നദികള്‍ മലിനമാകുന്ന കേരളത്തിന് മുന്നില്‍ നമാമി ഗംഗ പദ്ധതിയുടെ കഥ പറഞ്ഞ് പ്രോജക്ട് ഡയറക്ട് ജനറല്‍ ആയിരുന്ന ജി. അശോക് കുമാര്‍. ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ജലസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗംഗാ ശുചീകരണത്തിനായി മുമ്പ് പല പദ്ധതികള്‍ കൊണ്ട് വന്നെങ്കിലും അതൊന്നും വേണ്ട ഫലം കണ്ടിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്ന വലിയ പദ്ധതിയാണ് നമാമി ഗംഗ. ഓരോ പട്ടണവും കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇത് വിജയമാക്കിയത്.
2014ല്‍ നമാമി ഗംഗ കൗണ്‍സില്‍ രൂപീകരിച്ചു. ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് പദ്ധതി നടപ്പാക്കി. ആയിരം കോടിയുടെ ഫണ്ട് പാസാക്കാനുള്ള അനുമതി ഈ കൗണ്‍സിലിനുണ്ടായിരുന്നു. ജന്‍ ആന്ദോളന്‍ ജല്‍ ആന്ദോളന്‍ എന്നാണ് പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. നദിയെ മലിനമാക്കുന്ന ഏതൊരു പ്രവര്‍ത്തിയെയും തടയാനുള്ള അധികാരവും കൗണ്‍സിലിനുണ്ടായിരുന്നു. ആയിരം പേരടങ്ങുന്ന ടെറിട്ടോറിയല്‍ ആര്‍മിയും ഗംഗാശുചീകരണത്തില്‍ പങ്കെടുത്തു. 2022 ല്‍ പ്രധാനമന്ത്രി ഗംഗയെ അവരല്‍ ഗംഗ (വെള്ളമൊഴുകുന്ന ഗംഗ), നിര്‍മല്‍ ഗംഗ (ശുദ്ധമായ ഗംഗ), ജന്‍ ഗംഗ, ധ്യാന്‍ ഗംഗ എന്ന് പ്രഖ്യാപിച്ചുവെന്ന് ജി. അശോക് കുമാര്‍ പറഞ്ഞു.
2012ലെ കണക്കുപ്രകാരം 671 ഡോള്‍ഫിനുകളാണ് ആകെയുണ്ടായിരുന്നത്. ഇന്നിപ്പോള്‍ ഗംഗയില്‍ ഡോള്‍ഫിനുകളുടെ എണ്ണം കൂടി വരുന്നു. 2024 ആഗസ്തിലെ കണക്കനുസരിച്ച് ഡോള്‍ഫിനുകളുടെ എണ്ണം 6600 ആയി. ആവാസ വ്യവസ്ഥയ്‌ക്ക് അനുസരിച്ച് നദിയിലെ വെള്ളത്തിന് ഒഴുക്ക് സംഭവിച്ചു. മാലിന്യങ്ങള്‍ നദിയിലേക്ക് വലിച്ചെറിയുന്നത് തടയണം. ജനപങ്കാളിത്തത്തോടും ഭരണസംവിധാനത്തിലൂടെയും മാത്രമേ നദികളെ ശുദ്ധീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കേരളം നദികളുടെ ശ്മശാനഭൂമിയാകുമോ എന്ന ആശങ്ക തള്ളിക്കളയാനാവില്ലെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗവും നമസ്‌തെ കിള്ളിയാര്‍ യാത്രയുടെ നായകനുമായ കുമ്മനം രാജശേഖരന്‍. ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന നമസ്‌തേ കിള്ളിയാര്‍ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല നദികളുടേയും കൈത്തോടുകള്‍ കൈയേറ്റത്തില്‍ അടഞ്ഞ നിലയിലാണ്. ഇത് ഭാവിയില്‍ നാശം ഉണ്ടാക്കാനാണ് സാധ്യത. വെള്ളപ്പൊക്കത്തില്‍ നിന്ന് ജനങ്ങളെ രക്ഷിച്ചിരുന്നത് കൈത്തോടുകളാണ്. ഒരു നദിയില്‍ നിന്ന് മറ്റൊരു നദിയിലേയ്‌ക്ക് വെള്ളം കൈത്തോടുകള്‍ വഴി മാറുമ്പോള്‍ ഉണ്ടാകുന്ന സുരക്ഷിതത്വം ഇന്ന് അന്യമാണ്. മാത്രവുമല്ല വേനല്‍ക്കാലത്ത് പല നദികളും വറ്റിവരളുന്നു. ഇതിന് കാരണം ജലസ്രോതസുകളുടെ നശീകരണമാണ്. മരങ്ങളുടേയും കാവുകളുടേയും നശീകരണം ജലദൗര്‍ലഭ്യത്തിനും വഴിയൊരുക്കുന്നു. ഈ സ്ഥിതി മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രകൃതിയുടെ വരദാനമായ നദികളെ സംരക്ഷിക്കാന്‍ ഓരോ വ്യക്തിയും മുന്നോട്ട് വരണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: