Kerala

ഷാജന്‍ സ്‌കറിയയ്‌ക്ക് ജാമ്യം,രാത്രി വീട്ടില്‍ നിന്ന് പിടിച്ചു കൊണ്ടു പോയത് ഭക്ഷണം കഴിക്കവെ ,ഷര്‍ട്ട് ധരിക്കാനും അനുവദിച്ചില്ല

മാഹി സ്വദേശിനി യുവതി നല്‍കിയ കേസിലാണ് ഷാജന്‍ സ്‌കറിയയെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്

Published by

തിരുവനന്തപുരം: പൊലീസിന് കനത്ത തിരിച്ചടിയേകി മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്‌ക്ക് ജാമ്യം. രാത്രി 11.45 ഓടെ ഷാജന്‍ സ്‌കറിയയെ ജഡ്ജിയുടെ വഞ്ചിയൂരിലെ വീട്ടില്‍ ഹാജരാക്കിയപ്പോള്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.

ജാമ്യമില്ലാ വകുപ്പും ചുമത്തിയിരുന്നെങ്കിലും ജുഡീഷ്യല്‍ ഫസറ്റ ക്ലാസ് മജിസട്രേറ്റ് ശ്വേത ശശികുമാര്‍ അദ്ദേഹത്തിന് ജാമ്യം നല്‍കി.

മാഹി സ്വദേശിനി യുവതി നല്‍കിയ കേസിലാണ് ഷാജന്‍ സ്‌കറിയയെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2024 ഡിസംബറില്‍ ഓണ്‍ലൈന്‍ ചാനലിലൂടെ പുറത്തു വിട്ട വീഡിയോയിലൂടെ തന്റെ സ്ത്രീത്വത്തെ അവഹേളിച്ചെന്നും തനിക്ക് വാര്‍ത്ത അവമതിപ്പ് ഉണ്ടാക്കിയെന്നും യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഹണിട്രാപ്പ് കാരിയെന്നും തട്ടിപ്പുകാരിയെന്നും വാര്‍ത്ത നല്‍കിയെന്നാണ് യുവതിയുടെ പരാതി.യു എഇയില്‍ പഠിച്ച് അവിടെ ബാങ്കില്‍ ജോലി ചെയ്ത തനിക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.

കുടപ്പനക്കുന്നിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് തിങ്കളാഴ്ച രാത്രി 8.30 ഓടെ പൊലീസ് നാടകീയമായി ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്തത്. ഷര്‍ട്ട് പോലും ധരിക്കാന്‍ അനുവദിക്കാതെയാണ് അദ്ദേഹത്തെ തൈക്കാടുളള സൈബര്‍ പൊലീസ് ഓഫീസിലേക്ക് കൊണ്ടു പോയത്.ലുങ്കി മാത്രമാണ് ഷാജന്‍ സ്‌കറിയ ധരിച്ചിരുന്നത്.

എരുമേലിയിലെ വീട്ടില്‍ നിന്നും മാതാപിതാക്കളെ തിങ്കളാഴ്ച വിളിച്ചു കൊണ്ടു വരവെ തന്നെ പൊലീസ് പിന്തുടര്‍ന്നിരുന്നുവെന്ന് വൈദ്യപരിശോധനയ്‌ക്ക് കൊണ്ടു പോകവെ ഷാജന്‍ സ്‌കറിയ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസെന്തെന്ന് പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.പിണറായിസം തുലയട്ടെയെന്നും വേട്ടയാടലാണെന്നും ഷാജന്‍ സ്‌കറിയ പ്രതികരിച്ചു.

ജഡ്ജിയുടെ വീടിന് മുന്നില്‍ എത്തിയപ്പോഴാണ് ഷര്‍ട്ട് ധരിക്കാന്‍ പൊലീസ് ഷാജന്‍ സ്‌കറിയയെ അനുവദിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക