തായ് പേ :തായ് വാന്‍ ഡോളറിന്റെ മൂല്യം കഴിഞ്ഞ രണ്ട് വ്യാപാര ദിനങ്ങളില്‍ 9 ശതമാനത്തോളം കുതിച്ചുയര്‍ന്നതില്‍ ആശങ്ക. മെയ് ആറ് ചൊവ്വാഴ്ച തായ് വാന്‍ ഡോളറിന്റെ മൂല്യത്തില്‍ 3 ശതമാനം കുറവുവന്നിട്ടുണ്ടെങ്കിലും 2025ല്‍ മാത്രം തായ് വാന്‍ ഡോളറിന്റെ മൂല്യം എട്ട് ശതമാനത്തോളമാണ് ഉയര്‍ന്നിരിക്കുന്നത്. 1981ന് ശേഷം തായ് വാന്‍ ഡോറളിന്റെ മൂല്യത്തില്‍ ഇത്രയും വലിയ കുതിപ്പ് ഉണ്ടായത് ഇതാദ്യമായാണ്.
ട്രംപ് ഏര്‍പ്പെടുത്തിയ വ്യാപാരയുദ്ധം ലോകത്താകമാനം ഒരു സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണോ എന്ന ആശങ്കയാണ് പരക്കുന്നത്. യുഎസ് ഡോളറിന്റെ മൂല്യത്തിലെ അസ്ഥിരത കാരണം ലോകരാഷ്ട്രങ്ങള്‍ ഭ്രാന്തമായാണ് സ്വര്‍ണ്ണം വാങ്ങിസൂക്ഷിക്കുന്നത്. യുഎസ് ഡോളര്‍ തകരുമോ എന്ന ഭയമാണ് സ്വര്‍ണ്ണം എന്ന കൂടുതല്‍ സ്ഥിരതയുള്ള ഒരു ആസ്തിയിലേക്ക് തിരിയാന്‍ ലോകരാഷ്ട്രങ്ങളെ പ്രേരിപ്പിക്കുന്നത്. വിവിധ ലോക്കല്‍ കറന്‍സികള്‍ യുഎസ് ഡോളറിനെതിരെ ക്രമാതീതമായി ശക്തിപ്രാപിക്കുന്നത് സാമ്പത്തികഘടനയില്‍ ആശങ്കയുണ്ടാക്കുന്നത് സ്വാഭാവികമാണ്.
യുഎസ് ഡോളര്‍ കൂപ്പുകുത്തുന്നതാണ് ആശങ്ക പരത്തുന്നത്. അതിനാല്‍ തായ് വാനിലെ കയറ്റുമതി ബിസിനസുകാര്‍ യുഎസ് ഡോളറിന് പകരം തായ് വാന്‍ ഡോളര്‍ ആണ് കൈവശം വെയ്ക്കാന്‍ ഇഷ്ടപ്പെടുന്നത്. തായ് വാനിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ വന്‍തോതില്‍ യുഎസ് ബോണ്ടുകള്‍ വാങ്ങിസൂക്ഷിച്ചിട്ടുണ്ട്. യുഎസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞ് തകര്‍ന്നാല്‍ ഈ നിക്ഷേപങ്ങള്‍ക്ക് കടലാസ് വില പോലും കാണില്ല. അതിനാല്‍ ഈ ഇന്‍ഷുറന്‍സ് കമ്പനികളും യുഎസ് ബോണ്ട് നിക്ഷേപത്തിന് സുരക്ഷിതത്വമേകാന്‍ വന്‍തോതില്‍ തായ് വാന്‍ ഡോളറുകള്‍ വാങ്ങിക്കൂട്ടുകയാണ്. ഇതെല്ലാമാണ് തായ് വാന്‍ ഡോളറിന്റെ മൂല്യം ഉയര്‍ത്തിയത്.
തായ് വാനിലെ സെന്‍ട്രല്‍ ബാങ്കാകട്ടെ തായ് വാന്‍ ഡോളറിന്റെ മൂല്യം കുതിച്ചുയരുന്നത് കണ്ടിട്ടും കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ്. കാരണം യുഎസ് ഡോളറിന്റെ മൂല്യം താഴുകയും തായ് വാന്‍ ഡോളറിന്റെ മൂല്യം ഉയരുകയും ചെയ്താല്‍ ഒരു പക്ഷെ യുഎസ് പ്രസിഡന്റ് ട്രംപിന് വ്യാപാരചുങ്കത്തിന്റെ കാര്യത്തില്‍ തായ് വാനോട് മൃദുവായ സമീപനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് തായ് വാന്‍ കേന്ദ്രബാങ്കിനുള്ളത്. അതിനാലാണ് ലോക്കല്‍ കറന്‍സിയായ തായ് വാന്‍ ഡോളറിന്റെ മൂല്യം ഇത്രയേറെ ഉയര്‍ന്നിട്ടും കയ്യുംകെട്ടി അവര്‍ നോക്കിനില്ക്കുന്നത്. അതേ സമയം തായ് വാന്‍ ഡോളറിന്റെ മൂല്യം ഉയരുന്നത് തായ് വാനിലെ കയറ്റുമതി കമ്പനികളെ പ്രതികൂലമായി ബാധിക്കുകയാണ്. കാരണം അവരുടെ ഉല്പന്നത്തിന്റെ വില സ്വാഭാവികമായും കൂടുന്നതോടെ ഈ ഉല്പന്നം വിദേശവിപണിയില്‍ ആകര്‍ഷകമല്ലാതാകും. ഇത് സെമികണ്ടക്ടര്‍ ചിപുകള്‍ കയറ്റുമതി ചെയ്യുന്ന തായ് വാന്റെ ടിഎസ് എംസി എന്ന കമ്പനിയെ ബാധിക്കുന്നുണ്ട്. ഇവരുടെ ഓഹരി വില രണ്ട് ശതമാനത്തോളമാണ് ഇടിഞ്ഞത്.
ഏഷ്യയിലെ കറന്‍സികള്‍ എല്ലാം യുഎസ് ഡോളറിനെതിരെ കുതിച്ചുയരുകയാണ്. ചൈനയുടെ യുവാനും ഏഴ് ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: