ശ്രീനഗര്‍: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം മെയ് ആറ് ചൊവ്വാഴ്ച പിടികൂടിയ പാക് പൗരന്‍ പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത ഭീകരനാണോ എന്ന് സംശയം. ബൈസരൺ താഴ്വരയ്‌ക്ക് ചുറ്റുമുള്ള കാട് സുരക്ഷാസേന അരിച്ചു പെറുക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ ധരിച്ചിരുന്ന ബുള്ളറ്റ്‌പ്രൂഫ് ജാക്കറ്റാണ് സംശയം ബലപ്പെടുത്തുന്നത്.
അഹമ്മദ് ബിലാൽ എന്നാണ് അറസ്റ്റ് ചെയ്ത ആളുടെ പേര്. പിടികൂടിയ സമയത്ത് ഇയാളുടെ ദേഹത്ത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉണ്ടായിരുന്നു. സുരക്ഷാ സേനയുടെ ചോദ്യങ്ങൾക്ക് ഇയാൾ പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകുന്നത്. ഒരു ഭ്രാന്തനെപ്പോലെ അഭിനയിക്കുകയാണ് അഹമ്മദ് ബിലാല്‍.
എന്തിനാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചത് എന്ന ചോദ്യത്തിനും എവിടെ നിന്നാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ലഭിച്ചത് എന്ന ചോദ്യത്തിനും ഇയാള്‍ വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. ബിലാലിനെ സുരക്ഷാ സേന പൊലീസിന് കൈമാറിയിട്ടുണ്ട്. ഇയാളെ മാനസിക നില എന്തെന്ന് പരിശോധിക്കാനാണ് പൊലീസിന് അഹമ്മദ് ബിലാലിനെ കൈമാറിയത്. പൊലീസ് ഇയാളെ പരിശോധിച്ച് വരികയാണ്.
ഭീകരര്‍ക്ക് ഗതാഗതസൗകര്യവും ഭക്ഷണവും നല്‍കിയ യുവാവ് പിടിക്കപ്പെടും മുന്‍പ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു
അതിനിടെ മെയ് 3ന് പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലില്‍ 23വയസ്സുള്ള ഇംത്യാസ് അഹമ്മദ് മഗ്രായ് എന്ന പേരുള്ള ഒരു യുവാവിനെ സൈന്യം അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുല്‍ഗാമിലെ തങ്കിമാര്‍ഗിലാണ് ഈ യുവാവ് താമസിക്കുന്നത്. പഹല്‍ഗാം ഭീകരര്‍ക്ക് ഇയാള്‍ ഗതാഗതസൗകര്യം ചെയ്തുകൊടുത്തിരുന്നു. ഭീകരര്‍ക്ക് ഇയാള്‍ ഭക്ഷണവും മറ്റ് വിഭവങ്ങളും എത്തിച്ചുകൊടുത്തിരുന്നു. തീവ്രവാദികളുടെ ഒളികേന്ദ്രമെന്ന് പറഞ്ഞ് ഇംത്യാസ് പൊലീസിനെ ഒരിടത്തേക്ക് കൊണ്ടുപോയിരുന്നു. തന്നെ സൈന്യം സംശയിക്കാതിരിക്കാനാണ് ഇയാള്‍ ഇങ്ങിനെ ചെയ്തത്. പക്ഷെ ഈ പ്രദേശത്ത് പിന്നീട് സൈന്യവും പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ സൈന്യമുണ്ടെന്ന് കണ്ട ഇയാള്‍ തൊട്ടടുത്ത ഒരു പുഴയിലേക്ക് ചാടുകയായിരുന്നു. നല്ല നീരൊഴുക്കുള്ള പുഴയായതിനാല്‍ ഇയാള്‍ ഒഴുക്കില്‍പ്പെട്ട് മരിയ്‌ക്കുകയായിരുന്നു.
സൈന്യത്തെ കുഴക്കുന്നത് സങ്കീര്‍ണ്ണമായ പ്രകൃതി
ബൈസാരന്‍ താഴ്വരയ്‌ക്ക് ചുറ്റുമുള്ള കാടും അതിനടുത്തുകൂടെ ഒഴുകുന്ന ചെറുനദികളും ചേരുമ്പോള്‍ തീവ്രവാദികള്‍ക്ക് ഒളിച്ചിരിക്കാനും രക്ഷപ്പെടാനും എളുപ്പം. ഈ സങ്കീര്‍ണ്ണ പ്രകൃതി തന്നെയാണ് സൈന്യത്തെ കുഴക്കുന്നത്. ഒപ്പം പ്രാദേശികയുവാക്കളുടെ പിന്തുണയും കൂടിയാകുമ്പോള്‍ തീവ്രവാദികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്.
ഏപ്രിൽ 22 നാണ് ലഷ്കര്‍ ഭീകരര്‍ കശ്മീരിലെ ബൈസരൻവാലിയിൽ ടൂറിസ്റ്റുകളായി വന്ന ഇന്ത്യക്കാരെ വെടിവെച്ച് കൊന്നത്. 26 പേരെ മതം ചോദിച്ച് മുസ്ലിമല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കൊലപ്പെടുത്തിയത്.
















