തിരുവനന്തപുരം: കുട്ടികളെ കായിക രംഗത്തേക്ക് കൊണ്ട് വരാന്‍ മാതാപിതാക്കള്‍ തയാറാകണമെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്. ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഇന്ത്യയുടെ ഒളിമ്പിക്‌സ് കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നു എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. കുട്ടികളെ കായിക രംഗത്തേക്ക് കൊണ്ടുവരുന്നതിനായി അവരുടെ മാതാപിതാക്കള്‍ക്ക് ലഘു ക്ലാസ്സുകള്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. അത് കുട്ടികളെ കായിക പരിശീലനത്തിന് അയയ്‌ക്കാനും അവരെ കായികതാരമായി വളര്‍ത്തിയെടുക്കാനും മാതാപിതാക്കളെ പ്രാപ്തരാക്കുന്നു. ഒരു കായിക താരത്തെ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണ് അത്‌ലറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തുന്നത്. അവിടെ പരിശീലനം നേടുന്ന താരങ്ങള്‍ അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്ക് പോകുന്നു. ഇപ്പോള്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്കായി ധാരാളം കോഴ്‌സുകള്‍ നടത്തുന്നുണ്ടെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.
വേണം കൂടുതല്‍ കളിസ്ഥലങ്ങള്‍: യു. വിമല്‍കുമാര്‍
ഒളിമ്പിക്‌സിന് തയാറെടുക്കുന്നതിന് ധാരാളം കളിസ്ഥലങ്ങള്‍ ആവശ്യമാണെന്ന് പ്രകാശ് പദുക്കോണ്‍ ബാഡ്മിന്റണ്‍ അക്കാദമി ഡയറക്ടര്‍ യു. വിമല്‍കുമാര്‍. ഗോപിനാഥ്, ജിമ്മിജോര്‍ജ്, സുരേഷ്ബാബു, ടിനു യോഹന്നാന്‍ എന്നിവരാണ് ഞങ്ങളുടെ ഹീറോസ്. ഒളിമ്പിക്‌സില്‍ മെഡലുകള്‍ നേടാന്‍ കായികതാരങ്ങളെ വളര്‍ത്തിയെടുക്കണം. പണം അതിനൊരു പ്രധാന ഘടകമാണ്. ഒരുതാരത്തിന് 50000 മുതല്‍ 70000 രൂപ വരെ ചെലവഴിച്ചാല്‍ റിസള്‍ട്ട് ഉണ്ടാകും. 2036 ഒളിമ്പിക്‌സാണ് നമ്മുടെ ലക്ഷ്യം. കഴിവുള്ളവരെ കണ്ടെത്തി പരിശീലിപ്പിക്കുകയും അവരുടെ അടിസ്ഥാന സൗകര്യവികസനങ്ങളില്‍ ശ്രദ്ധിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും മെഡലുകള്‍ നേടാം. കുട്ടികള്‍ക്ക് കളിസ്ഥലങ്ങളില്ല, അവിടങ്ങളിലെല്ലാം കെട്ടിടങ്ങളാണ്. എല്ലാ ജില്ലകളിലും ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും പരിശീലന സ്‌റ്റേഡിയങ്ങളും വേണം. കുട്ടികള്‍ ഗ്രൗണ്ടിലേക്ക് വരണം. ചെറിയ കുട്ടികളെ പരിശീലിപ്പിച്ച് അവരെ ഇഷ്ടമുള്ള കായിക ഇനത്തിലേക്ക് തിരിച്ച് വിടണം. ധാരാളം മത്സരങ്ങളും പെണ്‍കുട്ടികളുടെ ചാമ്പ്യന്‍ഷിപ്പുകളും സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മോദി ഈസ് എ സ്‌പോര്‍ട്‌സ്മാന്‍; കല്യാണ്‍ ചൗബേ
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു സ്‌പോര്‍ട്‌സ്മാന്‍ ആണെന്നത് രാജ്യത്തെ കായിക താരങ്ങളുടെ ഏറ്റവും വലിയ ആത്മവിശ്വാസമാണെന്ന് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കല്യാണ്‍ ചൗബേ. കായിക ഭാരതത്തിന് അവസാന അന്‍പത് വര്‍ഷം വളര്‍ച്ചയുടെ കാലമായിരുന്നെങ്കില്‍ അടുത്ത അന്‍പത് വര്‍ഷം വിജയങ്ങളുടേതാണ്. ഒളിംപിക്‌സിന് പുറമെ ഏഷ്യന്‍ ഗെയിംസിലും അത്‌ലറ്റിക്‌സിലും രാജ്യം മുന്നോട്ട് കുതിക്കുന്നു. മത്സരങ്ങള്‍ക്കായി ഇനിയും പല പ്രതിസന്ധികളും മറികടക്കണം. അതിലൊന്നാണ് പ്രഗത്ഭരായ കോച്ചുകളെ പുറത്തു നിന്നെത്തിക്കുക എന്നുള്ളത്. എല്ലാ കായികയിനങ്ങളിലും പ്രഗത്ഭരെ സംഭാവന ചെയ്ത നാടാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു.
ത്രിവര്‍ണ പതാക കായിക ഭാരതത്തിന്റെ കരുത്ത്: പ്രസാദ് മഹന്‍കര്‍
ദേശീയപതാക ഉയര്‍ത്തി വിജയമാഘോഷിക്കുമ്പോള്‍ ലഭിക്കുന്ന വികാരം കായികതാരങ്ങള്‍ക്ക് ഏത് മെഡലിനെക്കാളും മുകളിലാണെന്ന് ക്രീഡാഭാരതി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി പ്രസാദ് മഹന്‍കര്‍. ഒളിംപിക്‌സില്‍ രാജ്യത്തിന് അഭിമാനമായ നേട്ടങ്ങള്‍ നിരവധിയുണ്ടായി. ഇനി കൂടുതല്‍ ഒളിംപിക്‌സ് വിജയങ്ങളിലേക്ക് ഭാരതത്തെ പുതിയ തലമുറ നയിക്കും. രാജ്യമുറ്റുനോക്കുന്ന 2036ലെ ഒളിംപിക്‌സിന് ഒരുങ്ങാന്‍ ഭാരതത്തിന് ഇനിയും സമയമേറെയുണ്ട്. നമ്മുടെ അഭിമാനമായി ഓരോ താരങ്ങളും മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
അടുത്ത ഒളിംപിക്‌സ് ഇന്നത്തെ പത്തു വയസുകാരന്റേത്: ദിനേഷ് നായിക്
അടുത്ത ഒളിംപിക്‌സ് ഇന്നത്തെ പത്തു വയസുകാരന്റേതോ ഒന്‍പതു വയസുകാരന്റേതോ ആണെന്ന് മുന്‍ ഒളിംപ്യനും ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവുമായ ദിനേഷ് നായിക്. ഒരു മെഡല്‍ വിജയിക്കുക എന്നത് അത്ര എളുപ്പമല്ല. ലോകത്തിലെ അഞ്ചാം സാമ്പത്തികശക്തിയായി വളര്‍ന്ന ഭാരതം കായികരംഗത്തും അതേ രീതിയില്‍ കുതിക്കുകയാണ്. എന്‍ജിനീയറിങ്, ഐടി പോലുള്ള പ്രൊഫഷനുകള്‍ തെരയുന്ന പുതു തലമുറ സ്‌പോര്‍ട്‌സിനെയും ഒരു പാഷനായും പ്രൊഫഷനായും സ്വീകരിക്കും. എനിക്കും ഒളിംപിക്‌സില്‍ ഒരവസരമാണ് ലഭിച്ചത്, ആര്‍ക്കും അതേ സാധ്യമാവൂ. അതുകൊണ്ടുതന്നെ പറയാം ഇന്നത്തെ കുരുന്നുകള്‍ക്കുള്ളതാണ് അടുത്ത ഒളിംപിക്‌സെന്ന് ദിനേഷ് നായിക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: