വയനാട്: മുണ്ടക്കൈ – ചൂരല്‍മല അതിജീവിതരുടെ പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ഫാക്ടറിയും കെട്ടിടങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തു.എല്‍സ്റ്റണിലെ 64 ഹെക്ടര്‍ എസ്റ്റേറ്റ് ഭൂമി കെട്ടിടങ്ങളടക്കമാണ് ടൗണ്‍ഷിപ്പിനായി ഏറ്റെടുത്തിരിക്കുന്നത്.
പൂട്ടിയിട്ടിരുന്ന ഫാക്ടറിയുടെ താഴ് തകര്‍ത്താണ് ഉദ്യോഗസ്ഥര്‍ അകത്ത് കടന്നത്. ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സുകള്‍ പ്രതിഷേധം കണക്കിലെടുത്ത് തല്ക്കാലം ഏറ്റെടുക്കേണ്ടെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ അവിടെ വീട് നിര്‍മാണവും തുടങ്ങി.
എസ്റ്റേറ്റിലെ ഫാക്ടറിയും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകളും ഒഴിയാന്‍ ഏഴ് ദിവസത്തെ സമയമാണ് നല്‍കിയിരുന്നത്. ഈ സമയപരിധി കഴിഞ്ഞതോടെയാണ് തഹസില്‍ദാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം എസ്റ്റേറ്റിലെത്തിയത്. ആരും താമസമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞ ഒരു ക്വാര്‍ട്ടേഴ്സിനെ ചൊല്ലി ജീവനക്കാരുമായി തര്‍ക്കമുണ്ടായി. സെക്യൂരിറ്റിയായി ജോലിചെയ്യുന്നയാളാണ് ഇവിടെ താമസിക്കുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഈ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നുവെന്ന് അവകാശപ്പെട്ട ജീവനക്കാരനോട് രണ്ട് ദിവസത്തിനുള്ളില്‍ തൊഴില്‍ രേഖകള്‍ ഹാജരാക്കാന്‍ തഹസില്‍ദാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശമ്പള കുടിശികയും ആനുകൂല്യങ്ങളും ലഭിക്കാതെ ഒഴിയില്ലെന്നാണ് ക്വാര്‍ട്ടേഴ്സുകളിലുള്ള ജീവനക്കാരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: