃഭൂമിയുടെ സേവനത്തിന് വേണ്ടിയാകണം ജീവിതം എന്ന സന്ദേശമാണ് ബാപ്പുവിന്റെയും ബായുടെയും ജീവിതം നമുക്ക് കാട്ടിത്തരുന്നത്. പരസ്പരമുള്ള സത്യസന്ധതയ്‌ക്ക് ജീവിതത്തില്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്. സ്ത്രീ ഒരിക്കലും പുരുഷന്റെ അടിമയല്ല. മറിച്ച് എന്തും തുറന്നുപറയാന്‍ സ്വാതന്ത്ര്യമുള്ള മിത്രമായിരിക്കണം. സ്ത്രീധനം വാങ്ങുന്നത് മോശം ഏര്‍പ്പാടാണെന്ന് അടിയുറച്ച് വിശ്വസിച്ചിരുന്ന ഗാന്ധിജി സ്ത്രീയെ ധനമായി കാണണമെന്ന് പറയുന്നു. സമാനുഭാവത്തോടെയുള്ള പെരുമാറ്റമാണ് ജീവിതത്തിലെ പ്രധാനഘടകങ്ങളിലൊന്ന്. ആശയവിനിമയം, പൂര്‍ണമായ പിന്തുണ എന്നീ തത്വങ്ങള്‍ ദാമ്പത്യവിജയത്തിനുള്ള ഏണിപ്പടികളായി നാം കണക്കാക്കണമെന്നും കഥയുടെ ഉള്ളടക്കം വിളിച്ചോതുന്നു. ഇത് തന്നെയാണ് പരസ്പരം വിലമതിപ്പുണ്ടാക്കുന്നതും. ഇവിടെ ബായുടെ താല്പര്യങ്ങളെ ബാപ്പുവും ബാപ്പുവിന്റെ ലക്ഷ്യങ്ങളെ ബായും പരസ്പരം തിരിച്ചറിയുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മരണം ഇരുവരെയും വേര്‍പ്പെടുത്തും വരെയും പരസ്പരം നിഴലായി അവര്‍ ജീവിച്ചു. ഇത് തന്നെയല്ലേ ജീവിതം…അല്ല.. ഇതാകണം ജീവിതമെന്ന് തന്നെയാണ് രാജി ദിനേഷ് അക്ഷരങ്ങളിലൂടെ വായനക്കാരന് നല്കുന്ന പാഠം. ഗ്രാമം ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: