ന്യൂദല്‍ഹി: മോദിയുടെ ഊഷ്മളസൗഹൃദത്താല്‍ പ്രചോദിതനായി റഷ്യന്‍ പ്രസിഡന്‍റ് നല്‍കിയ എസ് 400 ട്രയംഫ് എന്ന വ്യോമപ്രതിരോധ സംവിധാനം പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് ഇരുമ്പുകവചമാണ് നല്‍കിയത്. 35000 കോടി രൂപയ്‌ക്കാണ് അഞ്ച് എസ് 400 സംവിധാനങ്ങള്‍ക്ക് ഇന്ത്യ 2019ല്‍ ഓര്‍ഡര്‍ നല്‍കിയത്. അതായത് ഒരു എസ് 400ന് ഏകദേശം 7000 കോടി രൂപ. പക്ഷെ കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ മൂന്ന് മണിക്കൂറില്‍ 400 ഡ്രോണുകളും 200 ലോയിറ്ററിംഗ് മ്യുനീഷനും അയച്ചപ്പോള്‍ എല്ലാറ്റിനേയും തറപറ്റിക്കാന്‍ കഴിഞ്ഞത് എസ് 400ല്‍ നിന്നും തുരുതുരെ പാഞ്ഞ മിസൈലുകളാണ്. നേറ്റോ ഇതിനെ എസ് എ 21 എന്നാണ് പേരിട്ട് വിളിക്കുന്നത്.
അതുപോലെ പാകിസ്ഥാന്റെ അവാക്സ് എന്ന ആധുനിക റഡാര്‍ വിമാനത്തെയും ഒരു എഫ് 16 എന്ന ആധുനിക വിമാനത്തേയും രണ്ട് ജെഎഫ് 17 വിമാനത്തേയും കൂടി എസ് 400ലെ മിസൈലുകള്‍ തകര്‍ത്തെറിഞ്ഞിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയുടെ പാക് വിരുദ്ധ യുദ്ധത്തിന് നടുനായകത്വം വഹിക്കുന്നത് ഈ എസ് 400 ട്രയംഫ് എന്ന സുദര്‍ശന ചക്രയാണ്.
ഇന്ത്യയിലെത്തിയപ്പോള്‍ എസ് 400 സുദര്‍ശനചക്ര ആയി
ഇന്ത്യയില്‍ റഷ്യയുടെ എസ് 400 എത്തിയതോടെ മോദി ഇതിന് പ്രത്യേകം പേര് നല്‍കി. സുദര്‍ശനചക്ര എന്നാണ് പേര് നല്‍കിയത്. ശ്രീകൃഷ്ണന്റെ സുദര്‍ശനചക്രത്തെ സ്മരിച്ചുകൊണ്ട് ഈ നാമം നല്‍കിയിരിക്കുന്നത്. ഏത് ശത്രുവിനെയും വധിക്കാന്‍ ശേഷിയുള്ള ഉഗ്രശക്തിയുള്ള ആയുധമാണ് ശ്രീകൃഷ്ണന്റെ സുദര്‍ശനചക്ര.
പക്ഷെ ഇതിനിടയില്‍ ഉക്രൈന്‍ യുദ്ധം വന്നതോടെ എസ് 400 ഇന്ത്യയ്‌ക്ക് നല്‍കാന്‍ കഴിയുമോ എന്ന് ആശങ്കയായി. ഇക്കാലയളവില്‍ മോദി പല തവണയാണ് പുടിനെ നേരിട്ട് കണ്ട് എസ് 400ന്റെ കൈമാറ്റം ഉപേക്ഷിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചത്. മോദിയുടെ ഊഷ്മള സൗഹൃദത്തില്‍ നോ പറയാന്‍ പുടിന് സാധിക്കില്ലായിരുന്നു. പ്രത്യേക നിര്‍ദേശം റഷ്യന്‍ ആയുധനിര്‍മ്മാണ ഫാക്ടറികള്‍ക്ക് പുടിന്‍ നല്‍കിയിരുന്നു. ഉക്രൈന്‍ യുദ്ധത്തിനിടയിലും ഇങ്ങിനെ ഒരു അസാധാരണ ഉത്തരവ് നല്‍കിയത് പുടിന് ഇന്ത്യയോടും മോദിയോടും ഉള്ള സ്നേഹം മാത്രമായിരുന്നു. കടുത്ത മാനസിക പിരിമുറുക്കം നിറഞ്ഞ ആ നാളുകളില്‍ 3 എസ് 400 വ്യോമപ്രതിരോധ സംവിധാനം റഷ്യ ഇന്ത്യയില്‍ എത്തിച്ചു. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പ്രത്യേകം പരിശീലനവും നല്‍കി. ഇതാണ് ഇപ്പോള്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് ഏറെ സഹായകരമായത്. അതല്ലെങ്കില്‍ പാകിസ്ഥാനെ മിസൈല്‍, ഷെല്‍,ഡ്രോണ്‍ ആക്രമണങ്ങളില്‍ ഇന്ത്യയുടെ പല നഗരങ്ങളിലും നാശനഷ്ടമുണ്ടാകുമായിരുന്നു.
ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ഉയരുന്ന ഭീഷണികളെ ചെറുക്കാനാണ് ഇന്ത്യ റഷ്യയില്‍ നിന്നും എസ് 400 എന്ന വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം വാങ്ങിയത്.
ഉക്രൈന്‍-റഷ്യ യുദ്ധ പശ്ചാത്തലത്തില്‍ ഇന്ത്യയോട് റഷ്യയില്‍ നിന്നും ആയുധം വാങ്ങാന്‍ പാടില്ലെന്ന് യുഎസ് വിലക്കിയിരുന്നതാണ്. എന്നാല്‍ മോദി ഈ വിലക്കിനെയും അന്ന് യുഎസുമായുള്ള സൗഹൃദത്തിലൂടെ മറികടക്കുകയായിരുന്നു. ഇതിനായി മോദി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും റഷ്യയും തമ്മിലുള്ള സുദീര്‍ഘകാലത്തെ ബന്ധത്തെക്കുറിച്ച് ബോധ്യപ്പെടുത്തി.ഇതോടെ ഈ പ്രതിബന്ധവും മോദി മറികടന്നു. ഇന്ത്യയ്‌ക്ക് എസ് 400 റഷ്യയില്‍ നിന്നും വാങ്ങാന്‍ യുഎസ് പ്രത്യേക അനുവാദം മോദിക്ക് നല്‍കുകയായിരുന്നു.
എന്താണ് എസ് 400ന്റെ പ്രത്യേകതകള്‍?
400 കിലോമീറ്റര്‍ അകലെ വരെയുള്ള മിസൈലുകളെയും ഡ്രോണുകളെയും അടിച്ചുവീഴ്‌ത്താന്‍ എസ് 400ന് സാധിക്കും. അതായത് ചൈനയെയും പാകിസ്ഥാനെയും കവര്‍ ചെയ്യാന്‍ എസ് 400ന് കഴിയും എന്നര്‍ത്ഥം. ഒരേ സമയം 80 മിസൈലുകളെ വരെ അടിച്ചുവീഴ്‌ത്താന്‍ എസ് 400 എന്ന ഈ ഭൂതല-വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനത്തിന് സാധിക്കും. ഇതിന്റെ പ്രഹരശേഷിയും 400 കിലോമീറ്റര്‍ ദൂരം വരെ എത്തി എതിരായി ഉയരുന്ന മിസൈലിനെ തകര്‍ക്കാന്‍ എസ് 400ലെ മിസൈലിന് സാധിക്കും. ഇത്രയും പ്രഹരം ഇത്രയും ദൂരെ വരെ നല്‍കാന്‍ കഴിയുന്നത് ചൈനയ്‌ക്കും പാകിസ്ഥാനും എതിരെ ഇന്ത്യയ്‌ക്ക് ഉപകാരപ്രദമാകുമെന്ന് അറിഞ്ഞ് തന്നെയാണ് മോദി എസ് 400നായി റഷ്യയുടെയും പുടിന്റെയും പിന്നാലെ അലഞ്ഞത്.
ഒരേ സമയം 36 ഭീഷണികളെ നിമിഷത്തിനുള്ളില്‍ ഇതിന് തകര്‍ക്കാന്‍ കഴിയും. 400 കിലോമീറ്ററിനകത്ത് ഇന്ത്യയ്‌ക്ക് നേരെ ഭീഷണിയായി വരുന്ന മിസൈലുകളായാലും ഡ്രോണുകളായാലും അതിനെ തിരിച്ചറിഞ്ഞ് എസ് 400 മിസൈല്‍ മഴയാണ് വര്‍ഷിക്കുക. 2017ലാണ് എസ് 400 ട്രയംഫിനെ റഷ്യ പരിഷ്കരിച്ചത്. ഇത് പ്രകാരം രഹസ്യമായി പറക്കുന്ന വിമാനങ്ങള്‍, ക്രൂസ് മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍, യുദ്ധജെറ്റുകള്‍. ഡ്രോണുകള്‍ എന്നിവയെ അടിച്ചിടാന്‍ പാകത്തില്‍ പല തട്ടുകളിലുള്ള മിസൈല്‍ ആക്രമണം നടത്താനുള്ള ശേഷി റഷ്യ എസ് 400ന് നല്‍കി. ഇതോടെയാണ് എസ് 400 മാരകശേഷിയുള്ള വ്യോമപ്രതിരോധസംവിധാനമായത്.
ഇപ്പോഴിതാ പാകിസ്ഥാന്റെ മിസൈല്‍ ആക്രമണം തടയാന്‍ ഇന്ത്യ ആവനാഴിയിലെ ഈ കരുത്തന്‍ രക്ഷയായി. ഇന്ത്യ എസ് 400 വ്യോമപ്രതിരോധ മിസൈല്‍ സംവിധാനത്തിന് സുദര്‍ശന്‍ ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അവശേഷിക്കുന്ന രണ്ടെണ്ണം 2026ല്‍ ഇന്ത്യയില്‍ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: