ന്യൂദല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ കുറ്റക്കാരനെന്ന് ആഭ്യന്തര സമിതി. ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്നയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ആഭ്യന്തര സമിതിയുടേതാണ് റിപ്പോര്‍ട്ട്.
മാര്‍ച്ച് 25ന് അന്വേഷണം ആരംഭിച്ച സമിതി ഈ മാസം നാലിന് റിപ്പോര്‍ട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കൈമാറി. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധവാലിയ, കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് മൂന്നംഗ സമിതിയില്‍ ഉള്‍പ്പെട്ടിരുന്നത്. ദല്‍ഹി പോലീസ് കമ്മിഷണര്‍ സഞ്ജയ് അറോറ, ദല്‍ഹി ഫയര്‍ സര്‍വീസ് മേധാവി എന്നിവരടക്കം 50 ലധികം പേരുടെ മൊഴികളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജിവെക്കേണ്ടിവരും. രാജിവയ്‌ക്കാന്‍ തയാറായില്ലെങ്കില്‍ റിപ്പോര്‍ട്ട് രാഷ്‌ട്രപതിക്ക് സമര്‍പ്പിക്കുകയും ജസ്റ്റിസിനെ ഇമ്പീച്ച് ചെയ്യാനുള്ള നിര്‍ദേശം നല്‍കാനും സാധിക്കും.
ഹോളി ദിനത്തില്‍ ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപ്പിടിത്തം അണയ്‌ക്കാന്‍ എത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് 15 കോടി രൂപ കണ്ടെത്തിയത്. ഇക്കാര്യം ചര്‍ച്ചയായതോടെ സുപ്രീംകോടതി ആഭ്യന്തര സമിതിയെ അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: